സ്ത്രീധനത്തുക നല്‍കിയില്ല: ഭര്‍ത്താവ് ഭാര്യയുടെ വൃക്ക വിറ്റു

Glint staff
Wed, 07-02-2018 02:51:01 PM ;
kolkata

 dowry

സ്ത്രീധനം നല്‍കിയില്ലെന്നാരോപിച്ച് യുവതിയുടെ വൃക്ക വിറ്റ ഭര്‍ത്താവും ഭര്‍തൃസഹോദരനും അറസ്റ്റില്‍. പശ്ചിമ ബംഗാളിലാണ് സംഭവം, സ്ത്രീധനത്തുകയായ രണ്ട് ലക്ഷം രൂപ നല്‍കിയില്ലെന്ന കാരണത്താലാണ് ബിശ്വജിത്ത് സര്‍ക്കാരും സഹോദരനും ചേര്‍ന്ന് ഭാര്യയുടെ വൃക്ക വിറ്റത്.

 

അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയയ്‌ക്കെന്ന പേരില്‍ തന്നെ കബളിപ്പിച്ച് ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വൃക്ക വില്‍ക്കുകയായിരുന്നുവെന്നും, സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ സഹോദരനും വര്‍ഷങ്ങളായി തന്നെ പീഡിപ്പിച്ച് വരികയാണെന്നും പരാതിക്കാരിയായ റീത്ത സര്‍ക്കാര്‍(28) പറഞ്ഞു.

 

രണ്ട് വര്‍ഷം മുമ്പാണ് വയറു വേദനയെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ പോകുന്നത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വേദന കലശലായെന്നും താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് തന്നെ ചികിത്സയ്ക്ക് കൊണ്ടുപോവാന്‍ തയ്യാറായില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് സ്വന്തം വീട്ടുകാര്‍ റീത്തയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വലത്തെ വൃക്ക നീക്കംചെയ്തതായി കണ്ടെത്തിയത്.

 

ചത്തീസ്ഗഡിലുളള ഒരു ബിസിനസുകാരന് രണ്ട് ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്.

 

 

Tags: