Skip to main content

Rahul Gandhi

കേരളത്തിലെ പ്രളയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി. തന്റെ സന്ദര്‍ശനം ആരെയും കുറ്റപ്പെടുത്താനോ പ്രളയത്തിന് പിന്നിലെ കാരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനോ അല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും താനും ദുരിതബാധിതര്‍ക്കൊപ്പമുണ്ട്. അധികാരമില്ലെങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് പരമാവധി സഹായം ചെയ്യാന്‍ പാര്‍ട്ടിയുടെ നേതാക്കളോടും പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന സഹായം അപര്യാപ്തമാണ്. കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിന് പ്രതിപക്ഷം പരമാവധി ശ്രമിക്കും. ഇത്ര വലിയ ദുരന്തത്തെ കേരളം നേരിട്ടത് വളരെ മാതൃകാപരമായിട്ടാണ്. ജാതി,മത,രാഷ്ട്രീയ, പ്രായ ഭേദമന്യേ കേരളത്തിലെ ജനങ്ങള്‍ ഒന്നായി പ്രവര്‍ത്തിക്കുന്നു. അതില്‍ വളരെ അഭിമാനമുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

 

മോശം കാലാവസ്ഥയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ വയനാട് യാത്ര റദ്ദാക്കിയിരുന്നു. പകരം ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.