ഇറാഖിലെ മുസോളില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് സുഷമ സ്വരാജ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ടിരിക്കുകയായിരുന്നു.
ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ ഇന്ത്യക്കാരുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. 2014ലില്‍ ആണ് ഇവരെ ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. പഞ്ചാബ്, ഹിമാചല്‍, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവരെല്ലാം.
40 പേരെയാണ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍പിന്നീട് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരുടെ കൂടെ മുസ്ലീമായി വേഷം മാറിയാണ് രക്ഷപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള 46 നഴ്‌സുമാരും ഇതേ സമയത്താണ് ഐഎസിന്റെ തടവിലാക്കപ്പെടുകയും ദിവസങ്ങള്‍ നീണ്ട ഇടപെടലുകളിലൂടെ അവരെ രക്ഷിക്കാന്‍ കഴിഞ്ഞതും.