Skip to main content

ജൂണ്‍ 15 മുതല്‍ രാജ്യമാകെ വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് വ്യാജ വാര്‍ത്തയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഒരു ഹിന്ദി ടെലിവിഷന്‍ ന്യൂസ് ചാനലിന്റെ പേരിലാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ വ്യാജവാര്‍ത്താ പ്രതിരോധ സംവിധാനമാണ് ഈ കാര്യം ട്വീറ്റ് ചെയ്തത്. 

'ജൂണ്‍ 15 മുതല്‍ വീണ്ടും രാജ്യം പൂര്‍ണമായി അടച്ചിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സൂചന നല്‍കി. തീവണ്ടി, വ്യോമ ഗതാഗതം നിര്‍ത്തിവെക്കും. കൊവിഡ് 19 രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന വന്നതോടെയാണ് തീരുമാനം' ഇതാണ് പ്രചരിച്ചു കൊണ്ടിരിക്കുന്ന വ്യാജ സന്ദേശം. 

സീ ന്യൂസിന്റെ ദൃശ്യത്തില്‍ സന്ദേശം വ്യാജമായി എഴുതി ചേര്‍ത്താണ് പ്രചാരണം നടക്കുന്നത്. രാജ്യവ്യാപകമായി ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ഡൗണ്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു എന്നും ചില സമൂഹമാധ്യമ ഫോര്‍വേഡുകളിലുണ്ട്.