ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം മുടക്കിയത് ബി.ജെ.പി

Glint desk
Thu, 27-08-2020 11:42:13 AM ;

ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിനായി രാജ്യത്ത് ഏറ്റവും കൂടുതല്‍ പണം മുടക്കിയത് ബിജെപിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 18 മാസത്തിനിടെ 4.61 കോടി രൂപയാണ് ഇതിനായി ബിജെപി ചെലവാക്കിയതെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ഫെബ്രുവരി മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കണക്കാണ് പുറത്തുവന്നത്. സാമൂഹിക വിഷയങ്ങള്‍, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം എന്നീ വിഭാഗങ്ങളിലായായിരുന്നു ബിജെപി പരസ്യങ്ങള്‍ നല്‍കിയത്.

പരസ്യങ്ങള്‍ക്ക് കൂടുതല്‍ തുക ചെലവാക്കിയവരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നാലും ബിജെപിയുമായി ബന്ധമുള്ളവരാണ്. ഡല്‍ഹിയിലെ ബിജെപിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ അഡ്രസാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. 

പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസ് ഇക്കാലയളവില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി 1.84 കോടി രൂപ ചെലവാക്കിയിട്ടുണ്ട്.ഏറ്റവും കൂടുതല്‍ തുക ചെലവാക്കിയവരുടെ ആദ്യ പത്തില്‍ ആംആദ്മി പാര്‍ട്ടിയും ഇടംപിടിച്ചിട്ടുണ്ട്. 69 ലക്ഷം രൂപയാണ് ഇക്കാലയളവില്‍ എഎപി രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവാക്കിയത്. 

മറ്റ് പരസ്യങ്ങളുടെ പട്ടികയില്‍ ന്യൂസ് പ്ലാറ്റ്ഫോമായ ഡെയ്ലി ഹണ്ട് 1 കോടി രൂപയും, ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാര്‍ട്ട് 86.43 ലക്ഷം രൂപയും ചെലവാക്കിയിട്ടുണ്ട്.

Tags: