കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ലോക കിരീടം ഇക്കുറി കൈപ്പിടിയിലാക്കാം എന്ന സ്വപ്‌നത്തോടെയാണ് അര്‍ജന്റീനയും മെസ്സിയും റഷ്യയിലേക്ക് തിരിച്ചത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ഐസ്ലന്‍ഡിനോട് സമനില വഴങ്ങിയ മുന്‍ ചാംപ്യന്മാര്‍ രണ്ടാം മത്സരത്തില്‍ മൂന്ന് ഗോളിന് ക്രൊയേഷ്യയോട് തോറ്റ് പുറത്താകലിന്റെ ഘട്ടം വരെയെത്തി. പക്ഷേ അവസാന ഗ്രൂപ്പ് മത്സരത്തില്‍ മത്സരത്തില്‍ നൈജീരിയയെ 2-1ന് തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു. ഐസ്ലന്‍ഡ് ക്രൊയേഷ്യയുമായുള്ള മത്സരത്തില്‍ പരാജയപ്പെട്ടില്ലായിരുന്നു എങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു.
ഇനി അതെല്ലാം മറക്കാം. പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ ഫ്രാന്‍സാണ് അര്‍ജന്റീനയുടെ എതിരാളി. ഫ്രഞ്ച് പടയെ മറികടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ടീമെന്ന നിലയില്‍ ശക്തരാണവര്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ട് ജയവും ഒരു ഗോള്‍രഹിത സമനിലയുമായിട്ടാണ് ഫ്രാന്‍സിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. എന്നാല്‍ സ്ട്രൈക്കറായ അന്റോണിയോ ഗ്രീസ്മാന്‍ ഫോമിലേക്കുയര്‍ന്നിട്ടില്ല എന്നത് അവരെ സംബന്ധിച്ച് പോരയ്മ തന്നെയാണ്. ചുരുക്കി പറഞ്ഞാല്‍ അര്‍ജന്റീന പണിപ്പെടേണ്ടി വരും ക്വാര്‍ട്ടര്‍ പ്രവേശനത്തിന്.
തുടക്കത്തിലില്ലാതിരുന്ന ഒത്തിണക്കം ഒരു പരിധി വരെ അവസാന മത്സരത്തില്‍ അര്‍ജന്റീന ആര്‍ജിച്ചിട്ടുണ്ട്. ടീമായുള്ള കളിയാണ് ഇനി വേണ്ടത്, മെസ്സിയില്‍ മാത്രം ഊന്നാതെ. ഹിഗ്വയെന്‍ പ്രതീക്ഷയ്‌ക്കൊത്ത് ഇനിയെങ്കിലും ഉയരണം. കഴിഞ്ഞ കളികളില്‍ മെസ്സിയും മറ്റ് മധ്യ നിര താരങ്ങളും നല്‍കിയ ഗോളാക്കാന്‍ സാധ്യമായിരുന്ന നിരവധി അവസരങ്ങള്‍ ഹിഗ്വയെന്‍ നഷ്ടപ്പെടുത്തുകയുണ്ടായി. അത് ഇനി ആവര്‍ത്തിക്കാതിരക്കണം. പ്രതിരോധവും ശക്തമാക്കണം, പരുക്കനാവാതെ.
മെസ്സിയുടെ കാര്യത്തിലേക്ക് വന്നാല്‍ അദ്ദേഹത്തിന് കൂടുതല്‍ ഉണര്‍വ് വന്നിരിക്കുന്നു. പരിഹസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും മിശിഹ നൈജീരിയക്കെതിരെയുള്ള മത്സരത്തില്‍ വലതുകാല്‍ കൊണ്ട് മറുപടി നല്‍കിയിരുന്നു. മെസ്സി നായകന്റെ നിലയിലേക്ക് ഉയരുന്നതും അവസാന മത്സരത്തില്‍ നാം കണ്ടു. അതിനെ കവച്ചു വയ്ക്കുന്ന പ്രകടനം അടുത്ത മത്സരത്തിലുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് വൈകീട്ട് 7.30 നാണ് മത്സരം.