ഹാദിയക്ക് പഠനം തുടരാം; സംരക്ഷണം സര്‍വ്വകലാശാലയുടെ ഡീനിന്‌

Glint staff
Mon, 27-11-2017 05:30:53 PM ;

 hadiya, supreme court

ഹാദിയക്ക് പഠനം തുടരാമെന്ന് സുപ്രിംകോടതി. ഹാദിയയുടെ സംരക്ഷണ ചുമതല പഠിക്കുന്ന സര്‍വ്വകലാശാലയുടെ ഡീനിന് നല്‍കി. സേലത്തെ മെഡിക്കല്‍ കോളേജില്‍ പഠനം പൂര്‍ത്തിയാക്കണം. ഇതിന് വേണ്ട ചെലവ് കേരള സര്‍ക്കാര്‍ നല്‍കണമെന്നും സുപ്രിംകോടതി പറഞ്ഞു.  ജനുവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കും. എന്നാല്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേയോ മറ്റ് നടപടികളോ സുപ്രിംകോടതിയില്‍ നിന്നുണ്ടായിട്ടില്ല.കോളേജിലേയ്ക്ക് പോകുന്നതുവരെ ദില്ലി കേരളാ  ഹൗസില്‍ തങ്ങണമെന്നും കോടതി ഹാദിയക്ക് നിര്‍ദേശം നല്‍കി.

 

ഷെഫിന്‍ ജഹാനൊപ്പം വിടണമെന്ന് ഹാദിയ ആവശ്യപ്പെട്ടെങ്കിലും അത് ഇപ്പോള്‍ ആലോചിക്കേണ്ടെന്നും ആദ്യം പഠനം പൂര്‍ത്തിയാക്കാനും കോടതി പറഞ്ഞു.

 

തന്നെ സ്വതന്ത്രയാക്കണമെന്നും വിശ്വാസമനുസരിച്ച് ജീവിക്കാനും പഠനം തുടരാനും തന്നെ അനുവദിക്കമെന്നും ഹാദിയ സുപ്രിം കോടതിയില്‍ പറഞ്ഞു. തന്നെ വീട്ടുകാര്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഹാദിയ കോടതിയില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. പിതാവ് അശോകന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി, തുറന്ന കോടതിയില്‍ ഹാദിയക്ക്  നിലപാട് വ്യക്തമാക്കാമെന്ന് അറിയിച്ചു. ഇംഗ്ലീഷില്‍ സംസാരിക്കാനാകാത്തതിനാല്‍ പരിഭാഷകന്റെ സഹായത്തോടുകൂടിയാണ് ഹാദിയ സുപ്രീംകോടതിയില്‍ മൊഴി നല്‍കിയത്.

 

ആദ്യം എന്‍.ഐ.എയും ഹാദിയയുടെ പിതാവ് അശോകന്റെയും വാദമാണ് ആദ്യമണിക്കുറുകളില്‍ കോടതി കേട്ടത്. എന്നാല്‍ ഷെഫിന്‍ ജഹാന്റെ അഭിഭാഷകനായ കപില്‍ സിബല്‍ ഇടയ്ക്ക് ഇടപെട്ട് ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് പറഞ്ഞു. തുടര്‍ന്നാണ് ഹാദിയയോട് ചോദ്യം ചോദിക്കാന്‍ ആരംഭിച്ചത്.

 

 

എന്താണ് ഭാവി പരിപാടിയെന്ന ചോദ്യത്തിന് എനിക്ക് സ്വാതന്ത്ര്യം വേണമെന്നാണ് ഹാദിയ പറഞ്ഞത്. തന്റെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കണം. ഹോമിയോ ബിരുദധാരിയായ തനിക്ക് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ അനുവാദം നല്‍കണമെന്നും ഹാദിയ സുപ്രീംകോടതിയില്‍ പറഞ്ഞു.

 

ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സുപ്രീംകോടതിയില്‍ വാദം തുടങ്ങിയത്. വന്‍ സുരക്ഷ അകമ്പടിയോടെയാണ് ഹാദിയ കേരള ഹൗസില്‍ നിന്നും സുപ്രീംകോടതിയിലെത്തിയത്. കൃത്യം മൂന്നു മണിക്ക് തന്നെ കോടതി നടപടികള്‍ ആരംഭിച്ചു.ഹാദിയയുടെ പിതാവ് അശോകന് വേണ്ടി ശ്യാം ദിവാന്‍, എന്‍ഐഎയ്ക്കായി അഢീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് എന്നിവരാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എംഎം ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹാദിയ കേസില്‍ വാദം കേട്ടത്.

 

കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മകളെ പഠനം തുടരാന്‍ അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും ഹാദിയയുടെ പിതാവ് പറഞ്ഞു.

 

Tags: