Skip to main content

Nirbhaya Convicts

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകും. വധശിക്ഷ 22ന് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയതിനാലാണ് വധശിക്ഷ വൈകുന്നത്. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്‌ക്കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഓരോ പ്രതികള്‍ വെവ്വേറെ ദയാഹര്‍ജി നല്‍കുന്നത് നിരാശനകമാണെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 

ദയാഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കാനുണ്ടായ കാലതാമസത്തെ കോടതി ചോദ്യം ചെയ്തു. കൂടാതെ നിയമ വ്യവസ്ഥയെ പ്രതികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി വിമര്‍ശിച്ചു. 

മുകേഷ് സിങിന്റെയും കൂട്ടുപ്രതി വിനയ് ശര്‍മ്മയുടെയും തിരുത്തല്‍ ഹര്‍ജികള്‍ ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇന്നലെ തന്നെ മുകേഷ് സിങ് രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹര്‍ജിക്ക് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. 

ജനുവരി 22ന് രാവിലെ 7മണിക്കാണ് വധശിക്ഷ നടപ്പാക്കേണ്ടിയിരുന്നത്.