പട്ടാപ്പകല്‍ ഡല്‍ഹിയിലെ ജഗത്പുരി മേഖലയില്‍ തെരുവ് കച്ചവടക്കാരന്‍ വില്‍പ്പനയ്ക്ക് എത്തിച്ച മാങ്ങകള്‍ മോഷ്ടിച്ച് നാട്ടുകാര്‍. ഉന്തുവണ്ടിയില്‍ കച്ചവടം നടത്തിയിരുന്ന ചോട്ടു എന്ന ആളിനോട് ജഗത്പുരി സ്‌ക്കൂളിന് സമീപം കച്ചവടം ചെയ്യുന്നതിനിടെ ചിലര്‍ ഉന്തുവണ്ടി മാറ്റിയിടാന്‍ ആവശ്യപ്പെട്ടു. ഉന്തുവണ്ടി മാറ്റിയിടുന്ന സമയത്താണ് സ്‌ക്കൂളിന് സമീപം റോഡ് സൈഡില്‍ വച്ചിരുന്ന ബോക്‌സുകളില്‍ നിന്ന് നാട്ടുകാര്‍ മാങ്ങ മോഷ്ടിച്ചത്. കയ്യിലും ഹെല്‍മെറ്റിലും ബാഗിലുമായി കിട്ടാവുന്ന അത്രയും മാങ്ങകളാണ് നാട്ടുകാര്‍ എടുത്ത് കൊണ്ട് പോയത്. കച്ചവടക്കാരന്‍ മാറിയ സമയത്ത് ചിലര്‍ സംഘം ചേര്‍ന്ന് മോഷ്ടിക്കുകയായിരുന്നു എന്നും ആളുകള്‍ മാങ്ങയ്ക്കായി തിരക്ക് കൂട്ടിയതോടെ ഇവിടെ ഗതാഗത തടസം നേരിട്ടതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
വില്‍പ്പനയ്ക്കായി എത്തിച്ച 5 കാര്‍ട്ടണ്‍ മാങ്ങ മോഷണം പോയതോടെ മുപ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കച്ചവടക്കാരന്‍ പറയുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് കച്ചവടം കുറഞ്ഞിരുന്ന സമയത്ത് നടന്ന മോഷണം തന്നെ നടുവൊടിച്ച നിലയില്‍ എത്തിച്ചതായി ചോട്ടു എന്‍.ഡി.ടി.വിയോട് പറഞ്ഞു. പോലീസില്‍ പരാതി നല്‍കി എങ്കിലും ഇതുവരെയും നടപടി ഒന്നും ഉണ്ടായില്ല എന്നും ചോട്ടു പറഞ്ഞു. ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ആളുകള്‍ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുമെന്ന് കച്ചവടക്കാരന്‍ പറഞ്ഞു.