ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കും. രാവിലെ 7 മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക. കേസിലെ 4 പ്രതികളെയാണ് തൂക്കിലേറ്റാന്‍ വിധിച്ചിരുന്നത്. സംഭവം നടന്ന് 7 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്.
ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ജഡ്ജി പ്രതികളുമായി സംസാരിച്ചു. വധശിക്ഷക്കെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്ന് പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് എന്നിവര്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നത് മരണവാറന്റ് പുറപ്പെടുവിക്കുന്നതിന് തടസ്സമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കരുതെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികളിലൊരാളായ അക്ഷയ് സിങ് നല്‍കിയ ഹര്‍ജി ഡിസംബര്‍ 18 ന് സുപ്രീം കോടതി തള്ളിയിരുന്നു.
2012 ഡിസംബര്‍ 16 ന് രാത്രി 9 മണിക്ക് ഡല്‍ഹി വസന്ത് വിഹാറില്‍ ഓടിക്കോണ്ടിരുന്ന ബസ്സില്‍ വച്ചാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍ക്കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് വിദഗ്ധ ചികില്‍സക്കിടെ ഡിസംബര്‍ 29 ന് പെണ്‍ക്കുട്ടി മരണമടയുകയായിരുന്നു.