ഒരു വ്യക്തിക്ക് അയാളെപ്പോലെ മാത്രമേ പെരുമാറാന്‍ കഴിയുകയുള്ളൂ. അത് ചിലപ്പോള്‍ സമൂഹത്തിന് വിരുദ്ധമായിരിക്കും. ചിലപ്പോള്‍ അപകടകരവും. അങ്ങനെ അപകടകരമായി പെരുമാറുന്നവരെ സമൂഹമധ്യത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. അതിനാണ് നിയമവ്യവസ്ഥ. ഇടുക്കി ജില്ലയില്‍ നിരന്തരമായി സബ് കള്ടര്‍മാരായി എത്തുന്ന ഐ.എ.എസ്.ഉദ്യോഗസ്ഥര്‍ ഒന്നുകില്‍ ഔദ്യോഗികമായി തെറിപ്പിക്കപ്പെടുന്നു, അല്ലെങ്കില്‍ അവരെ മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഈ രണ്ട് ശ്രമവും ഉണ്ടാകുന്നത് അനധികൃതമായ ഭൂമി ഇടപാടുകളും ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ്. നിയമപരമായി അത് തടയുമ്പോഴോ മറ്റ് നടപടികള്‍ സ്വീകരിക്കുമ്പോഴുമാണ് സബ് കളക്ടര്‍മാര്‍ അവിടെ ക്രൂശിക്കപ്പെടുന്നത്. ഏതാനും വര്‍ഷങ്ങളായി ഇടുക്കി ജില്ലയില്‍ നിന്ന് സബ് കളക്ടര്‍മാര്‍ക്കെതിരെ വാളോങ്ങുന്നത് അവിടത്തെ രണ്ട് ജനപ്രതിനിധികളാണ്. എം.എം മണിയും എസ്. രാജേന്ദ്രനും. എം.എം മണി അത്തരം പ്രകടനങ്ങളിലൂടെ ഇടുക്കിക്ക് പുറത്തുള്ളവര്‍ അറിഞ്ഞ വ്യക്തിത്വമാണ്. അദ്ദേഹം ഇന്ന് സംസ്ഥാന മന്ത്രിയാണ്.
2018ലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് പറയപ്പെടുന്നു. വസ്തുതകളും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സഹിച്ച ജില്ലയാണ് ഇടുക്കി. 2019-ലെ ബജറ്റില്‍ 5,000 കോടിയുടെ പ്രത്യേക പാക്കേജാണ് ഇടുക്കിക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയുടെ പ്രകൃതി നശിക്കുമ്പോള്‍ ഇടുക്കി മത്രമല്ല ദുരന്തമേറ്റുവാങ്ങുന്നത്. 5,000മോ 50,000 കോടിയോ കൊണ്ട് നികത്താനാവാത്ത നാശനഷ്ടങ്ങളാണ് ഇടുക്കിയില്‍ ഈ രണ്ട് എം.എല്‍.എ മാരുടെ സംരക്ഷണത്തിനുള്ളില്‍ ഏറെ നാളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന് മുമ്പുള്ളവര്‍ തുടര്‍ന്നിരുന്ന നടപടി ഇവര്‍ ഒന്ന് കൂടി തീവ്രമാക്കിയെന്ന് മാത്രം. എല്ലാം ശരിയാക്കും എന്ന് പറഞ്ഞാണ് സി.പി.എം അധികാരത്തിലേറിയത്. ആ സി.പി.എമ്മിന്റെ ഇടുക്കിയിലെ രണ്ട് ശരികളാണ് എം.എം മണിയും എസ്. രാജേന്ദ്രനും. ശരിയുടെ തോത് കൂടുതല്‍ പ്രകടമായതിനാല്‍ മണിയെ മന്ത്രിയാക്കി.
നഗ്നമായ നിയമലംഘനങ്ങളും കൈയേറ്റവുമാണ് ഇടുക്കിയില്‍ നടക്കുന്നത്. ഇത് എല്ലാവര്‍ക്കും അറിയാവുന്നതാണ്; ജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാരിനും. ഇടുക്കിയുടെ ഈ കൊടിയ നാശത്തിന് കാരണം മണിയോ രാജേന്ദ്രനോ അല്ല, അവരെ ജനപ്രതിനിധികളാക്കിയ രാഷ്ട്രീയ പ്രസ്ഥാനമാണ്. അവരില്‍ കണ്ട സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള യോഗ്യത വിശദീകരിക്കേണ്ടത് സി.പി.എമ്മാണ്. മണിയും രാജേന്ദ്രനും തങ്ങളുടെ നിലവാരമനുസരിച്ച് ശരിയെന്ന് തോന്നുന്നത് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
സബ് കളക്ടര്‍ രേണു രാജിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് ഇപ്പോള്‍ രാജേന്ദ്രന്‍ സംസാരിച്ചു. ഇതുപോലെ നേരത്തെ എം.എം മണി അന്ന് ഇതേ ചുമതല വഹിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമനെതിരെയും സംസാരിച്ചു. ഇപ്പോള്‍ സി.പി.എം പറയുന്നു വിനിതകളെ അധിക്ഷേപിക്കുന്ന നടപടിയെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന്. ജില്ലാ കമ്മിറ്റി വിശദീകരണം ചോദിച്ചതായും അറിയുന്നു. അന്തിച്ചര്‍ച്ചകളില്‍ സി.പി.എമ്മിന് ന്യായീകരിക്കാനുള്ള വകുപ്പുകളാണത്. അതായത് തങ്ങള്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കുന്ന പാര്‍ട്ടിയല്ലെന്നും അങ്ങിനെ ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുന്ന പുരോഗമന പാര്‍ട്ടിയാണെന്നും അവകാശപ്പെടാന്‍. ആ പുരോഗമന മുഖം ചൂണ്ടിക്കാണിക്കാനായി ഈ നടപടിയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യും. കേരളത്തിന്റെയും പശ്ചിമഘട്ടത്തിന്റെയും നാശത്തിന് കൂട്ട് നില്‍ക്കുന്ന രണ്ട് ജനപ്രതിനിധികളെ സി.പി.എം എന്തടിസ്ഥാനത്തില്‍ നിയമസഭയിലേക്കയച്ചു എന്നുള്ളതിനാണ് മറുപടി ലഭിക്കേണ്ടത്. കാരണം മണിയും രാജേന്ദ്രനും നിരപരാധികളാണ് അവരുടെ നിലാവാരമനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നു. അത്രയേ ഉള്ളൂ.