അഭിഭാഷക-മാധ്യമപ്രവർത്തക തെരുവ്-ചാനൽ യുദ്ധം പ്രകടമാക്കുന്ന ഗുരുതര രോഗലക്ഷണങ്ങൾ

Glint Staff
Mon, 25-07-2016 02:58:18 PM ;

 

ചൊല്ലുകൾ പഴയതായാലും പഴഞ്ചൊല്ലുകൾ പുതുമയോടെ നിലനിൽക്കുന്നത് അവയുടെ വർത്തമാന പ്രസക്തി മൂലമാണ്. എന്നാൽ നമ്മുടെ വർത്തമാനകാലത്തിൽ പഴഞ്ചൊല്ലും പഴഞ്ചനായി മാറുന്നു. അത്തരത്തിലൊരു പഴഞ്ചൊല്ലാണ് കുറുന്തോട്ടിക്കും വാതം. വാസ്തവത്തിൽ ഇപ്പോൾ കുറുന്തോട്ടിക്കും അക്ഷരാർഥത്തിൽ വാതം വരാനുള്ള സാഹചര്യമുള്ളതുകൊണ്ടു കൂടിയായിരിക്കാം ആ പഴഞ്ചൊല്ലും അപ്രസക്തമാകുന്നത്. കാരണം കീടനാശിനി-വിഷ-രാസവസ്തു പ്രയോഗം നിമിത്തം ഇപ്പോഴുണ്ടാകുന്ന കുറുന്തോട്ടിക്ക് അതിന്റെ ഗുണപരിണാമം സംഭവിച്ചു  വാതം വന്നുകാണാനിടയുണ്ട്.

 

ഈ പഴഞ്ചൊല്ല് പഴഞ്ചനായിപ്പോയെന്ന് ഓർക്കാൻ കാരണം വക്കീൽ-മധ്യമപ്രവർത്തക സുഹൃത്തുക്കളുടെ തെരുവ്-ചാനൽ യുദ്ധം കണ്ടിട്ടാണ്. പൊതുജനങ്ങൾക്ക് നീതിന്യായ സംവിധാനത്തിലൂടെ നീതി ലഭ്യമാക്കിക്കൊടുക്കേണ്ടവരാണ് വക്കീലുമാർ. അതുപോലെ ധാർമികമായ നീതി സമൂഹത്തിന് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ ചുമതലപ്പെട്ടവരാണ് മാധ്യമപ്രവർത്തകർ. ഈ രണ്ടു കൂട്ടരുമാണ് തെരുവിലും ചാനലിലുമായി കിടന്ന് തമ്മിലടിക്കുന്നത്. തെരുവിൽ വക്കീലുമാർ മാധ്യമപ്രവർത്തകരെ കായികമായി കൈകാര്യം ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ മാധ്യമങ്ങളിലൂടെ വക്കീലുമാരെ 'ശരിയാക്കുന്നു'.

 

കാക്കനാട് തുതിയൂരിൽ പാൽ കൃഷി നടത്തുന്ന ലൈലയുടെ, പത്രത്തിൽ നിന്ന് മുഖമെടുത്തുകൊണ്ട് പാൽപ്പാത്രം വാങ്ങാൻ വരുമ്പോഴുളള ചോദ്യമിതാണ്. 'വക്കീലുമാരും മാധ്യമക്കാരും ഇങ്ങനെയായാൽ സാധാരണക്കാര് നീതി തേടി ഇനി എവിടെപ്പോകാനാ.' പാലളന്നുകൊണ്ടു നിന്നപ്പോൾ ലൈലയിൽ നിന്ന് ആത്മഗതമെന്നോണം ഉണ്ടായ പരാമർശവും ശ്രദ്ധേയം. 'ആർക്കും ഒരു പിടിയുമില്ല, എന്ത് എവിടെ ചെയ്യണമെന്ന്.' ഒരു ശരാശരി വീട്ടമ്മയുടെ ആശങ്കയാണുള്ളതെങ്കിലും ലൈലയുടെ ഈ പ്രസ്താവന യഥാർഥത്തിൽ വിരൽ ചൂണ്ടുന്നത് വക്കീൽ-മാധ്യമപ്രവർത്തക തമ്മിൽത്തല്ലിന്റെ യഥാർഥ കാരണത്തിലേക്കാണ്.

 

ഓരോ വ്യക്തിയും ഓരോ തൊഴിൽ ചെയ്യുമ്പോൾ ഏർപ്പെടുന്ന തൊഴിലിന്റെ ബൗദ്ധിക-സാംസ്‌കാരിക വശം വ്യക്തിയെ സ്വാധീനിക്കാറുണ്ട്. നിയമവിദ്യാഭ്യാസവും അതിലെ പരിചയവും വക്കീൽ പണി പ്രയോഗിക്കുന്നവരിൽ പരിണിതപ്രജ്ഞത്വവും കാര്യങ്ങളെ നീതിന്യായത്തിന്റെ വെളിച്ചത്തിൽ കാണാൻ പര്യാപ്തമാക്കുകയും ചെയ്യേണ്ടതാണ്. ഏത് തൊഴിലിനും ക്രമേണ വ്യക്തിയെ ബൗദ്ധികമായും സാംസ്‌കാരികമായും ഉയർത്താനുള്ള ശേഷിയുണ്ട്. ഒരു കാര്യം മാത്രം. ആ തൊഴിൽ കൈകാര്യം ചെയ്യുന്നത് ആ തൊഴിലിന്റെ ന്യൂനരഹിത മികവോടുകൂടിയാകണം. ഇവിടെ മാധ്യമപ്രവർത്തകരും വക്കീലുമാരും ഒരേ സംസ്‌കാരം പ്രകടമാക്കി. സമൂഹത്തിൽ തെല്ലും വിദ്യാഭ്യാസവും സാംസ്‌കാരിക പശ്ചാത്തലവുമില്ലാത്തവർ തിരക്കു പിടിച്ച തെരുവിൽ പ്രകടമാക്കുന്ന സംസ്‌കാരമാണ് വക്കീലുമാർ മാധ്യമപ്രവർത്തകരെ പരസ്യമായി പോലീസിന്റെ സാന്നിദ്ധ്യത്തിൽ തല്ലിയതിലൂടെ പ്രകടമാക്കിയത്. അതിനർഥം തൊഴിൽപരമായ സവിശേഷത ഈ അഭിഭാഷകരെ തെല്ലും സ്വാധീനിക്കുന്നില്ല.

 

മാധ്യമപ്രവർത്തകർ ഏതെങ്കിലുമൊരു അഭിഭാഷകനെതിരെ അപകീർത്തികരമായി ഒരു വാർത്ത പ്രസിദ്ധീകരിച്ചുവെങ്കിൽ അതിനെ നേരായ വഴിയിൽ ഏറ്റവും ഉദാത്തമായി ചോദ്യം ചെയ്യാൻ കഴിവുള്ളവർ അഭിഭാഷകരെപ്പോലെ ആരും തന്നെ ഒരു ജനായത്ത സംവിധാനത്തിൽ ഇല്ല. അപകീർത്തിക്കേസ് കൊടുത്ത് തങ്ങളെ അപമാനിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുത്തിരുന്നുവെങ്കിൽ അത് ഒരു സാമൂഹ്യ നന്മ കൂടിയാകുമായിരുന്നു. അതായത് ഉത്തരവാദിത്വമില്ലാത്ത റിപ്പോർട്ടിംഗിന് തടയിടുവാനും മാധ്യമപ്രവർത്തനരംഗത്തെ കൂടുതൽ ഉത്തരവാദിത്വമുള്ളതാക്കാനും അതു സഹായിക്കുമായിരുന്നു.

 

ഒരു തൊഴിൽ മികവുറ്റ രീതിയിൽ കൈകാര്യം ചെയ്യാൻ അറിവില്ലാത്തവർക്ക് ആ തൊഴിലിൽ ആത്മവിശ്വാസം ഇല്ലാതാകും. അതു സ്വാഭാവികമാണ്. തെരുവിൽ തല്ലിലേർപ്പെട്ട അഭിഭാഷകർ ആ തല്ലിലൂടെ പ്രകടമാക്കിയിരിക്കുന്നത് തങ്ങൾക്ക് രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമില്ലെന്നാണ്. അത് സമൂഹമനസ്സിന്റെ ഉപബോധമനസ്സിലേക്ക് വിന്യസിപ്പിക്കുന്ന ബോധം അപകടകരമാണ്. ഒരു അനീതി സംഭവിച്ചാൽ നീതിന്യായ വ്യവസ്ഥയുടെ വഴിയിലൂടെ പോയാൽ നീതി ലഭിക്കുന്നില്ലെന്നും അതു സ്വന്തം നിലയിൽ കൈകാര്യം ചെയ്യേണ്ടിവരുമെന്നുമുള്ള ധാരണ . ദേശസാൽകൃത ബാങ്കുകൾ കിട്ടാക്കടം പിരിക്കുന്നതിനായി ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കിക്കൊണ്ടുള്ള കോടതി വിധി പുറപ്പെടുവിക്കപ്പെട്ടത് ഈ ബോധസൃഷ്ടിസാധ്യതയുടെ പശ്ചാത്തലത്തിലാണ്.

 

വ്യവസ്ഥാപിതമായ നീതി ജനായത്ത സംവിധാനത്തിൽ സമൂഹത്തിന് ലഭ്യമാക്കുന്ന ദൗത്യമാണ് അഭിഭാഷകർക്കുള്ളതെങ്കില്‍ ധാർമ്മികമായ നീതി സമൂഹത്തിൽ ലഭ്യമാക്കുകയും അത് ലംഘിക്കപ്പെടാതെ ശ്രദ്ധിക്കുകയും ചെയ്യുക എന്നുള്ളതുമാണ് മാധ്യമപ്രവർത്തകരുടെ തൊഴിലിന്റെ അടിസ്ഥാനം. ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തനത്തിൽ നിന്ന് മാധ്യമപ്രവർത്തകർ വല്ലാതെ കണ്ട് അകന്നു പോയിരിക്കുന്നു എന്നുളളത് യാഥാർഥ്യം തന്നെ. മറ്റൊരു വ്യക്തിയേയോ അല്ലെങ്കിൽ ആ വ്യക്തിയുടെ കുടുംബത്തേയോ തങ്ങളുടെ പ്രവർത്തനം എങ്ങിനെയാണ് ബാധിക്കുക എന്ന ചിന്തയിൽ പലപ്പോഴും മാധ്യമപ്രവർത്തകർ ഏർപ്പെടാറില്ല. എരിയും പുളിയും സൃഷ്ടിക്കാൻ കഴിയുന്ന എന്തിനേയും വാർത്തയാക്കി തങ്ങളുടെ ചാനലിന്റെ വരുമാനം വർധിപ്പിക്കുക എന്ന സമീപനമാണ് പലപ്പോഴും ഭൂരിഭാഗം ചാനൽ മാധ്യമപ്രവർത്തകരേയും നയിക്കുന്നത്. ഒരാൾക്കെതിരെ പോലും വാർത്ത കൊടുക്കുമ്പോൾ ആ വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശവും കൂടി കണക്കിലെടുത്ത് പ്രയോഗിക്കേണ്ട ഒരു തൊഴിലാണ് മാധ്യമപ്രവർത്തനം. 

  

എത്ര തന്നെ ആക്രമണം നേരിടേണ്ടി വരുന്ന സാഹചര്യത്തിൽ പോലും തങ്ങളുടെ തൊഴിൽ നിർവഹിക്കുന്നതിൽ ധാർമ്മികത പുലർത്താൻ മാധ്യമപ്രവർത്തകർ ബാധ്യസ്ഥരാണ്. എന്നാൽ അതിനു പകരം തങ്ങളുടെ പക്കലുള്ള മാധ്യമത്തെ ആയുധമാക്കി അഭിഭാഷകരെ ആക്രമിക്കാനുള്ള പ്രത്യാക്രണ രീതിയിലേക്ക് മാധ്യമങ്ങൾ നീങ്ങിയത് ധാർമ്മികതയ്ക്ക് യോജിച്ചതായില്ല എന്നും പറയേണ്ടി വരും. ഏതു യുദ്ധത്തിലും സമാനമായ ആയുധം കൊണ്ട് യുദ്ധം ചെയ്യുക എന്നത് ഒരു യുദ്ധനീതിയാണ്. അത് ഇവിടെ ലംഘിക്കപ്പെട്ടു. അഭിഭാഷകർ അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞതിന്റെ പേരിൽ ആക്രമണ സ്വഭാവത്തിലേക്ക് മാധ്യമപ്രവർത്തകർ പോകാനും പാടില്ല. അവിടെ നശിക്കുന്നത് മാധ്യമത്തിന്റെ വിശ്വാസ്യതയും മാധ്യമപ്രവർത്തനത്തിന്റെ മഹിമയുമാണ്. ഇതു നശിച്ചുകഴിഞ്ഞാൽ തെരുവിൽ ഗുണ്ടായിസം കാണിച്ച അഭിഭാഷകരും മാധ്യമങ്ങളിലൂടെ അവരെ ആക്രമിക്കുന്ന മാധ്യമങ്ങളും തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥ വരും. അത് മനുഷ്യനെ സാംസ്‌കാരിക അധ:പതനത്തിലേക്ക് നയിക്കുന്നതുമാകും.

 

മാധ്യമ പ്രവർത്തകരെ അഭിഭാഷകർ തെരുവിലിട്ടു മര്‍ദ്ദിച്ച  സംഭവം മറ്റൊരു വിനാശകരമായ സന്ദേശവും കൂടി സമൂഹത്തിലേക്ക് പകരുന്നുണ്ട്. മാധ്യമപ്രവർത്തകരുടെ തൊഴിലിനിടയ്ക്ക് പലർക്കും അസുഖകരമായ വാർത്തകൾ കൈകാര്യം ചെയ്യേണ്ടിവരും. അവർക്കൊക്കെ തങ്ങൾക്കെതിരെ അനീതി കാട്ടിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകരെ തെരുവിൽ കൈകാര്യം ചെയ്യുന്നതിന് പ്രചോദനവും ഈ സംഭവം നൽകുന്നു. ഹൈക്കോടതിമുറ്റത്തു നടന്ന ഈ സംഭവത്തിൽ സുപ്രീംകോടതി ഇടപെടേണ്ടി വന്നത് അങ്ങേയറ്റം ഖേദകരമായ സാഹചര്യത്തെ സൂചിപ്പിക്കുന്നു. ഹൈക്കോടതിയുടെ മുന്നിൽ അഭിഭാഷകർ ഉൾപ്പെട്ട വിഷയം ഹൈക്കോടതി ഉചിതമായി ഇടപെടാതിരുന്ന സാഹചര്യമാണ് സുപ്രീംകോടതിയെ സ്വമേധയാ ഇതിലിടപെടാൻ പ്രേരിപ്പിച്ചത്. ഹൈക്കോടതി അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നുമൊക്കെ അറിയിച്ചെങ്കിലും ഉചിതമായ തീരുമാനത്തിന്റെ അഭാവമാണ് സുപ്രീംകോടതിയെ ഈ വിഷയത്തിൽ ഇടപെടുവിച്ചത്. അത് അങ്ങേയറ്റം ആശങ്കയുളവാക്കുന്ന സമീപനമായിപ്പോയി. വിഷയം നീതിയുടേതായതിനാൽ. ആ സൂക്ഷ്മമായ വശത്തേക്കാണ് ലൈലയുടെ ചോദ്യം വിരൽ ചൂണ്ടുന്നത്. ലൈലയുടെ പരാമർശമാകട്ടെ അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും ഒരുപോലെ ബാധകവും.

Tags: