കേരളത്തിന്റെ മുഖ്യപ്രശ്‌നം ആക്ടിവിസ്റ്റ് സ്ത്രീ അജണ്ടയോ?

Glint Staff
Fri, 04-01-2019 06:04:21 PM ;

വിരലില്‍ എണ്ണാവുന്ന ആക്ടിവിസ്റ്റുകള്‍ നിശ്ചയിക്കുന്നതാണോ കേരളത്തിന്റെ മുഖ്യ അജണ്ട. കവയിത്രി സുഗതകുമാരി ടീച്ചര്‍ ചോദിക്കുന്നതു പോലെ ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം സാധ്യമാക്കിയാല്‍ പരിഹരിക്കപ്പെടുന്നതാണോ കേരളത്തിന്റെ സ്ത്രീ സമത്വ വിഷയം. കേരളത്തിലെ സ്ത്രീ സമത്വത്തിന്റെ ഏക വിഘാതവും ശബരിമലയിലെ യുവതീ പ്രവേശന വിഷയമാണോ? കഴിഞ്ഞ രണ്ടരമാസമായി കേരളം മറ്റൊന്നും ചിന്തിക്കുന്നില്ല. നൂറ്റാണ്ടിലെ പ്രളയം വരുത്തിവച്ച കെടുതികള്‍ പോലും യുവതീ പ്രവേശന വിഷയത്തിന്റെ അടിയിലായി. പ്രളയത്തെക്കുറിച്ചിപ്പോള്‍ ആരും ഓര്‍ക്കുന്നു തന്നെയില്ല എന്ന് പറയാം. ദുരിതത്തില്‍ പെട്ടവര്‍ പലവിധത്തില്‍ ക്ലേശകരമായ സാഹചര്യത്തിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്നു.

 

വളരെ വ്യക്തമായി തെളിയുന്ന ചിത്രമിതാണ്. നിലവിലുള്ള മൂന്ന് രാഷ്ട്രീയ ചേരികള്‍ തങ്ങളുടെ വോട്ടുബാങ്ക് വികസനത്തിനും സംരക്ഷണത്തിനുമായി പരിശ്രമിക്കുന്നു. ഈ മൂന്ന് വിഭാഗക്കാര്‍ക്കും തങ്ങള്‍ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കാട്ടുന്ന നിലപാടിനോട് യാതൊരു  പ്രതിബദ്ധതയും ഇല്ല. സര്‍ക്കാരിനെ സംബന്ധിച്ച് യുവതീ പ്രവേശ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചാ സമയം കുടിക്കി ഇടുകയാണെങ്കില്‍ ഭരണ കാര്യങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരം നടത്തിക്കൊണ്ട് പോകാം. ഒപ്പം രാഷ്ട്രീയ ലാഭവും.

 

സ്ത്രീ സമത്വത്തിനെന്ന പേരില്‍ ആസൂത്രണം ചെയ്യപ്പെടുന്ന ഒരു പരിപാടികളിലും, ഒരു തീരുമാനത്തിലും സ്ത്രീകള്‍ക്ക് പങ്കില്ല. ഇതെല്ലാം തന്നെ  നിലവിലെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങള്‍ നിശ്ചയിക്കുന്നതനുസരിച്ചിട്ടാണ് നടക്കുന്നത്. സ്ത്രീ സമത്വത്തിന് വേണ്ടി മതില്‍ കെട്ടാനായി സ്വയം എത്തിപ്പെടുന്നതായാലും,  അയ്യപ്പജ്യോതിക്ക് ദീപം തെളിച്ച് വരുന്നതായാലും, പ്രതിഷേധ സംഗമത്തിലേക്ക് വരുന്നതായാലും ഒക്കെ താപ്പാന രാഷ്ട്രീയ നേതാക്കളുടെ താളത്തിനനുസരിച്ചുള്ള സ്ത്രീകളുടെ തുള്ളല്‍ മാത്രമാണ്. നിലവിലുള്ള നേതൃത്വത്തിന്റെ അധികാര മോഹത്തെ സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി, സ്ത്രീ സമത്വവും വിശ്വാവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വനിതകളെ ചൂഷണം ചെയ്യുന്നതാണ് പ്രത്യക്ഷ സ്ത്രീ സമത്വ നിഷേധത്തേക്കാള്‍ സ്ത്രീ സമൂഹത്തിന് ദോഷകരമായി മാറുന്നത്.കാരണം സമത്വത്തിന് വേണ്ടി മുന്നിട്ടിറങ്ങുന്നു എന്ന ആവേശത്തോടെ വരുന്ന സ്ത്രീകളറിയുന്നില്ല തങ്ങള്‍ വീണ്ടും കെണിയിലേക്കാണ് വീണുകൊണ്ടിരിക്കുന്നതെന്നും, യുവ നേതൃത്വത്തിന് പോലും അധികാരവും സ്ഥാനമാനങ്ങളും കൈമാറാതെ നിലവിലുള്ളവര്‍ക്ക് തുടരുന്നതിന് വേണ്ടിയുള്ള തന്ത്രമാണിതെന്നും.

 

സുപ്രീം കോടതിയുടെ വിധിയെ തുടര്‍ന്നും അതിന് ശേഷമുണ്ടായ പ്രക്ഷോഭങ്ങളും മതിലുകളും ജ്യോതിയും സംഗമവും എല്ലാംകൂടി ചേര്‍ന്നും മലയാളിയെ പല തല തട്ടുകളിലാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ പോലും പല കള്ളികളില്‍ പെട്ടിരിക്കുന്നു. സ്ത്രീകളുടേതായ തീരുമാനങ്ങളോ നടപടികളോ കൂടാതെ തന്നെ. അനുദിനം കേരളത്തിലെ സ്ത്രീകള്‍ ഈ കെണിയിലേക്കും ഗതികേടിലേക്കും വീണുകൊണ്ടിരിക്കുമ്പോഴാണ് വീണ്ടും പ്രസക്തമായ ആ ചോദ്യം ശ്രദ്ധിച്ചാല്‍ കേള്‍ക്കാവുന്ന വിധം ഓരോ മലയാളിയിലും ഉണരുന്നത്- കേരളത്തിന്റെ ഇപ്പോഴത്തെ മുന്‍ഗണന ഏതാകണം.

 

 

 

 

Tags: