ഊര്‍ജിത് പട്ടേലിന്റെ രാജിയെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായ ശക്തികാന്തദാസിനെതിരെ ബി.ജെ.പിയില്‍ നിന്ന് തന്നെ വിമര്‍ശനം. മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ശക്തികാന്തദാസിന്റെ നിയമനത്തിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രിക്ക് കത്തുനല്‍കി. മുന്‍ധനമന്ത്രി പി. ചിദംബരത്തിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കുകയും എയര്‍സെല്‍ മാക്സിസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ സഹായിക്കുകയും ചെയ്ത വ്യക്തിയെ എന്തുകൊണ്ടാണ് ആര്‍.ബി.ഐ ഗവര്‍ണര്‍സ്ഥാനത്ത് നിയമിച്ചതെന്നറിയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ചോദിക്കുന്നു.
സാമ്പത്തിക വിദഗ്ധനല്ലാത്ത, വെറും ഉദ്യോഗസ്ഥനായ, നോട്ട് നിരോധനത്തെ പിന്തുണച്ച ശക്തികാന്തദാസിന്റെ പ്രവര്‍ത്തനം പ്രധാനമന്ത്രിയുടെ ഇങ്കിതത്തിനനുസരിച്ചാവുമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനത്തെ പരസ്യമായി പിന്തുണച്ച ആളാണ് ശക്തികാന്ത്.
സമൂഹമാധ്യമങ്ങളിലും ശക്തികാന്തദാസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ സാമ്പത്തിക രംഗത്തെ പ്രവര്‍ത്തന പരിചയത്തെ കുറിച്ച്. രഘുറാം രാജന്‍, ഊര്‍ജിത് പട്ടല്‍ തുടങ്ങി മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍മാരെപ്പോലെ ശക്തികാന്ത ദാസിന് ബിസിനസിലോ സാമ്പത്തികശാസ്ത്രത്തിലോ ബിരുദമില്ലെന്നതാണ് ഈ ചര്‍ച്ചകളുടെ കാരണം. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദമാണ് ശക്തികാന്ത ദാസിന്റെ യോഗ്യതെയെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ വ്യക്തമാക്കുന്നു.
അതേ സമയം, മുന്‍ സാമ്പത്തികകാര്യ സെക്രട്ടറിയായ ശക്തികാന്തദാസ് ഔദ്യോഗികകാലം മുഴുവന്‍ ധനകാര്യ മാനേജ്മെന്റ് രംഗത്താണ് പ്രവര്‍ത്തിച്ചത് എന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറയുന്നു.