Skip to main content

ഡല്‍ഹിയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും അവധി സര്‍ക്കാര്‍ റദ്ദാക്കി. അവധിയിലുള്ള മുഴുവന്‍ ജീവനക്കാരും അടിയന്തിരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഒഴിച്ചു കൂടാനാവാത്ത സാഹചര്യമുള്ളവര്‍ക്ക് മാത്രം അവധി അനുവദിച്ചാല്‍ മതിയെന്നും തീരുമാനം.

കൊവിഡ് രോഗികളെ ഹോം ക്വാറന്റൈനില്‍ അയയ്ക്കുന്നതിന് മുമ്പായി 5 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കണമെന്ന ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാളിന്റെ നിര്‍ദേശത്തിന് പിന്നാലെയാണ് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ലഭ്യമാക്കാന്‍ ജീവനക്കാരുടെ അവധി സര്‍ക്കാര്‍ റദ്ദാക്കിയത്. എന്നാല്‍ ഡല്‍ഹിക്ക് മാത്രം പ്രത്യേക കൊവിഡ് മാര്‍ഗനിര്‍ദേശം നല്‍കിയ ലഫ്.ഗവര്‍ണറുടെ തീരുമാനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ കൊവിഡ് രോഗികള്‍ക്കുമായി ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തുക എളുപ്പമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. 

ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡല്‍ഹിയിലാണ്. നിലവില്‍ 53,116 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 2,035 മരണവും റിപ്പോര്‍ട്ട് ചെയ്തു.