Skip to main content

കര്‍ഷക നിയമങ്ങള്‍ക്കെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പി മാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്. മൂന്ന് നേതാക്കള്‍ക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ അനുമതി നല്‍കിയത്.

വ്യാഴാഴ്ച രാവിലെ 10.30നാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനിരുന്നത്. വിജയ് ചൗക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. രാഷ്ട്രപതിയെ കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കാനും തീരുമാനിച്ചിരുന്നു. രണ്ട് കോടി ആളുകള്‍ ഒപ്പിട്ട നിവേദനം നല്‍കാനാണ് തീരുമാനിച്ചിരുന്നത്.

എ.ഐ.സി.സി. ആസ്ഥാനത്ത് നിന്ന് രണ്ട് ബസുകളിലായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം വിജയ് ചൗക്കിലേക്കെത്തി, ഇവിടെ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു പദ്ധതി. കേരളത്തില്‍ നിന്ന് ശശി തരൂര്‍, കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്‍, ടി.എന്‍.പ്രതാപന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എന്നിവരാണ്  കേരളത്തില്‍ നിന്ന് മാര്‍ച്ചില്‍ പങ്കെടുക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് എം.പി.മാര്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.