ഒടുവില്‍ സുപ്രീംകോടതി ഇടപെടല്‍, കര്‍ഷക സമരം ഫലപ്രാപ്തിയിലേക്കോ?

Glint Desk
Mon, 11-01-2021 01:55:20 PM ;

ഒടുവില്‍ സുപ്രീം കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നു. കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  സമരം നേരിട്ട കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തയ കോടതി കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്ന് പറഞ്ഞു. അല്ലാത്തപക്ഷം തങ്ങള്‍ അത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പറഞ്ഞു. 

അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമാണ് കാര്‍ഷിക ബില്ലെനെതിരായ പ്രക്ഷോഭം. ആഴ്ചകാളി കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തെ സ്തംഭിപ്പിരിക്കുകയാണ്. പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും സര്‍ക്കാരും കര്‍ഷകരും നിലപാട് മയപ്പെടുത്താന്‍ കൂട്ടാക്കാത്തതിനെ തുര്‍ന്ന് പ്രശ്‌നം അനന്തമായി നീളുകയാണ്. അതിനിടെയാണ് സുപ്രീംകോടതിയില്‍ കേസെത്തിയത്. ഹര്‍ജി പരിഗണിക്കവെ 
കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല എന്നു പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ആവശ്യമായ കൂടിയാലോചനകള്‍ ഇല്ലാതെ നിയമം ഉണ്ടാക്കിയതാണ് ഇത്തരമൊരു സമരത്തിലേയ്ക്ക് നയിച്ചത്. അതുകൊണ്ട് സര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചേ മതിയാകൂ എന്നും കോടതി പറഞ്ഞു. പ്രതിഷേധത്തിന് ഞങ്ങള്‍ എതിരല്ല. നിയമം സ്റ്റേ ചെയ്യുകയാണെങ്കില്‍ പ്രതിഷേധക്കാരുടെ ആശങ്ക ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നടപ്പിലാക്കുകയാണെങ്കിലോ, കോടതി തന്നെ നിയമം സ്‌റ്റേ ചെയ്യുകയാണെങ്കിലോ കര്‍ഷകര്‍ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.

Tags: