Skip to main content

Salary challenge

നാശനഷ്ടങ്ങള്‍ ഏറെ ഉണ്ടാക്കിയെങ്കിലും മലയാളിയെ ഒന്നിപ്പിച്ച ദുരന്തമായിരുന്നു കഴിഞ്ഞുപോയ പ്രളയം. വേര്‍തിരിവുകളില്ലാതെയാണ് പ്രളയത്തെ നാം നേരിട്ടത്. ആ ഒത്തൊരുമയുടെ ശക്തിയിലാണ് കേരളം കരകയറിയത്. നവകേരള സൃഷ്ടിയുടെ അടിസ്ഥാനമായി മാറേണ്ടതും ആ ദുരന്ത സമയത്തുണ്ടായ ഒരുമയാണ്. എന്നാല്‍ പ്രളയാനന്തരം ചില കല്ലുകടികള്‍ ഓരോന്നായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് സാലറി ചലഞ്ചുമായി സംബന്ധിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളിലൂടെ നടത്തിയ ആഹ്വാനം എല്ലാ മലയാളികളും ഒരു മാസത്തെ ശമ്പളം പത്ത് തവണകളായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണെങ്കില്‍ നമുക്ക് തടസങ്ങളില്ലാതെ നാടിനെ പുനര്‍നിര്‍മ്മിക്കാമെന്നായിരുന്നു. തുടക്കത്തില്‍ മികച്ച പ്രതികരണമാണ് എല്ലായിടത്ത് നിന്നും ഉണ്ടായത്. ചെറിയ കുട്ടികള്‍ വരെ തങ്ങളുടെ കുടുക്കയിലെ കാശ് ദുരിതാശ്വാസത്തിനായി നല്‍കുന്നത് നാം കണ്ടതാണ്. കാരണം ആ ആഹ്വാനത്തില്‍ നിര്‍ബന്ധബുദ്ധി പ്രവര്‍ത്തിച്ചിരുന്നില്ല.

 

പക്ഷേ പതിയെ ഓരോ വകുപ്പുകളും സാലറി ചലഞ്ച് ഏറ്റെടുക്കുകയും നിര്‍ബന്ധിതമായി ശമ്പളം പിരിക്കുകയും ചെയ്ത് തുടങ്ങിയതോടെ എതിര്‍പ്പുകളും ഉയര്‍ന്നു വന്നു. പല വകുപ്പുകളും ഇത് മത്സരമായി എടുക്കുകയാണ്. പോലീസ് വകുപ്പില്‍ നിന്ന് സാലറി ചലഞ്ചിനോട് തണുത്ത പ്രതികരണം ഉണ്ടായ സാഹചര്യത്തില്‍ എസ്.പിമാര്‍ ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥന നടത്തണമെന്ന ഡി.ജി.പിയുടെ നിര്‍ദേശത്തെ തുടര്‍ന്ന്, കാസര്‍ഗോഡ് എസിപി ഡോ എന്‍.ശ്രീനിവാസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്, പ്രൊമോഷനുള്‍പ്പടെ സര്‍ക്കാര്‍ നല്‍കുന്ന കാര്യങ്ങളെല്ലാം ഔദാര്യമാണ് അതിനാല്‍ പ്രത്യുപകാരം ചെയ്യണം എന്നാണ്.

 

മേലുദ്യോഗസ്ഥരുടെ സാമ്പത്തിക സ്ഥിതിയായിരിക്കില്ല താഴേക്കിടയിലെ ഉദ്യോഗസ്ഥര്‍ക്കുണ്ടാവുക. പറയുമ്പോള്‍ സര്‍ക്കാര്‍ ജോലിയാണെങ്കിലും മാസം കിട്ടുന്ന ശമ്പളംകൊണ്ട് ജീവിതം കഷ്ടപ്പെട്ട് മുന്നോട്ട് കൊണ്ടുപോകുന്ന ഒരുപാട് ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. അങ്ങനെയുള്ളവരില്‍ നിന്ന് നിര്‍ബന്ധിതമായി പണം പിരിക്കുന്നത്, അത് എന്തിന്റെ പേരിലാണെങ്കിലും ആശാസ്യമല്ല. വിസമ്മതപത്രം നല്‍കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും അങ്ങിനെ ചെയ്യുന്നവരോട് പ്രതികാരനടപടി സ്വീകരിക്കുന്നതും നാം കണ്ടതാണ്. മാത്രമല്ല സര്‍ക്കാര്‍ അനുകൂല ട്രേഡ് യൂണിയനുകള്‍ സാലറി ചലഞ്ചിനെ എതിര്‍ക്കുന്നവരെ ഒറ്റപ്പെടുത്തുന്നെന്നും കായികമായി നേരിടുന്നെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ശമ്പളം നിര്‍ബന്ധമായി പിടിക്കുന്നതിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി പറഞ്ഞതിങ്ങനെയാണ് നിര്‍ബന്ധിത ശമ്പളപിരിവ് പിടിച്ചുപറിക്ക് സമാനം.

 

ഇത്തരത്തില്‍ സ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ട് തട്ടിലാകും. അവര്‍ പരസ്പരം ഏറ്റുമുട്ടും. സമരത്തിലേക്ക് വരെ അത് നീളും. അത് ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങളെ ബാധിക്കുകയും ചെയ്യും. പ്രളയബാധിതരെ ഉള്‍പ്പെടെ. ഇതിലെല്ലാമുപരി പ്രളയം കേരളത്തിന് സമ്മാനിച്ച ഒരുമ ഇല്ലാതാകും.  എത്ര സമ്പത്ത് സ്വരുക്കൂട്ടിയാലും ആ ഘടകമില്ലെങ്കില്‍ നവകേരള സൃഷ്ടി സാധ്യമാകില്ല. മറിച്ച് ഈ ദുരന്തത്തിലേക്ക് നയിച്ച കേരള സാഹചര്യങ്ങളുടെ വര്‍ദ്ധിത അവസ്ഥയായിരിക്കും ഉണ്ടാവുക.