Skip to main content
chennai

ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍  സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി.ടി.വി ദിനകരന്‍ 40707 വോട്ടിന്റെ വന്‍ ഭൂരിപകക്ഷത്തിന് വിജയിച്ചു. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ മധുസൂദനനാണ് രണ്ടാം സ്ഥാനത്തും ഡിഎംകെയുടെ മരുത് ഗണേഷ് മൂന്നാമതുമാണ്. എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകരും ദിനകരന്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് അരമണിക്കൂറോളം വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചിരുന്നു.സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ദിനകരന്‍ വ്യക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചിരുന്നത്. പിന്നീട് ഓരോ ഘട്ടങ്ങളിലും ലീഡ് ഉയര്‍ത്തുകയായിരുന്നു. ടി.ടി.വി ദിനകരന്‍ ജയിക്കുമെന്ന തരത്തിലായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും. ഈ മാസം 21ന് നടന്ന വോട്ടെടുപ്പില്‍ 77.68 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

 

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.തമിഴ് രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ദിനകരന്റെ വിജയം തമിഴ് രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും എന്നാണ് വിലയിരുത്തുന്നത്.

 

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു വോട്ടെണ്ണല്‍.