ബി.ജെ.പി നേതാക്കളെ ഭയം; വര്‍ഗീയ പരമാര്‍ശത്തിനെതിരെ ഫേസ്ബുക്ക് നടപടിയെടുത്തില്ലെന്ന് റിപ്പോര്‍ട്ട്

Glint desk
Sun, 16-08-2020 12:41:19 PM ;

ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായി ഫേസ്ബുക്ക് നിലപാട് സ്വീകരിക്കുന്നതായി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ സിങ്ങിനെ ഫേസ്ബുക്കില്‍നിന്ന് വിലക്കാതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അന്‍ഖി ദാസ് ഇടപെട്ടുവെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്  ചെയ്യുന്നത്. 

ഈ വിഷയം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥരും ബിജെപിയും തമ്മിലുള്ള അടുത്ത ബന്ധമാണ് ഇത് കാണിക്കുന്നതെന്നും ഇത് ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

അക്രമങ്ങള്‍ക്ക് ഇടയാക്കുന്ന വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷജനകമായ ഉള്ളടക്കങ്ങളും തടയുക എന്നത് ഫേസ്ബുക്കിന്റെ നയമാണ്. രാഷ്ട്രീയവും പാര്‍ട്ടി ബന്ധങ്ങളും പരിഗണിക്കാതെ ലോകമൊട്ടുക്കും ഈ നയം നടപ്പാക്കുകയെന്നാണ് കമ്പനിയുടെ നിലപാടെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

Tags: