Skip to main content

പാലക്കാട് ജില്ലയില്‍ ഗര്‍ഭിണിയായ ആന വായില്‍ സ്‌ഫോടക വസ്തുപൊട്ടി ചരിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് മനേക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ്(പി.എഫ്.എ) വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്. https://www.peopleforanimalsindia.org/, http://blog.peopleforanimalsindia.org/ എന്നീ സൈറ്റുകളാണ് ഹാക്ക് ചെയ്തത്.

ആനയുടെ വിധിയില്‍ അതീവ ദുഃഖമുണ്ട്. ആന ചരിഞ്ഞ സംഭവത്തില്‍ അത് പാലക്കാട് ആണെന്ന് വ്യക്തമായി അറിഞ്ഞിട്ടും മലപ്പുറം ജില്ലയിലാണ് എന്ന പ്രചാരണം അത്ര നിഷ്‌കളങ്കമായ പ്രതികരണമായി കാണാന്‍ കഴിയുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താക്കള്‍ ഈ ഒരു വിഷയത്തെ വര്‍ഗീയവല്‍ക്കരിച്ചു നമ്മുടെ നാടിനെ അപമാനിക്കുന്നത് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല എന്ന് കേരള സൈബര്‍ വാരിയേഴ്‌സ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പ്രസ്താവനകള്‍ക്ക് പിന്നില്‍ മൃഗസ്‌നേഹം തന്നെയാണോ എന്ന് സംശയിക്കുന്നതായി പറഞ്ഞ കേരള സൈബര്‍ വാരിയേഴ്‌സ് കുറ്റക്കാരെ കണ്ടെത്തിയാല്‍ മാതൃകാപരമായി ശിക്ഷിക്കണം എന്ന് സര്‍ക്കാരിനോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യര്‍ത്ഥിച്ചു.

ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം ജില്ല മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് കുപ്രസിദ്ധമാണെന്നുമാണ് മുന്‍ കേന്ദ്ര മന്ത്രിയും മൃഗസംരക്ഷണ പ്രവര്‍ത്തകയും ബി.ജെ.പി നേതാവുമായ മനേകാ ഗാന്ധി പറഞ്ഞത്. മൃഗങ്ങളോടുള്ള ക്രൂരതകള്‍ തുടരുമ്പോഴും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും മനേക പറഞ്ഞു.