പ്രത്യക്ഷത്തില്‍ നോക്കിയാല്‍ വാർത്ത തിരഞ്ഞെടുക്കാൻ കാന്റീൻ മാനേജർ മതി എന്ന്‍ ധനസ്ഥിതിയുടെ കാര്യത്തില്‍ മുൻപന്തിയിലുള്ള ഇന്ത്യയിലെ ഒരു പത്രത്തിന്റെ മുതലാളി മുൻപ് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം അത് ഏതാണ്ട് നടപ്പാക്കുകയും മറ്റ് മാധ്യമങ്ങള്‍ വൈകാതെ ആ പാത പിന്തുടരുകയും ചെയ്തു. ഇന്ന്‍ ആ സ്ഥിതിയും മാറിയിരിക്കുന്നു. സമൂഹത്തില്‍ ശക്തിയാർജിച്ച ടെലിവിഷൻ മാധ്യമത്തില്‍ പലപ്പോഴും തകർപ്പൻ വാർത്തകൾ നിശ്ചയിക്കുന്നത് കുപ്രസിദ്ധ കുറ്റവാളികളും ഗൂഢാലോചനക്കാരുമായിരിക്കുന്നു. ഏറ്റവും ശ്രദ്ധേയം കുറ്റവാളികൾക്കുള്ളില്‍ മാധ്യമങ്ങളെക്കുറിച്ചുള്ള ധാരണ തെറ്റിയില്ല എന്നുള്ളതാണ്. ഇത് ഒരു പുതിയ സാഹചര്യം സൃഷ്ടിച്ചിട്ടിട്ടുണ്ട്. പിടിച്ചുപറി, ഭവനഭേദനം എന്നീ ചെറിയ ഇനത്തില്‍ പെട്ട ഒറ്റപ്പെട്ട കുറ്റകൃത്യങ്ങൾ ഒഴിച്ചാല്‍ വൻ രീതിയിലുള്ള കുറ്റകൃത്യങ്ങളിലേർപ്പെടുന്നതില്‍ അവർ മാധ്യമങ്ങളേയും ഉൾപ്പെടുത്തുന്നു. അത് അവർക്കുള്ളില്‍ മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തിട്ടുള്ളള വാർത്തയെക്കുറിച്ചും മാധ്യമപ്രവർത്തനത്തെക്കുറിച്ചുമുളള അറിവും ധാരണയും തന്നെ. ചില സമീപകാല ഉദാഹരണങ്ങൾ.
- സൂര്യനെല്ലിക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി ജയിലിലേക്ക് മടങ്ങാതെ മുങ്ങി നടക്കുകയായിരുന്നു ആ കേസ്സിലെ പ്രതി ധർമ്മരാജൻ. അപ്പോഴാണ് ദില്ലി കൂട്ടബലാല്‍സംഗക്കേസ്സിന്റെ പശ്ചാത്തലത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടിയുടെ അപ്പീലില്‍ സുപ്രീംകോടതി വിധി വന്നത്. അതുപ്രകാരം ഹൈക്കോടതി വിധി റദ്ദാക്കപ്പെടുകയും വെറുതെ വിട്ടയക്കപ്പെട്ട പ്രതികൾ വീണ്ടും കീഴടങ്ങേണ്ടിയും വന്നത്. ആ സമയത്തുണ്ടായ മാധ്യമവിചാരണ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ കുര്യനെ നിർത്തിപ്പൊരിച്ചു. അപ്പോഴാണ് ഒളിവിലായിരുന്ന, വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച കുറ്റവാളി ധർമരാജന് ചില വെളിപാടുകളുണ്ടായതും അത് വാർത്തയാക്കണമെന്ന്‍ തോന്നിയതും. ധർമ്മരാജൻ വാർത്തയാക്കാൻ നിശ്ചയിച്ച നിമിഷം അത് ടെലിവിഷനില്‍ തല്‍സമയ വാർത്തയായി.
- സോളാർ തട്ടിപ്പുകേസ്സില്‍ സരിത എസ്സ്. നായർ അറസ്റ്റിലായി. മുഖ്യപ്രതി ബിജു രാധാകൃഷ്ണൻ ഒളിവില്‍ പോയി. സോളാർ തട്ടിപ്പ് വിവാദം കത്തിക്കയറി. ടെലിവിഷൻ വാർത്തകളില്‍ മറ്റ് വാർത്തകളില്ലാതായി. രാധാകൃഷ്ണൻ വാർത്തയുണ്ടാക്കാൻ നിശ്ചയിച്ചു. അയാൾ ഒളിസങ്കേതത്തില്‍ നിന്ന്‍ തല്‍സമയം ചാനലിലൂടെ സംസാരിച്ചു. സോളാർ തട്ടിപ്പ് കേസ്സിന്റേയും ചർച്ചയുടേയും ഗതി മാറുന്നു. അയാൾ പോലീസ് കസ്റ്റഡിയിലായതിനു ശേഷമാണ് ഈ അഭിമുഖം കൊടുത്തതെന്നും ആക്ഷേപമുണ്ട്. സോളാർ വിവാദത്തില്‍ നിയമസഭാ സമ്മേളനം തടസ്സപ്പെട്ടു. ഭരണപക്ഷവും സർക്കാരും ലൈംഗിക-അഴിമതി വാർത്തകളില്‍ മുങ്ങി നാണം കെട്ടു.
- പ്രതിപക്ഷത്തിന്റെ ആക്രമണത്തിന്റെ ശക്തി ഇല്ലായ്മ ചെയ്യുകയാണോ അതോ വ്യക്തിവിരോധം കൊണ്ടാണോ എന്ന്‍ നിശ്ചയമില്ല, ഒരു സംഘം ഗൂഢാലോചനക്കാർ മുൻ മന്ത്രിയും എം.എല്‍.എയുമായ ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിക്കാനും കിടപ്പറരംഗങ്ങൾ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യാനും തീരുമാനിച്ചു. അവർ ആരായാലും അങ്ങേയറ്റം കുറ്റവാസനയുള്ള സാമൂഹ്യവിരുദ്ധർ തന്നെയാണ്. അച്ഛനും മകനുമായി ലൈഗികവേഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് തെറ്റയിലിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനും പിന്നീട് ഗൂഢാലോചനയിലും പങ്കെടുത്ത യുവതി രാജ്യത്തെ നിയമമനുസരിച്ച് കുറ്റകൃത്യത്തിലേർപ്പെട്ട വ്യക്തിയാണ്. ഗൂഢാലോചനക്കാർ, ഒരുപക്ഷേ, പ്രതീക്ഷിച്ചതിലും ഗംഭീരമായി ദൃശ്യങ്ങൾ ചാനലുകളില്‍ വന്നു.
- അച്ഛനും മകനുമായി ലൈംഗിക വേഴ്ച നടത്തിയതിന്റെ ദൃശ്യങ്ങളുമായി ജോസ് തെറ്റയിലിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് മകനെ വിവാഹം ചെയ്യാന്‍ ശ്രമിച്ച യുവതിക്ക് കേസന്വേഷണം നടന്നു കൊണ്ടിരിക്കുമ്പോൾ വാർത്ത സൃഷ്ടിക്കണമെന്നു തോന്നി. ചിലപ്പോൾ ഗൂഢാലോചനക്കാരുടെ നിർദേശപ്രകാരമായിരിക്കാം. അവർ പറയുന്നു, ജോസ് തെറ്റയില്‍ മകനെക്കൊണ്ട് തന്നെ കെട്ടിക്കാതെ തെറ്റ് കാണിച്ചുവെന്ന്‍. ആ സ്ത്രീ തിരിച്ചറിയപ്പെടില്ലെങ്കിലും അവരുടെ മുഖത്തിന്റെ അഴകളവിന്റെ പൊതുനിലവാരം വ്യക്തമാക്കുന്നവിധം കാണിച്ചുകൊണ്ടായിരുന്നു അവർ പറഞ്ഞത് പ്രക്ഷേപണം ചെയ്തത്. ആ ദൃശ്യങ്ങൾ തല്‍സമയം കാണിച്ചുകൊണ്ടിരുന്നപ്പോൾ അവതാരകയുടെ ഒരു ചോദ്യമുണ്ടായിരുന്നു. അത് മാധ്യമചരിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്തേണ്ടതാണ്. ആ യുവതിയോടുള്ള ചോദ്യം ഇതായിരുന്നു- ആരായിരുന്നു മാധ്യമ ഓഫീസുകളില്‍ സി.ഡി എത്തിച്ചത്? ആ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്ത ചാനല്‍ തന്നെയാണ് ഈ ചോദ്യമുന്നയിക്കുന്നത്. ആരാണ് കൊണ്ടുവന്നതെന്ന്‍ പോലുമറിയാതെയാണ് അജ്ഞാതർ കൊടുത്ത ദൃശ്യങ്ങൾ പ്രേക്ഷകരെ കാണിച്ചത്. യഥാർഥത്തില്‍ വാർത്ത അതന്വേഷിച്ചു ചെല്ലുമ്പോഴല്ലേ ലഭിക്കുക?
- കുറ്റവാളികൾ സ്വമേധയാ തയ്യാറായില്ലെങ്കില്‍ അവരുടെയടുത്തേക്ക് ക്യാമറയുമായിപ്പോകുന്നു മാധ്യമപ്രവർത്തകർ. കുറ്റവാളികളായി തെളിയിക്കപ്പെട്ടവരുടെ വാക്കുകൾ സമൂഹം കേൾക്കേണ്ടതുമില്ല, അവർ ശിക്ഷിക്കപ്പെട്ടാല്‍ സമൂഹത്തില്‍ ജീവിക്കാനും അവകാശമില്ല. അതുകൊണ്ടാണ് അവരെ ജയിലിലടയ്ക്കുന്നത്. അങ്ങനെ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീംകോടതിയാണ് മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള കുറ്റവാളിയാണെന്ന്‍ വിധിച്ചതും അദ്ദേഹത്തിനു തടവുശിക്ഷ നല്‍കിയതും. പക്ഷേ, വിധി വന്നതിന് ശേഷം അദ്ദേഹത്തിന്റെ പിന്നാലെ നിന്ന്‍ മാധ്യമങ്ങൾ മാറുന്നുണ്ടായിരുന്നില്ല. പിന്നീട്, ജയിലില്‍ നിന്ന്‍ പരോളില്‍ പുറത്തിറങ്ങുമ്പോഴും അതായിരുന്നു സ്ഥിതി. ബാലകൃഷ്ണപിള്ളയും അതുതന്നെ പ്രതീക്ഷിച്ചിരുന്നു. ഒടുവില്‍ പരോളില്‍ വിടുമ്പോഴുള്ള ഉപാധികളിലൊന്ന്‍ മാധ്യമങ്ങളോട് പിള്ള സംസാരിക്കരുതെന്നായിരുന്നു.
ഈ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി പുതിയ റിപ്പോർട്ടിംഗ് രീതിയും ഉടലെടുത്തിട്ടുണ്ട്. അറസ്റ്റിലാവുന്ന കുറ്റവാളികൾക്കൊപ്പം യാത്ര ചെയ്യുക. അവർ കാപ്പി കുടിക്കുന്നതും പത്രം വായിക്കുന്നതും തുടങ്ങി അവരുടെ മുഖഭാവുമെല്ലാം റിപ്പോർട്ട് ചെയ്യുന്നു. ഈ സമ്പ്രദായം പ്രേക്ഷകരേയും ഇത്തരം ഒരെണ്ണത്തിനായി എപ്പോഴും കാത്തിരിക്കുന്ന അവസ്ഥയിലെത്തിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ സീരിയലുകാരുടെ പള്ളയ്ക്കടിച്ചിട്ടാണെങ്കിലും. ഇനി കേരളീയ സമൂഹം ഇവിടുത്തെ ചാനലുകളില്‍ നിന്ന്‍ അതീവ ആകാംഷയോടെ കാത്തിരിക്കുന്നത് സരിത എസ്സ്. നായരുടെ ജാമ്യമാണ്. ജാമ്യം കിട്ടിയാല്‍ ആർക്കാണോ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഇന്റർവ്യു കിട്ടുന്നത് അവർ അന്ന്‍ റേറ്റിംഗില്‍ സ്‌കോർ ചെയ്യും. സരിതയുടെ അഭിഭാഷകന് ഒരു കാര്യം ചെയ്യാവുന്നതാണ്. ഇവരുടെ ഇന്റർവ്യൂവിലൂടെ ലഭിക്കുന്ന പരസ്യവരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം. ഉറപ്പായും ലേലത്തില്‍ തന്നെ നിശ്ചയിച്ചാല്‍ നല്ല തുക കിട്ടാനുളള സാധ്യതയുണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജയിലില്‍ കയറുന്നതിന് മുൻപ് അവർ ജീവിച്ചിരുന്ന ആഡംബരജീവിതം തുടരാനുള്ള തുക ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.