പോലീസ് സംവിധാനത്തെിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പോലും ഉണ്ടാകാന്‍ പാടുള്ളതല്ല. കാരണം അത് നിയമവാഴ്ചയെ തടസ്സപ്പെടുത്തുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരന്റെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ലഭ്യമാകണമെങ്കില്‍ നിയമവാഴ്ച ഉണ്ടായേ തീരു. പക്ഷേ പലപ്പോഴും സര്‍ക്കാരിന്റെയും സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന കക്ഷിയുടെയും ഇങ്കിതങ്ങള്‍ക്കനുസരിച്ച് പോലീസ് മാറുന്ന കാഴ്ച സാധാരണമാണ്.
സര്‍ക്കാര്‍ പോലും പോലീസിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നത് അഭിലഷണീയമല്ലാത്ത സാഹചര്യത്തില്‍, മറ്റ് ബാഹ്യശക്തികള്‍ അത് ചെയ്യുന്നത് ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ കഴിയുന്നതല്ല. സാഹചര്യങ്ങളുടെ പ്രത്യേകത മനസ്സിലാക്കി അവിടെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള ശേഷി പോലീസ് നേതൃത്വത്തിന് കൈവരുമ്പോഴാണ് അത് തങ്ങളില്‍ അര്‍പ്പിതമായിരിക്കുന്ന ദൗത്യത്തിലേക്കുയരുക. അത്തരത്തില്‍ ഒരു സന്ദര്‍ഭമായിരുന്നു ശബരിമലയില്‍ ചിത്തിരആട്ട ആഘോഷ വേളയില്‍ കണ്ടത്. അമ്പത് വയസ്സിന് താഴെയുള്ള സ്ത്രീ മലകയറിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് സംഘര്‍ഷം രൂപപ്പെട്ടപ്പോള്‍ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയെ ഉപയോഗിച്ചുകൊണ്ട് പോലീസ് അക്രമാസക്തമായേക്കാവുന്ന ജനക്കൂട്ടത്തെ ശാന്തരാക്കി. ഒരു തുള്ളി ചോരപോലും വീഴാതെ അവിടെ ഉരുണ്ട് കൂടിയ സംഘര്‍ഷത്തെ ഒഴിവാക്കിയതിന് കേരളാ പോലീസിനെ അങ്ങേയറ്റം ശ്ലാഘിക്കേണ്ടതാണ്.
ജനക്കൂട്ടം എവിടെയായാലും അത് ഭ്രാന്തമായ രീതിലാവും പെരുമാറുക. ഇവിടെ മുന്‍കൂട്ടി തയ്യാറെടുപ്പുകളോടെ വന്ന ഒരു സമൂഹമാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. അവര്‍ക്കൊപ്പം, മലചവിട്ടാനെത്തിയ മറ്റുളളവരും ചേരുന്നത് കാണാമായിരുന്നു. ഇതും സൂചിപ്പിക്കുന്നത് ജനക്കൂട്ടത്തിന്റെ സ്വഭാവമാണ്. ആ സന്ദര്‍ഭത്തില്‍ ഒരു നിമിഷം കാര്യങ്ങള്‍ നിയന്ത്രണം വിട്ട് പോയിരുന്നെങ്കില്‍ അവിടെയുണ്ടാകുമായിരുന്ന ദുരന്തം അതിഭീകരമാകുമായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തെയാണ് തങ്ങളുടെ മൈക്ക് തന്നെ വത്സന്‍ തില്ലങ്കേരിക്ക് കൊടുത്തുകൊണ്ട് പോലീസ് ഒഴിവാക്കിയത്. പോലീസ് തങ്ങളില്‍ അര്‍പ്പിതമായിരുന്ന ദൗത്യം അവിടെ നിര്‍വഹിക്കുകയായിരുന്നു. പൗരന്റെ ജീവന്റെ ഉറപ്പ് അവിടെ പോലീസ് ഉറപ്പാക്കി ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ചില സന്ദര്‍ഭങ്ങളില്‍, ഏത് സാഹചര്യത്തിലായാലും നേതൃത്വം വഹിക്കുന്നവര്‍ക്ക് അസാധാരണമായ രീതിയില്‍ തീരുമാനമെടുക്കേണ്ടിയും പെരുമാറേണ്ടിയും വരും. അത്തരമൊരു സന്ദര്‍ഭത്തിലാണ് വത്സന്‍ തില്ലങ്കേരിക്ക് പോലീസ് മൈക്ക് കൈമാറിയത്.
വത്സന്‍ തില്ലങ്കേരിക്ക് പോലീസ് മൈക്ക് കൊടുത്തത് ശരിയാണോ എന്ന് സാങ്കേതികമായി അന്വേഷിച്ചാല്‍ അല്ല എന്നുള്ളത് തന്നെയാണ് ഉത്തരം. എന്നാല്‍ അസാധാരണമായ ഒരു തീരുമാനമെന്ന നിലയില്‍ അത് ന്യായീകരിക്കപ്പെടുന്നു. ചാനലുകളും പ്രതിപക്ഷ നേതാക്കന്മാരും ഈ സംഭവത്തെ സര്‍ക്കാരിനെ ആക്രമിക്കാനുള്ള നല്ല വടിയായി ഉപയോഗിക്കുന്നു. പോലീസിനെയും അത്തരമൊരു തീരുമാനമെടുത്ത പോലീസ് നേതൃത്വത്തെയും ഇകഴ്ത്തിക്കാട്ടുകകൂടി ചെയ്യുകയാണിവിടെ. പോലീസ് എന്നാല്‍ മര്‍ദ്ദന ഉപകരണമാണെന്നുള്ള ചിന്താഗതിയുടെ പിടിയില്‍ നിന്നാണ് ഇത്തരമൊരു വ്യാഖ്യാനമുണ്ടാവാന്‍ കാരണം. ഇത്തരത്തില്‍ ആക്ഷേപിക്കുന്നതിലൂടെ സ്വതന്ത്രമായ അസാധാരണ തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് നേതൃത്വസ്ഥാനങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ചാനലുകളുടെ അധിക്ഷേപവും പ്രതിപക്ഷ നേതാക്കളുടെ ആക്രമണവും പിന്തിരിപ്പിക്കും. പകരം പോലീസ് സേന പരമ്പരാഗത ശൈലിയില്‍ അവരുടെ ശക്തി പ്രകടമാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നതിനായിരിക്കും പ്രേരണയുണ്ടാവുക.
ഏറ്റവുമൊടുവില്‍ പുതിയ വിവാദം വത്സന്‍ തില്ലങ്കേരി കോഴിക്കോട് നടത്തിയ വെളിപ്പെടുത്തലാണ്. ശബരിമലയില്‍ നിയോഗിക്കപ്പെട്ട വനിതാ പോലീസുകാരുടെ ജനന തീയതി പരിശോധിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു എന്ന തില്ലങ്കേരിയുടെ പ്രസ്താവനയാണ് ചൂട് പിടിച്ച വിവാദത്തിന് കാരണമായിരിക്കുന്നത്. തില്ലങ്കേരി അങ്ങിനെ ആവശ്യപ്പെട്ടതും പോലീസ് അതിന് വഴങ്ങിയതും ന്യായീകരിക്കാവുന്നതല്ല. പക്ഷേ അവിടുത്തെ സാഹചര്യത്തില്‍ പോലീസ് ആ തീരുമാനമെടുത്തതിന്റെ പിന്നിലും സമാധാനം നഷ്ടപ്പെടുത്താതിരിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമത്തെ കാണാന്‍ കഴിയും. അതിന്റെ അര്‍ത്ഥം ശബരിമലയില്‍ വരും ദിവസങ്ങളില്‍ ഇത്തരം ശക്തികള്‍ക്ക് പോലീസ് വഴങ്ങിക്കൊടുക്കണമെന്നല്ല. എന്നാല്‍ ഈ പ്രസ്താവന ചൂട് പിടിപ്പിച്ച് വന്‍ വിവാദമാക്കുന്നതോടെ ശബരിമലിയിലെ സംഘര്‍ഷാവസ്ഥയുടെ സ്‌ഫോടനാത്മതകത വിസ്‌ഫോടനകരമായി വര്‍ദ്ധിക്കുകയാണ്. അവിടെ നിയോഗിക്കപ്പെട്ട പോലീസ് സേനയെ ഇത്തരം തീരുമാനങ്ങളെടുക്കുവാന്‍ നയിച്ച ഘടകം ചാനല്‍ പ്രവര്‍ത്തകര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും ബാധകമാണ്. ഈ വിഷയത്തെ കത്തിച്ച് അതിലേക്ക് എണ്ണയൊഴിക്കുമ്പോള്‍ ഓര്‍ക്കേണ്ടത് ശബരിമലയിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്തുമോ അതോ വഷളാക്കുമോ എന്നുള്ളതാണ്. ഇവിടെ ഒരു പ്രകോപിതമായ ആള്‍ക്കൂട്ടത്തിന്റെ സ്വഭാവം ചാനലുകളും പ്രതിപക്ഷ നേതാക്കളും ഈ വിഷയത്തെ സമീപിക്കുന്നതില്‍ നിന്നും കാണാവുന്നതാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തെല്ലും തിരിച്ചറിയപ്പെടാത്ത മുഖമായിരുന്നു ചിത്തിര ആട്ട ദിവസം വരെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടേത് ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖവും സ്വരവും ഏറ്റവും സുപരിചിതമായ ഒന്നായിരിക്കുന്നു.