തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയില്‍ നടന്ന ദുരഭിമാനക്കൊലയിലെ ആറ് പ്രതികള്‍ക്ക് വധശിക്ഷ. ദലിത് യുവാവായ ശങ്കറിനെ(22) കൊലപ്പെടുത്തിയ കേസിലാണ് ഭാര്യാപിതാവടക്കം ആറ് പേര്‍ക്ക് തിരുപ്പൂര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെ മൂന്ന് പ്രതികളെ വെറുതെ വിട്ടു.
തേവര്‍ സമുദായത്തില്‍പ്പെട്ട കൗസല്യയെ ശങ്കര്‍ പ്രണയിച്ച് വിവാഹം കഴിച്ചിതില്‍ പെണ്‍വീട്ടുകാര്‍ക്കുണ്ടായ ദുരഭിമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.2016 മാര്‍ച്ച് പതിമൂന്നിനായിരുന്നു സംഭവം. പട്ടാപ്പകല്‍ ജനക്കൂട്ടം നോക്കിനില്‍ക്കെ ഉദുമല്‍പേട്ട് ബസ് സ്റ്റാന്‍ഡിനു സമീപത്തുവച്ച് ബൈക്കില്‍ എത്തിയ ക്വട്ടേഷന്‍ സംഘം ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശങ്കറിന്റെ ഭാര്യ കൗസല്യയ്ക്കും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു.
ശങ്കറുമായുള്ള ബന്ധത്തെ എതിര്‍ത്ത കൗസല്യയുടെ പിതാവും അമ്മാവനുമാണ് ക്വട്ടേഷന്‍ സംഘത്തെ കൊലപാതകത്തിന് ചുമതലപ്പെടുത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.11 പ്രതികള്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം നല്‍കിയിരുന്നത്.