Skip to main content

വിജയദശമി മൃത്യുവിനെ ജയിച്ച് അമൃതായതിനെ സ്വീകരിക്കുന്നതാണ്. അതുകൊണ്ടാണ് അത് വിദ്യാരംഭമായി മലയാളിയും തെക്കേ ഇന്ത്യക്കാരും ആചരിക്കുന്നത്. അജ്ഞതയെയാണ് മൃത്യുവായി ഇവിടെ വിവക്ഷിക്കുന്നത്. കാരണം മാറ്റമാണ് മരണത്തിലൂടെ സംഭവിക്കുന്നത്. നിലവിലുള്ളത് മാറുന്നു. എങ്കിലേ പുതിയത് വരികയുള്ളൂ. എന്നാല്‍ മനുഷ്യന്റെ മരണത്തിലൂടെ മാറുന്നത് വ്യക്തിയാകുമ്പോള്‍ ദുഖം വരുന്നു. അതു പ്രായോഗിക തലത്തില്‍ സ്വാഭാവികമാണ്.  ജന്തുലോകത്തുള്ള മനുഷ്യര്‍ ജന്തുവിന്റെ അവസ്ഥയില്‍ തുടരുന്നിടത്തോളം മരണഭീതി ഉണ്ടാവുകയും വേണം. കാരണം അജ്ഞതയില്‍ ജീവിക്കുമ്പോള്‍ മറ്റ് ജന്തുക്കളെ പോലെ സ്വയരക്ഷയ്ക്കും മറ്റുള്ളവരുടെ രക്ഷയ്ക്കും അത് ആവശ്യമാണ്.

 

എന്നാല്‍ മറ്റുള്ള ജന്തുക്കളുടെ ആ നിലയില്‍ നിന്ന് മനുഷ്യന്റെ ഉദാത്തമായ അവസ്ഥയിലേക്ക് ഉയരണമെങ്കില്‍ അറിവ് ആവശ്യമാണ്. അറിവില്‍ നോക്കുമ്പോഴാണ് മരണത്തിലൂടെ മാറ്റത്തെയും നവമായതിന്റെ സൃഷ്ടിയെയും കാണാന്‍ കഴിയുന്നത്. അതുകൊണ്ടാണ് മഹാനവമിയും, മഹിഷാസുരവധവും, അതുകഴിഞ്ഞ് പത്താം നാള്‍ വിജയദശമിയും കൊണ്ടാടുന്നത്. ആ അറിവിലേക്കുള്ള ആദ്യപടിയാണ് നാശമില്ലാത്തതിനെ(അക്ഷരം) സ്വായത്തമാക്കാനുള്ള വഴിയായ അക്ഷരാഭ്യാസത്തിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. ഇക്കുറി മഹാനവമിയുടെ അന്ന് കേരളം കണ്ടത് മഹിഷാസുരന്റെ വിജയമാണ്. മഹിഷമെന്നാല്‍ പോത്ത്. പോത്തിനെ വാഹനമാക്കിയവനാണ് മഹിഷാസുരന്‍. ഈ മഹിഷാസുര വിജയം അരങ്ങേറിയതാകട്ടെ തത്ത്വമസിയുടെ സന്നിധാനമായ ശബരിമലയിലും. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് യുവതികള്‍ സന്നിധാനത്തിന്റെ നടപന്തല്‍ വരെ എത്തിയതിനെ തുടര്‍ന്ന്.              

 

ദീപാവലിയെന്നാല്‍ ദീപങ്ങളുടെ നിരയാണ്. ഇരുട്ടില്‍ വെളിച്ചത്തിന്റെ ശൃംഖല. ഇരുട്ടില്‍ വെളിച്ചമെന്നാല്‍ അജ്ഞതയില്‍ നിന്ന് അറിവിലേക്ക് എന്നാണ്- തമസോ മാ ജ്യോതിര്‍ഗമയ. അതുകൊണ്ട് അമാവാസിയിലാണ് ദീപാവലി. ഇന്ത്യയൊട്ടുക്ക് ആചരിക്കുന്ന ദീപാവലിക്ക് പല ഐതീഹ്യപശ്ചാത്തലങ്ങളുണ്ട്. എല്ലാ ഐതീഹ്യങ്ങളുടെയും പൊരുള്‍ ഒന്നു തന്നെ. ജ്ഞാനമാകുന്ന അമൃതിന്റെ രുചി അജ്ഞരിലേക്ക് പോലും ആചാരങ്ങളിലൂടെയും ആഘോഷങ്ങളിലൂടെയും അനുഭവവേദ്യമാക്കുന്ന അവസരം. ഇരുട്ടില്‍ വെളിച്ചം എന്ന പ്രതീകാത്മകതയുടെ ആഘോഷപരിഭാഷയെന്നോണമാണ് മണ്‍ചിരാതുകളില്‍ ദീപം തെളിക്കലും പടക്കം പൊട്ടിക്കലുമൊക്കെ ദീപാവലിയുടെ ഭാഗമായത്.

 

തെക്കേ ഇന്ത്യയില്‍ ശ്രീകൃഷ്ണന്‍ നരകാസുരനെ കൊല്ലുന്നതിന്റെ സ്‌മൃതിയായാണ് ദീപാവലി ആഘോഷം. നരകാസുരന്‍ ഭൂമിക്കടിയിലെങ്ങുമല്ല. ഓരോ വ്യക്തിയുടെയും ഉള്ളിലാണ്. ഈ നരകാസുര വിജയമാണ് ഇക്കുറി ദീപാവലിക്ക് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. അതും തത്ത്വമസിക്കുന്നായ ശബരിമലയില്‍ തന്നെ. ഭരണകൂടത്തിന്റെയും പ്രതിഷേധക്കാരുടെയും രൂപത്തില്‍. അറിവിനെ കൃഷ്ണനായും നരകാസുരനെ അജ്ഞതയായും കണ്ടാല്‍ ആ കാഴ്ചയാണ് ദീപത്തിലൂടെയും പടക്കം പൊട്ടുമ്പോഴുള്ള പ്രഭയിലൂടെയും പ്രകടകമാകേണ്ടത്. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് പടക്കം പൊട്ടിക്കലില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ട്. എന്നാല്‍ കേരളാന്തരീക്ഷം പ്രകാശം പരത്താത്ത ശ്വാസം മുട്ടിക്കുന്ന ക്ഷുദ്രവാക് പടക്കങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. അതാകട്ടെ എപ്പോള്‍ വേണമെങ്കിലും അനിയന്ത്രിത അഗ്നിവിന്യാസത്തിന് സാധ്യതയും തീര്‍ത്തുകൊണ്ട്.