മോഡി രാജ്യത്തെ ഞെട്ടിച്ചുകളഞ്ഞു

Glint Staff
Wed, 27-03-2019 06:46:36 PM ;

modi address

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്ത്യയിലെ ചാനലുകാരും   ചേര്‍ന്ന് ഉപഭൂഖണ്ഡത്തെ ഏതാണ്ട് ഒരു മണിക്കൂറോളം അക്ഷരാര്‍ത്ഥത്തില്‍ വിരട്ടിക്കളഞ്ഞു. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. അതും പ്രധാനമന്ത്രി തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതികളോ നയങ്ങളോ ഒന്നും അവതരിപ്പിക്കാന്‍ ഇടയില്ല. അതേപോലെ ഭരണവുമായി ബന്ധപ്പെട്ട കൂറ്റന്‍ വിഷയങ്ങളൊന്നും അവതരിപ്പിക്കാനും സാധ്യതയില്ല .ചാനലുകാര്‍ പറയുന്നു'പ്രധാനമന്ത്രിയുടെ വസതിയില്‍ ബുധനാഴ്ച രാവിലെ രണ്ട് പ്രധാനപ്പെട്ട യോഗങ്ങള്‍ നടന്നു കഴിഞ്ഞു. ഒന്ന് രാജ്യ സുരക്ഷാ സമിതിയുടെ. രണ്ടാമത്തേത് ക്യാബിനറ്റ് മന്ത്രിമാരുടെ. രാജ്യസുരക്ഷാ യോഗത്തിലാകട്ടെ മൂന്ന് സേനാ തലവന്മാരും പങ്കെടുക്കുന്നുണ്ട് .യോഗത്തില്‍ പങ്കെടുക്കാന്‍ പോയ എല്ലാ മന്ത്രിമാരും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്' ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ആകാംക്ഷ നിറഞ്ഞ സ്വരത്തിലൂടെ രാജ്യത്തെ അറിയിച്ചുകൊണ്ടിരുന്നു.

 

രാവിലെ 11.45 നും 12 നും ഇടയ്ക്കാണ് താന്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത് എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്. 12.10 കഴിഞ്ഞിട്ടും പ്രധാനമന്ത്രിയുടെ അഭിസംബോധന കാണുന്നില്ല .ദൂരദര്‍ശനും എ.എന്‍.ഐയും അദ്ദേഹത്തിന്റെ അഭിസംബോധന റദ്ദാക്കിയതായി അറിയിച്ചിട്ടുമില്ല .ഒടുവില്‍ എ.എന്‍.ഐയെ ഉദ്ധരിച്ചുകൊണ്ട് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു 8 മിനിറ്റിനുള്ളില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയുണ്ടാകും. ജനങ്ങള്‍ മുഴുവന്‍ അതീവ ആകാംക്ഷയോടെ ടെലിവിഷനിലും മൊബൈല്‍ ഫോണിലും ചാനലുകള്‍ ശ്രദ്ധിച്ചിരുന്നു. നിരത്തുകളില്‍ ആള്‍ക്കാര്‍ കൂടി.  ഇതിനിടെ  സാഹചര്യ വ്യാഖ്യാന വിദഗ്ധരായ ടെലിവിഷന്‍ ജേണലിസ്റ്റുകള്‍ ചില നിരീക്ഷണങ്ങള്‍ നടത്തി.  ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കഴിയുംവരെ ഇന്ത്യ-പാക് ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമെന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ  പ്രസ്താവന ചിലര്‍ ഉദ്ധരിച്ചു. മിനിട്ടുകള്‍ ഓരോന്നായി അടര്‍ന്നു വീണു. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രത്യക്ഷപ്പെട്ടു. എന്തായാലും തന്റെ അഭിസംബോധനയിലൂടെ മുള്‍മുനയില്‍ നിന്ന് മുനയും മുള്ളുമില്ലാത്ത പ്രതലത്തിലേക്ക് ജനങ്ങളെ  പ്രധാനമന്ത്രി കൊണ്ടുപോയി.ഉപഗ്രഹവേധ മിസൈല്‍ ശേഷി ഇന്ത്യ കൈവരിച്ചിരിക്കുന്നു.ഈ ശേഷി കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. 130 കോടി ജനങ്ങളുടെ രക്തസമ്മര്‍ദ്ദം സാധാരണനിലയിലേക്ക് ആയി.

 

ഏറ്റവും കടുത്ത വിമര്‍ശകര്‍ പോലും മോഡിയെ ഒരു ധൈര്യശാലിയായിട്ടാണ് നാളിതുവരെ വിശേഷിപ്പിച്ചിരുന്നത്.വളരെ നന്നായി ഗൃഹപാഠം ചെയ്ത് എപ്പോഴും അഭിസംബോധനക്ക് എത്തുന്ന നരേന്ദ്രമോഡി 2019 മാര്‍ച്ച് 27 വരെ  ആ മുഖം കാത്തുസൂക്ഷിക്കുന്നതില്‍ വിജയിച്ചിരുന്നു. എന്നാല്‍ അതിന് വന്‍ കോട്ടം തട്ടുന്നതായിപ്പോയി ട്വിറ്ററിലൂടെയുള്ള മുന്‍കൂര്‍ പ്രഖ്യാപനത്തിന് ശേഷം  നടത്തിയ പ്രഖ്യാപനം. ഉപഗ്രഹവേധ മിസൈല്‍ ശേഷി കൈവരിക്കുക എന്നത് വന്‍ നേട്ടം തന്നെ. അത് രാജ്യത്തിന്റെയും ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന്റെയും നേട്ടം തന്നെയാണ്. സ്വഭാവികമായും രാജ്യത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കും അതില്‍ അഭിമാനിക്കാനുള്ള വകയുണ്ട്. ആ പ്രഖ്യാപനം ഈ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സാങ്കേതികമായി ചട്ടലംഘനത്തിന്റെ പരിധിയില്‍ വരില്ല എന്നതിന്റെ പേരില്‍ അത് മറ്റു പല തലങ്ങളിലേക്ക് മാറ്റി അവതരിപ്പിക്കുകയാണ് ഇവിടെ ഉണ്ടായത്.

 

എന്തും ഏതും ആനുപാതികം അല്ലെങ്കില്‍ അത് അശ്രീകരം ആണ്. അശ്രീകരം ആകുന്നത് ചിലപ്പോള്‍ പ്രത്യക്ഷത്തില്‍ വ്യക്തമാകില്ല. മറിച്ച് കാഴ്ചക്കാരുടെയും കേള്‍വിക്കാരുടെയും ഉള്ളില്‍ സ്വാഭാവികമായി അവര്‍ അറിയാതെതന്നെ അനുഭവപ്പെടുന്ന വൈകാരിക ബോധമാണത്. രാജ്യം കൈവരിച്ച ഒരു നേട്ടത്തെ ആ നേട്ടത്തിന് അനുസൃതമായ രീതിയില്‍ അവതരിപ്പിക്കുമ്പോഴാണ് ഭംഗി. അനുസൃത രഹിതം അഥവാ അനുപാത രഹിതമായി എത്ര മനോഹരമായ സംഗതി അവതരിപ്പിച്ചാലും അത് അഭംഗിയായി മാറും. ഇന്ത്യാമഹാരാജ്യത്തെയും ലോകത്തെയും എല്ലാ ജനതയ്ക്കും അറിയാം മാര്‍ച്ച് 27ന് നടത്തിയ പ്രധാനമന്ത്രിയുടെ രാഷ്ട്രത്തോടുള്ള പ്രഖ്യാപനം സാങ്കേതികമായി തിരഞ്ഞെടുപ്പ് ചട്ടവിരുദ്ധം അകാതെയുള്ള ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചാരണ വിദ്യയാണ് എന്നുള്ളത്. അതുകൊണ്ട് സംഭവിച്ചത് ഇതുവരെ ശക്തനായി കരുതപ്പെട്ടിരുന്ന ഒരു വ്യക്തിയുടെ ഭീതി കലര്‍ന്ന സ്വരവും പേടിയുടെ വൈകാരിക അംശങ്ങളും രക്ഷപ്പെടാനുള്ള വ്യഗ്രതയും ഒക്കെ പ്രകടമായി. അതോടൊപ്പം അവിടെ ചോര്‍ന്നുപോയത് രാജ്യം കൈവരിച്ച ഒരു നേട്ടത്തിന്റെ മഹിമയാണ്.

 

 

Tags: