പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷം: സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ച് കൊന്നു

Glint Staff
Mon, 14-05-2018 11:49:45 AM ;
Kolkata

west-bengal-election

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വ്യാപക സംഘര്‍ഷം. സൗത്ത് 24 പര്‍ഗാനയില്‍ സി.പി.എം പ്രവര്‍ത്തകനെയും ഭാര്യയെയും തീവെച്ച് കൊന്നു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. കൂച്ച് ബഹര്‍ ജില്ലയിലെ ഒരു പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. നിരവധി സ്ഥലങ്ങളില്‍ ബൂത്ത് കൈയേറ്റവും നടക്കുന്നുണ്ട്.

 

രണ്ട് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. പലയിടങ്ങളിലും വോട്ടര്‍മാരെ ബൂത്തുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുന്നതായും അക്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഭന്‍നഗറില്‍ മാധ്യമപ്രവര്‍ത്തകരുടെ വാഹനത്തിന് തീവെക്കുകയും കാമറകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെ പല വോട്ടിങ് കേന്ദ്രങ്ങളിലും പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല.

 

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ഘട്ടം മുതല്‍ ബംഗാളില്‍ അക്രമസംഭവങ്ങള്‍ ആരംഭിച്ചിരുന്നു. ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത അക്രമങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ബിജെപിയും കോണ്‍ഗ്രസും നേരത്തെ ആരോപിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തു നടക്കുന്ന അവസാന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഈ തിരഞ്ഞെടുപ്പിന് കല്‍പിക്കുന്നത്.

 

 

Tags: