ഉത്തരാഖണ്ഡ് ദുരന്തം മുന്നറിയിപ്പ് മാത്രം; വികസനങ്ങള്‍ പ്രകൃതിയെ നശിപ്പിക്കുന്നതാവരുത്

Glint desk
Mon, 08-02-2021 06:42:18 PM ;

2013ല്‍ ഉത്തരാഖണ്ഡ് ലോകത്തോട് പറഞ്ഞതാണ് സൂക്ഷിക്കുക. അന്ന് കേദാര്‍നാഥില്‍ മേഘസ്‌ഫോടനത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌ഫോടനം ഉണ്ടായി. പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലുമായി 5700 പേരാണ് മരിച്ചത്. പാലങ്ങളും റോഡുകളുമെല്ലാം തകര്‍ന്നടിഞ്ഞു. ഹിമാലയത്തിന്റെ പ്രാധാന്യം മനസ്സിലാകാതെ ഹിമാലയത്തില്‍ നടന്നിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം ലോകത്തിന്റെ തന്നെ പരിസ്ഥിതിയെ ബാധിക്കത്തക്ക മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് വളരെ മുന്‍പ് തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ലോകത്തിലെ മാറുന്ന കാലാവസ്ഥയുടെ പ്രതിഫലനമാണ് ഹിമാലയത്തിലെ മഞ്ഞുപാളികളില്‍ കാണുന്ന വ്യതിയാനം. മഞ്ഞുപാളികള്‍ ക്രമാതീതമായി ഉരുകി ഉടഞ്ഞുവീഴുന്ന പ്രതിഭാസം തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനെല്ലാമുള്ള മുന്നറിയിപ്പായിരുന്നു 2013ലെ മേഘസ്‌ഫോടനം. 

യഥാര്‍ത്ഥത്തില്‍ ഐതീഹ്യങ്ങള്‍ വാച്യാര്‍ത്ഥത്തില്‍ മാത്രം എടുക്കാതെ അതിന്റെ ഉള്ളടക്കം മനസ്സിലാക്കിയാല്‍ ഹിമാലയത്തിന്റെ പ്രത്യേകതകള്‍ വളരെ വ്യക്തമാണ്. ഭഗീരഥ തപസിനെ തുടര്‍ന്ന് ഭൂമിയിലേക്ക് വരാന്‍ തയ്യാറായ സ്വര്‍ഗംഗ പറഞ്ഞു ഞാന്‍ വന്നാല്‍ എന്നെ ഭൂമി താങ്ങില്ല എന്ന്. തുടര്‍ന്ന് ഗംഗയെ ശിവന്‍ തന്റെ ജഡയില്‍ സ്വീകരിക്കുകയും ഏതാനും ഇഴകള്‍ മാറ്റി ഗംഗയെ ഭൂമിയിലേക്ക് വിടുകയും ചെയ്തു എന്നാണ് ഐതീഹ്യം. ഇതിനെ വാച്യാര്‍ത്ഥത്തില്‍ എടുത്താല്‍ യാതൊരു ഉചിതവുമില്ലാത്ത വെറും കഥയാണ്. എന്നാല്‍ അതില്‍ അടങ്ങിയിരിക്കുന്ന ധ്വനിയുടെ പ്രകാശനമായിരുന്നു 2013ലെ മേഘസ്‌ഫോടനം. ഇതൊന്നും തിരിച്ചറിയാതെയാണ് ഉത്തരാഖണ്ഡില്‍ ഇപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 

അപ്രതീക്ഷിതമായാണ് മഞ്ഞുമല ഇടിഞ്ഞ് വീണ് 170 പേരെ കാണാതാവുകയും ഉത്തരാഖണ്ഡിലെ ചമോലി ഗ്രാമത്തിലെ ധൗലി ഗംഗ, അളകനന്ദ നദികളില്‍ വന്‍ പ്രളയം ഉണ്ടാവുകയും ചെയ്തത്. ഹിമാലയത്തിലെ പാറക്കെട്ടുകള്‍ ചീളുകള്‍ പോലെയുള്ള പാറക്കെട്ടുകളാണ്. അതുകൊണ്ടാണ് ഇടയ്ക്ക് ഭൂചലനവും ഭൂകമ്പങ്ങളും വടക്കേ ഇന്ത്യയില്‍ ഉണ്ടാവുന്നത്. ഹിമാലയത്തിന്റെ തേരി ഡാമിലെ പ്രവര്‍ത്തന വേളയില്‍ ഇതു പലരും ചൂണ്ടിക്കാണിച്ചതാണ്. ഡാമിന്റെ ഉള്‍വശം ഓടുകഷ്ണങ്ങള്‍ അടുക്കിവെച്ചത് പോലെയായിരുന്നു കാണപ്പെട്ടത്. ഇത് ചെറിയ ഒരു ചലനം ഉണ്ടാകുമ്പോള്‍ ഇളകി വീഴുകയും ചെയ്യും. ആ ഭാഗത്ത് മലയിടിച്ചിലുകള്‍ ഉണ്ടാകാന്‍ കാരണവും അതാണ്. ഇപ്പോള്‍ മഞ്ഞുമല ഇടിഞ്ഞ് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് അപ്രതീക്ഷിതമായി അളകനന്ദയിലും ധൗലി ഗംഗയിലുമൊക്കെ വന്‍ വെള്ളപ്പൊക്കം ഉണ്ടാവുകയും തീരത്തിലുള്ളവരുടെ വീടുകള്‍ ഒഴുകിപ്പോവുകയും ചെയ്തത്. അവിടെ ഉണ്ടായിരുന്ന എന്‍.ടി.പി.സി വൈദ്യുതനിലയം പൂര്‍ണ്ണമായും തകര്‍ന്നു. 

ഹിമാലയത്തിന്റെ അതിസൂക്ഷ്മ അവസ്ഥയും പ്രത്യേകതയും ഇനിയെങ്കിലും തിരിച്ചറിയേണ്ടതാണ്. ഇത് തിരിച്ചറിയാതെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഉത്തരാഖണ്ഡിനെ ദുരന്തഭൂമിയാക്കി മാറ്റുന്നത്. ഇതുപോലും ഒരു മുന്നറിയാപ്പാണ് എന്നുള്ളത് വസ്തുതയാണ്. ഹിമാലയത്തിന്റെ മര്‍മ്മത്തിലേക്ക് എന്തെങ്കിലും ആഘാതം സംഭവിച്ച് കഴിഞ്ഞാല്‍ അതിന്റെ ആഘാതം ഒരു സംസ്ഥാനത്തില്‍ മാത്രമായി നില്‍ക്കില്ല എന്നതിന്റെ വ്യക്തമായ നിര്‍ദേശമാണ് 2013ലെ പ്രളയവും ഇപ്പോഴത്തെ മഞ്ഞുമല ഇടിച്ചിലിലും ലോകത്തിന് തരുന്നത്. ഇതില്‍ പ്രാദേശികമായ ഇടപെടലുകള്‍ എങ്ങനെ വേണമെന്ന് രാജ്യത്തിന് നിശ്ചയിക്കാനുള്ള ഒരു അവസരം കൂടിയാണിത്. ഇത് ഇന്ത്യയുടെ മാത്രം ദുരന്തമല്ല മറിച്ച് ലോകത്തിന് ഏല്‍ക്കുന്ന ആഘാതം കൂടിയാണ്. മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടലിന്റെ മറ്റൊരു പ്രതിഫലനമാണ് ഇപ്പോള്‍ നാം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്ന കൊറോണവൈറസും എന്ന് മറക്കരുത്.

Tags: