രാജസ്ഥാന്‍ സര്‍ക്കാരിന്റെ വിവാദ ഓര്‍ഡിനന്‍സ് നിയമസഭയില്‍ അവതരിപ്പിച്ചു

Mon, 23-10-2017 05:09:56 PM ;

vasundhra-raje

ന്യായാധിപര്‍, ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ പേരിലുള്ള അഴിമതിയാരോപണങ്ങളില്‍ സര്‍ക്കാരിന്റെ മൂന്‍കൂര്‍ അനുമതിയോടെ മാത്രമേ അന്വേഷണം നടത്താന്‍ പാടുള്ളൂ എന്ന ഓര്‍ഡിനന്‍സ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിയമഭയില്‍ അവതരിപ്പിച്ചു. വസുന്ധര രാജെ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായ ഗുലാബ് ചന്ദ് ഖട്ടാരിയ ആണ് ഓര്‍ഡിനന്‍സ് സഭയില്‍ അവതരിപ്പിച്ചത്. വലിയ ബഹളത്തിനിടയിലായിരുന്നു ഓര്‍ഡിനന്‍സ് അവതരണം, ഓര്‍ഡിനന്‍സിനെ ഭരണകക്ഷിയായ ബി.ജെ.പിയിലെ  അംഗങ്ങള്‍ എതിര്‍ത്തു.പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ സഭ ബഹിഷ്‌കരിച്ചാണ് പ്രതിപക്ഷപ്പാര്‍ട്ടിയായ കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

 

ഓര്‍ഡിനന്‍സ് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ഏകപക്ഷീയവും വഞ്ചനാ പരവുമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഹര്‍ജി രാജസ്ഥാന്‍ ഹൈക്കോടതിയില്‍ എത്തിയിട്ടുണ്ട്. ഓര്‍ഡിനന്‍സ് സമത്വത്തിനും നീതിയുക്തമായിഅന്വേഷണം നടത്തുന്നതിനും എതിരാണെന്നും ഹര്‍ജിയില്‍ പറയുന്നു.1973ലെ ക്രിമിനല്‍നടപടിച്ചട്ടം ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് ഓര്‍ഡിനന്‍സ്. വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ, സംഘടനയുടെയോ പേരില്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നു.

 

സര്‍ക്കാര്‍ അനുമതി നല്‍കുന്നതുവരെ കുറ്റാരോപിതനെതിരെ വാര്‍ത്ത നല്‍കുന്നതില്‍നിന്ന് മാധ്യമങ്ങളെയും വിലക്കി, ആരോപണ വിധേയന്റെ പേരോ മറ്റ്  വിവരങ്ങളോ നല്‍കാന്‍ പാടില്ല. ഇത് ലംഘിക്കുന്നവര്‍ക്ക് 2 വര്‍ഷം വരെ തടവ് ലഭിക്കാം.

 

 

Tags: