വധശിക്ഷയ്ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി നിര്‍ഭയകേസ് പ്രതികള്‍. രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞതോടെ രാജ്യാന്തര നീതിന്യായ കോടതിയെ (ഐ.സി.ജെ)സമീപിച്ചിരിക്കുകയാണ് പ്രതികളെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതികളായ അക്ഷയ്, പവന്, വിനയ് എന്നിവരാണ് വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി ഐ.സി.ജെയെ സമീപിച്ചത്.
നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിങ് വധശിക്ഷയ്ക്കെതിരെ വീണ്ടും തിരുത്തല്‍ ഹര്‍ജിയ്ക്ക് അനുമതി തേടി നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ നീക്കം. മുകേഷിന് ഇനി യാതൊരു രക്ഷാമാര്‍ഗ്ഗവും ബാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്. 4 പ്രതികളെയും മാര്‍ച്ച് 20ന് രാവിലെ 5.30ന് തൂക്കിലേറ്റാനുള്ള മരണവാറന്റ് പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
മുകേഷ് കുമാര്‍, പവന് ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നീ പ്രതികള്‍ക്ക് നാലാം തവണയാണ് മരണവാറന്റ് പുറപ്പെടുവിക്കുന്നത്. ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഇവരുടെ ഹര്‍ജികള്‍ പരിഗണനയില്‍ ഇരുന്നതിനാല്‍ റദ്ദാക്കുകയായിരുന്നു. 4 പേരുടെയും ദയാഹര്‍ജി രാഷ്ട്രപതിയും തള്ളിയിരുന്നു.
2012 ഡിസംബര്‍ 16നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. 23 വയസ്സുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ഓടുന്ന ബസ്സില്‍ വച്ച് ആറുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് റോഡിലേക്കെറിയുകയായിരുന്നു. ചികില്‍സയ്ക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ചാണ് വിദ്യാര്‍ത്ഥിനി മരണപ്പെടുന്നത്.