പ്രിയ എളവള്ളി മഠത്തിനുമാകാമായിരുന്നു ആ 'ശങ്ക'

Glint Staff
Wed, 06-07-2016 02:50:07 PM ;

priya elavally madom

 

ഏതു മാദ്ധ്യമവും അവകാശപ്പെടും തങ്ങൾ സാമൂഹ്യപ്രതിബദ്ധതയിലാണ് വാർത്തകൾ തയ്യാറാക്കുന്നതെന്ന്. ചോദിച്ച് ചോദിച്ച് ചെന്നാൽ ചാനലുകാർ പറയും റേറ്റിംഗ് താഴെപ്പോയാൽ നിലനിൽപ്പ് തന്നെ ബുദ്ധിമുട്ടിലാകുമെന്നും. അതു പറയുമ്പോഴും സാമൂഹ്യപ്രതിബദ്ധത നിഴലിക്കുന്ന വിഷയങ്ങൾ മാദ്ധ്യമങ്ങൾ തെരഞ്ഞെടുക്കുന്നു. അതിലൂടെ പ്രചാരം വർധിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് അജ്ഞാതമായി മാദ്ധ്യമപ്രവർത്തകരുടെ ഉള്ളിൽ തന്നെ കിടക്കുന്ന അറിവിന്റെ ഫലമായി സംഭവിക്കുന്നതാണ്. അതു മനുഷ്യപ്രകൃതിയാണ്. 2016 ജൂലൈ നാലിന് ഏഷ്യാനെറ്റ് ന്യൂസില്‍ ഒരു പരിപാടി ഉണ്ടായി. മുൻകൂർ പരസ്യത്തിന്റെ അകമ്പടിയോടെയാണ് ആ പരിപാടി വന്നത്.

 

ഒരു തടിയുള്ള ചേച്ചി. കൊച്ചിക്കാരി. നഗരത്തിൽ വന്നിറങ്ങിയപ്പോഴേ മൂത്രശങ്ക. വളരെ നേരത്തേയെങ്ങാനും വീട്ടിൽ നിന്നിറങ്ങിയതാവും അതായിരിക്കും അത്രയ്ക്കും ശങ്ക വന്നത്. നേരേ ആ 'ചേച്ചി' കോർപ്പറേഷൻ നഗരത്തിൽ പണികഴിപ്പിച്ചിട്ടുള്ള മൂത്രപ്പുരയിലേക്കു പോയി. മൂത്രപ്പുര കണ്ട മാത്രയിൽ ദുർഭൂതത്തെ കണ്ട പോലെ ആ 'ചേച്ചി'  അടുത്തകാലത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജുവിലെ ഒരു രംഗത്തെ ഓർമ്മിപ്പിക്കും മാതിരി രണ്ടു നെടുനീളൻ വാചകം കൊച്ചിക്കുറുക്കോടെ അവതരിപ്പിക്കുന്നു. മുഖത്ത് ഒരു ലോഡ് പുച്ഛം. ആ പുച്ഛവും പേറി 'ചേച്ചി' അടുത്ത പൊതു മൂത്രപ്പുരയിലേക്ക് പോകുന്നു. ആദ്യത്തെ മൂത്രപ്പുര മാടനായിരുന്നുവെങ്കിൽ രണ്ടാമത്തെ മൂത്രപ്പുര മറുത. 'ചേച്ചി' ഉദ്ദേശ്യം രണ്ടു ലോഡ് പുച്ഛത്തോടെ അവിടെ നിന്നുമിറങ്ങുന്നു. ഇതിനിടെയെല്ലാം വോയ്‌സ് ഓവർ അഥവാ ചാനൽ വിവരണം അകമ്പടിയായി നീങ്ങുന്നുണ്ട്. രണ്ടാമത്തെ ശ്രമത്തോടെ സർക്കാർ മൂത്രപ്പുരയിലേ മൂത്രമൊഴിക്കുകയുള്ളൂ എന്ന വാശി 'ചേച്ചി' വെടിയുന്നു. അടുത്ത ഹോട്ടലിൽ കയറുന്നു. ഭാഗ്യം, മൂത്രപ്പുരയ്ക്കുള്ളിലേക്ക് ക്യാമറാ പ്രവേശിച്ചില്ല. ശങ്ക ഒഴിഞ്ഞ് 'ചേച്ചി' പുറത്തിറങ്ങുന്നു. ശങ്കയും പുച്ഛവുമെല്ലാം മാറിയ ആശ്വാസം അവർ നിർവൃതിയുടെ ഭാവത്തിലൂടെ പകരുന്നു. മൂത്രപ്പുരയുടെ മുന്നിലൂടെ രണ്ടടി നടന്നതും ഒപ്പം ഏഷ്യാനെറ്റ് പ്രതിനിധി പ്രിയ എളവള്ളിമഠം ഒപ്പം നടന്നുകൊണ്ട് നഗരത്തിൽ മൂത്രശങ്കയുണ്ടായ ഒരു 'ചേച്ചി'യുടെ അനുഭവമാണെന്നു പറഞ്ഞു നിരത്തോരങ്ങളിൽ മൂത്രപ്പുരയില്ലാത്തതിനെ തുടർന്ന് സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടിന്റെ കഥ അനാവരണം ചെയ്യുന്നു. അടുത്ത ഷോട്ട് ധനകാര്യമന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്റേതാണ്. അദ്ദേഹം പറയുന്നു ഈ പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ബജറ്റിൽ ഇതിനായി പ്രത്യേക തുക വകകൊള്ളിക്കുമെന്നും.

 

പൈങ്കിളി വാര്‍ത്ത

 

ഏഷ്യാനെറ്റിന്റെ മിടുക്കരായ റിപ്പോർട്ടർമാരിൽ ഒരാളാണ് പ്രിയ എളവള്ളിമഠം. പ്രിയയ്ക്ക് കള്ളത്തരം വലിയ വശമില്ലാത്തതുകൊണ്ടുകൂടിയാകാം ഇത്തരത്തിലൊരു കൃത്രിമ മൂത്രശങ്ക സർഗ്ഗാത്മകമായി അവതരിപ്പിക്കാൻ കഴിയാതെ പോയതെന്നു തോന്നുന്നു. ഒരു പരിപാടി അരോചകമായെങ്കിലും പ്രിയയുടെ വ്യക്തിഗുണവും കൂടി അതിലൂടെ വ്യക്തമായി. അതുകൊണ്ട് പ്രിയ വിഷമിക്കേണ്ടതില്ല. അത്തരത്തിൽ ഒരു 'പ്രൊഡക്ട്' തയ്യാറാക്കണമെന്ന നിർദ്ദേശം വന്നതിനാലും സംഭവിച്ചതായിരിക്കാം. കണ്ടാൽ സത്യത്തേക്കാൾ സത്യമാണെന്നു തോന്നുന്ന പൈങ്കിളി വാർത്തകളുടെ പാചകക്കാർ യഥേഷ്ടമുള്ള നാടാണ് കേരളം. അത് ആദ്യം തുടങ്ങിയത് അച്ചടി മാദ്ധ്യമത്തിലാണ്. ആ ധാര മുഖ്യധാരയിൽ ആധിപത്യം നേടി ആചാരമായി മാറിയ കാലത്താണ് പ്രിയ എളവള്ളിമഠം മാദ്ധ്യമപ്രവർത്തന രംഗത്തേക്കു പ്രവേശിക്കുന്നത്. ഇപ്പോഴും പ്രിയ മാദ്ധ്യമപ്രവർത്തനത്തിന്റെ കൗമാര ദശയിലൂടെ കടന്നു പോകുന്നതേയുള്ളു. പോയ തലമുറയുടെ പിഴച്ച വഴികളിൽ നിന്ന് മാറി നടക്കുകയാണ് യൗവ്വനത്തിന്റെ ഉത്തരവാദിത്വം. കൗമാരത്തിൽ അതിലകപ്പെട്ടുപൊകുന്നതു സ്വാഭാവികം. മാദ്ധ്യമപ്രവർത്തനത്തിന്റെ യൗവ്വന ദിശയിലേക്കു കടക്കുമ്പോൾ നല്ലൊരു മാദ്ധ്യമപ്രവർത്തകയാകാനുള്ള ശേഷിയും ആർജ്ജവവും പ്രിയയിൽ കാണുന്നുണ്ട്. കാരണം യാഥാർഥ്യം പോലെ കൃത്രിമം കാണിക്കാൻ കഴിയാതിരിക്കുന്നത് പ്രിയയുടെ സത്യസന്ധതയുമായി ബന്ധപ്പെട്ടുകിടക്കുന്ന സ്വഭാവവിശേഷമാണ്. ഒരു മാദ്ധ്യമപ്രവർത്തകയ്ക്കും പ്രവർത്തകനും പ്രാഥമികമായി വേണ്ടതും അതാണ്. ക്രാഫ്റ്റ് അഥവാ നൈപുണ്യം അൽപ്പം പരിശീലനം കൊണ്ട് ആർക്കു വേണമെങ്കിലും നേടാവുന്നതേ ഉള്ളു. ആർജ്ജവത്തോടെ ഒരു കാര്യം ചെയ്യുമ്പോൾ തന്നെ നൈപുണ്യം താനേ സംഭവിക്കുകയും ചെയ്യും. പ്രിയയുടെ ചില റിപ്പോർട്ടുകൾ തന്നെ നോക്കിയാൽ അതു സ്വയം മനസ്സിലാകും. അതുകൊണ്ട് മാദ്ധ്യമപ്രവർത്തനത്തിന്റെ യൗവ്വനത്തിലേക്കു കടക്കുമ്പോഴേക്കും നല്ലൊരു റിപ്പോർട്ടറെ പ്രിയയിൽ കാണാമെന്നു പ്രത്യാശിക്കാം.

 

സ്ത്രീകളുടെ വശ്യതയെ ബോധപൂർവ്വം ഉപയോഗിച്ച് കാര്യം നേടിയെടുക്കുന്നതിനു തുല്യമാണ് വാർത്തയെ പൈങ്കിളിവത്കരിച്ചത്. വാർത്തയറിയാനുള്ള മനുഷ്യന്റെ ജിജ്ഞാസയെ പലവിധമുള്ള ഇക്കിളി അനുഭവപ്പെടുന്ന, സുഖമനുഭവിക്കാനുള്ള ഉപാധിയാക്കി വാർത്തയുടെ പൈങ്കിളിവത്കരണം. കെട്ടിലും മട്ടിലുമെല്ലാം. ക്രമേണ വാർത്ത പൈങ്കിളിക്കകത്ത് മുങ്ങി. ഇന്നിപ്പോൾ കാണുന്ന ചർച്ചകളും വാർത്തകളുമെല്ലാം ഉഗ്രോഗ്രൻ പൈങ്കിളിയായതുകൊണ്ടാണ് പലപ്പോഴും പൈങ്കിളി സീരിയലിനു പോലും കാഴ്ചക്കാരെ കിട്ടാതെ വരുന്ന അവസ്ഥയുണ്ടാകുന്നത്. വാർത്തയെന്നാൽ സുഖിപ്പിക്കൽ ഉപാധി എന്ന സമവാക്യത്തിൽ നിന്നാണ് നാമിപ്പോൾ അറിഞ്ഞും അറിയാതെയും പറ്റുന്നിടത്തൊക്കെ പോപ്പുലർ സിനിമകളുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ ഒരു കളക്ടറുടെ പേര് മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയിലെ കഥാപാത്രത്തിന്റെ പേരായതിന്റെ പേരിൽ ചില മാദ്ധ്യമങ്ങൾ അദ്ദേഹം കളക്ടറായ നാളു മുതൽ അതിൽ പിടിച്ചാണ് കളക്ടറുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും കൈകാര്യം ചെയ്യുന്നത്. ഇത്തരം റിപ്പോർട്ടിംഗ് ആ കളക്ടറുടെ പെരുമാറ്റത്തെപ്പോലും സ്വാധീനിക്കുന്നില്ലേയെന്ന് പലപ്പോഴും സംശയവും തോന്നിയിട്ടുണ്ട്.

 

മൂത്രപ്പുര വിഷയം

 

പൊതുസ്ഥലങ്ങളിൽ മൂത്രപ്പുരകളില്ലാത്തത് മുഖ്യ വിഷയമാണ്. അതില്‍ ആണുങ്ങളേക്കാൾ ബുദ്ധിമുട്ടുന്നത് പെണ്ണുങ്ങൾ തന്നെ. സംശയമില്ല. ആ വിഷയത്തെ ആർജ്ജവത്തോടെ അവതരിപ്പിക്കാൻ തീരുമാനിച്ചാൽ വിവിധ കോണുകളിലൂടെ ആ വിഷയം അവതരിപ്പിക്കാൻ കഴിയും. അങ്ങനെ ചെയ്യുമ്പോൾ പൈങ്കിളികൾക്കു ഉയരാൻ പറ്റാത്തവിധം സംവേദനശേഷിയുള്ള വാർത്തകൾ പിറക്കും. സംശയമില്ല. ഇവിടത്തെ വിഷയം പൊതുസ്ഥലങ്ങളിലും പാതയോരത്തും മൂത്രപ്പുരകളില്ലാത്തതും ഉള്ളവ ഉപയോഗിക്കാൻ പറ്റാത്ത വിധം കിടക്കുന്നതുമാണ്.  ആദ്യം പ്രായോഗികമായി വേണ്ടത് നിലവിലുള്ളത് ഉപയോഗയോഗ്യമാക്കി മാറ്റുക. അതിലേക്ക് അധികൃതരെ തിരിയിക്കും മുൻപ് ഇത് കൈകാര്യം ചെയ്യുന്ന മാദ്ധ്യമത്തിന് വലിയൊരു പങ്ക് നിർവ്വഹിക്കാനുണ്ട്. അതു അതിസൂക്ഷ്മതയോടെ നിർവ്വഹിക്കേണ്ടതാണ്. എന്തുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർമ്മിച്ച പൊതു മൂത്രപ്പുരകളും കക്കൂസുകളും ഉപയോഗയോഗ്യമല്ലാതായി. ഉത്തരം വളരെ ലളിതായി ആർക്കും തോന്നും. അതായത് അത് വൃത്തിയാക്കാൻ ആളില്ലാതെ പോയതുകൊണ്ടാണ്. അതിനെ വേണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയായി പത്രങ്ങളുടെ പ്രാദേശിക പേജിൽ സ്ഥിരം കാണുന്നതുപോലെ വിലയിരുത്താം.

 

ഇത്തരത്തിൽ ഒരു മൂത്രപ്പുര കെട്ടാൻ തീരുമാനമെടുത്ത സാഹചര്യം, അതിനെടുത്ത തീരുമാനം, ആ തീരുമാനത്തിന്റെ പൂർണ്ണ രൂപം, കെട്ടിക്കഴിഞ്ഞാൽ എങ്ങനെ അവയെ വൃത്തിയായി സൂക്ഷിക്കാനായിരുന്നു പദ്ധതി, ആ പദ്ധതി ഏതെങ്കിലും ഘട്ടത്തിൽ നടപ്പിലായിരുന്നോ, എങ്കിൽ മുടങ്ങാനിടയായ സാഹചര്യം, അതോ മറ്റേതെങ്കിലും കാരണങ്ങളാലാണോ വൃത്തിയാക്കൽ മുടങ്ങിപ്പോയത്, കരാർകാർക്ക് വൃത്തിയാക്കൽ ചുമതല കൊടുത്തിരുന്നോ, കൊടുത്തിരുന്നുവെങ്കിൽ അത് ആദായകരമല്ലാത്തതിനാലാണോ അതിന് തടസ്സമുണ്ടായത്, ഏതെങ്കിലും ഘട്ടത്തിൽ ഇത് വൃത്തിയാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോ, ഉണ്ടായിട്ടില്ലെങ്കിൽ എന്തുകൊണ്ട്, ഇതിന്റെ ഔദ്യോഗിക ചുമതലയുള്ളവർ ആരായിരുന്നു ഇങ്ങനെ അന്വേഷിച്ചു പോകുമ്പോൾ നാം ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളും കാരണങ്ങളും ചുരുളഴിഞ്ഞു നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും. അതുപോലെ നഗരത്തിലും ചില റെയിൽവേ പ്ലാറ്റ്‌ഫോമുകളിലും സ്ഥാപിച്ചിട്ടുള്ള ഇ-ടോയ്ലറ്റുകളുടെ പ്രവർത്തനമെങ്ങനെ, അതു വിജയകരമാണോ ഇവ്വിധം അന്വേഷിച്ചുപോകുമ്പോഴാണ് പൊതുമൂത്രപ്പുരകളുടെ പരാജയത്തിന്റെ യഥാർഥ കാരണം കാണ്ടെത്താൻ കഴിയുകയുള്ളു. ആ കാരണം കണ്ടെത്തിലിൽ അതിനുള്ള പരിഹാരവും അന്തർലീനമായിരിക്കും. അപ്പോഴാണ് സർക്കാരിനും സർഗ്ഗാത്മകമായി തീരുമാനമെടുക്കാൻ പറ്റുന്നത്. ഇപ്പോൾ ധനമന്ത്രി വഴിപാടുപോലെ പറയുന്നു ബജറ്റിൽ പ്രത്യേകം തുക വകകൊള്ളിക്കുമെന്ന്. അങ്ങനെ ബജറ്റിൽ തുക വകകൊള്ളിച്ചാൽ നിർദ്ദിഷ്ട ചാനലിന് തങ്ങളുടെ നേട്ടമായി അത് ആഘോഷിക്കാം. പക്ഷം മൂത്രപ്പുര പ്രശ്നത്തിന് പരിഹാരമാകില്ല. അനുവദിക്കപ്പെട്ട തുകകൊണ്ട് കൂടുതൽ മൂത്രപ്പുരകൾ വന്നെന്നിരിക്കട്ടെ. അധികം താമസിയാതെ കൂടുതൽ വൃത്തിഹീനമായ മൂത്രപ്പുരകളുടെ എണ്ണവർധനയുണ്ടാകും. അത്ര തന്നെ.

 

ഇത്തരം സന്ദർഭങ്ങളിൽ പുത്തൻ ആശയങ്ങളിലേക്ക് ഇന്നത്തെ ചാനൽയുഗത്തിൽ നിഷ്പ്രയാസം ജനങ്ങളേയും സർക്കാരിനെയും നയിക്കാൻ പറ്റും. കേരളത്തിന്റെ ഏതു പാതയോരത്തും ധാരാളമായി ഉള്ളതാണ് പെട്രോൾ ബങ്കുകൾ. ദേശീയ പാതകളിലൂടെ യാത്ര ചെയ്യുന്നവർ മൂത്രശങ്ക ഒഴിവാക്കാനായി ഉപയോഗിക്കുന്ന ഒരിടമാണത്.  മിക്ക ബങ്കുകളിലും ഒന്നിലധികം കക്കൂസുകളുണ്ട്. എടുത്തു പറയേണ്ട കാര്യമാണ് അവയെല്ലാം തന്നെ വൃത്തിയോടെ സൂക്ഷിക്കപ്പെടുകയും ചെയ്യുന്നുവന്നത്. ഒരു ബങ്കുകാരും ഇതുവരെ ഏതു ശങ്കയുമായി ചെന്നവരോടും പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായി റിപ്പോർട്ടുകൾ കണ്ടിട്ടില്ല. എന്തുകൊണ്ട് ബങ്കുകളോടു ചേര്‍ന്നുള്ള ഈ സംവിധാനത്തെ അവരുടെ സഹകരണത്തോടെ പ്രഖ്യാപിത പൊതുസ്ഥലങ്ങളാക്കിക്കൂടാ. അതുപോലെ ഹോട്ടലുകളുമായും സഹകരിച്ച് ഇതുപോലെ നടപ്പിലാക്കാവുന്നതാണ്. 'പൊതുമേഖലാ' മൂത്രപ്പുരയിൽ മൂത്രമൊഴിച്ചാൽ മാത്രമേ മലയാളിക്കു ശങ്ക മാറുകയുള്ളു എന്നു വാശിപിടിക്കേണ്ട കാര്യമുണ്ടോ. ഇപ്പോൾ പല ഹോട്ടലുകാരും ഈ സൗകര്യത്തെ പരസ്യപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ബിസിനസ്സ് കൂട്ടാൻ ശ്രമിക്കുന്നുണ്ട്. ഈ ബജറ്റിൽ വകയിരുത്തുന്ന തുകയുടെ ചെറിയൊരംശംകൊണ്ട് ഈ സംവിധാനത്തെ വിപുലീകരിക്കുകയാണെങ്കിൽ അതിവ്യാപകമാക്കാവുന്നതാണ് പ്രാഥമികാവശ്യ നിവൃത്തിക്കുള്ള സംവിധാനം.

 

മാദ്ധ്യമ ഉത്തരവാദിത്തം

 

മാദ്ധ്യമപ്രവർത്തനത്തിന്റെ ഒരു വലിയ പ്രശ്നമാണ് ഒറ്റനോട്ടത്തിൽ ആർക്കും ഇതു ചെയ്യാമെന്നു തോന്നുന്നത്. ആർക്കും ചെയ്യാവുന്ന വിധം മാദ്ധ്യമപ്രവർത്തനം അനുവർത്തിച്ചതിനെ തുടർന്നാണ് അത്തരമൊരു ധാരണ പ്രബലമായത്. അതിൽ നിന്നാണ് സിറ്റിസൺ ജേർണലിസം എന്ന പ്രതിഭാസം ഉയർന്നത്. സിറ്റിസൺ ജേർണലിസം ജേർണലിസമല്ലെന്ന് പറഞ്ഞാൽ ചിലപ്പോൾ ആക്രമിക്കപ്പെടുന്നത് വർത്തമാനകാല ജേർണലിസത്തിന്റെ നടപ്പുരീതിയുടെ സംരക്ഷണത്തിനുവേണ്ടികൂടിയാണ്. സമൂഹത്തിന്റെ ഉപരിതലം വളരെ ലളിതമാണ്. എന്നാൽ വൈവിധ്യമാർന്ന വ്യക്തികളടങ്ങുന്ന സമൂഹജീവിതം അതിസങ്കീർണ്ണമാണ്. അതുകൊണ്ടു തന്നെ സാമൂഹ്യശാസ്ത്രവും. മാദ്ധ്യമപ്രവർത്തനം ദൈനംദിനം ഏർപ്പെടുന്ന ആ ശാസ്ത്രപ്രയോഗമാണ്. കവി പി. കുഞ്ഞിരാമൻ നായർ കവികളെക്കുറിച്ച് പറഞ്ഞ നിർവചനമുണ്ട്. അതിതാണ്. കാക്കകൾക്കൊപ്പം നീങ്ങി കൊത്തിത്തിന്നണം. എന്നിട്ട് കുയിലിനേപ്പോലെ പാടണം. അതു മാദ്ധ്യമപ്രവർത്തകർക്കും ബാധകമാക്കാവുന്ന നിർവ്വചനമാണ്. കവിയെക്കാൾ ഒരു പടികൂടി ഉത്തരവാദിത്വവും കൂടി മാദ്ധ്യമപ്രവർത്തകരുടെ മേൽ വരുന്നുണ്ട്. കുയിലിനേപ്പോലെ വ്യത്യസ്തമായാൽ പോരാ. ആ വ്യത്യസ്തതയെന്താണെന്ന് സ്വയം തിരിച്ചറിയുകയും വേണം.

 

ചിലപ്പോൾ യഥാർഥത്തിൽ മൂത്രമൊഴിക്കുവാൻ തന്നെ വന്ന സ്ത്രീയെയായിരിക്കും പ്രിയ എളവള്ളിമഠം പിന്തുടർന്നത്. എന്നിരുന്നാലും അവരുടെ അഭിനയം വരികയും ഒരു യഥാർഥ സംഭവമായി ചിത്രീകരിക്കുകയും ചെയ്തതോടെ അതിന്റെ വിശ്വാസ്യത നഷ്ടമായി. മാദ്ധ്യമപ്രവർത്തനത്തിന്റെ ആത്മാവ് എന്നു പറയുന്നത് വിശ്വാസ്യതയാണ്. അതു നഷ്ടമായാൽ മാദ്ധ്യമം പകരുന്ന സന്ദേശം സന്ദേശമല്ലാതായി മാറുന്നു. അതുകൊണ്ടാണ് മാദ്ധ്യമമാണ് സന്ദേശം എന്ന് പറയുന്നത്. ഇവിടെ ഇവ്വിധം ഒരു വാർത്ത ചെയ്യാൻ പ്രിയ നിർബന്ധിതമായ സാഹചര്യത്തിൽ അതും ആർജ്ജവത്തോടെ ചെയ്യണം എന്ന തോന്നൽ വന്നിരുന്നുവെങ്കിൽ അവ്വിധം ചെയ്യാമായിരുന്നു. പക്ഷേ, അറിഞ്ഞോ അറിയാതെയോ ആക്ഷൻ ഹീറോ ബിജു രംഗം ഈ മാദ്ധ്യമപ്രവർത്തകയെ സ്വാധീനിച്ചു. അതിന് പ്രിയയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പ്രിയയ്ക്ക് മുന്നേ നടന്നവർ തെളിച്ചിട്ട വഴിയതാണ്. അപ്പോൾ അറിയാതെ പോലും ആ സ്വാധീനം പ്രകടമാകും.

 

പ്രിയയ്ക്കും വരുന്നതാണ് ആ 'ശങ്ക'. താൻ ആ ശങ്കയകറ്റാനായി കയറിയപ്പോൾ കണ്ട കാഴ്ചയെ അതേപടി ക്യാമറയിൽ പകർത്തിയിരുന്നെങ്കിൽ അതിന് വിശ്വാസ്യത ഒട്ടും ചോർന്നുപോകില്ലായിരുന്നു. പ്രിയയ്ക്കുകൂടി ബാധകമായ വിഷയത്തിൽ പ്രിയ അന്യയായി മാറി. പിന്നെങ്ങനെയാണ് പ്രേക്ഷകർക്ക് അതുമായി സ്വയം ബന്ധിപ്പിക്കാൻ പറ്റുക. പ്രിയയുടെ ഭാഷയിൽ ആ 'ചേച്ചി'യുടെ ഭാവപ്രകടനത്തിലേക്കാണ് പ്രേക്ഷകരുടെ ശ്രദ്ധ പോയത്. അല്ലാതെ വിഷയത്തിലേക്കല്ല. വിഷയത്തിലേക്കുള്ള ശ്രദ്ധയെ  നശിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള കൃത്രിമ നാടകീയതകൾ. വിഷയത്തിലേക്കുള്ള ശ്രദ്ധ നശിക്കരുതെന്ന ശ്രദ്ധ മാത്രം മതി മാദ്ധ്യമപ്രവര്‍ത്തനം ഉത്കൃഷ്ടമാകാനും പൈങ്കിളിയേക്കാൾ ശ്രദ്ധേയമാകാനും. മാദ്ധ്യമസ്ഥാപനത്തിന്റെ റേറ്റിംഗ് കൂടാനും വരുമാനം പതിന്മടങ്ങ് വർധിക്കാനും പറ്റിയ വഴി അതു തന്നെ. മേന്മയോളം മേന്മ മേന്മയ്ക്കല്ലാതെ ഒന്നിനുമുണ്ടാകില്ല. റിപ്പോർട്ടിംഗ് എന്നു പറയുന്നത് എന്താണെന്ന് ഒരു നിമിഷം ആലോചിച്ചാൽ ഈ 'ശങ്ക' വരില്ലായിരുന്നു. ഒരിക്കൽ കൂടി ആവർത്തിക്കട്ടെ, മാദ്ധ്യമപ്രവർത്തകയ്ക്കുള്ള അടിസ്ഥാനയോഗ്യത പ്രിയയ്ക്കുണ്ട് എന്നതിന് തെളിവാണ് ആ 'ശങ്ക'വാർത്ത ശങ്കയോടുകൂടി അവതരിപ്പിക്കപ്പെട്ടത്.        

Tags: