പ്രതിപക്ഷത്ത് ശേഷിയുള്ള ഒരു നേതാവുണ്ടെങ്കില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് പ്രവചിക്കാനുള്ള രാഷ്ട്രീയ സാഹചര്യം ഇന്ന് ഇന്ത്യയില്‍ നിലവിലുണ്ട്. 2014 ല്‍ അധികാരത്തിലേറിയപ്പോള്‍ ബി.ജെ.പി സര്‍ക്കാരിന് ലഭ്യമായിരുന്ന ജനപിന്തുണ ഇന്നില്ലെന്നുള്ളത് സമീപകാല തിരഞ്ഞെടുപ്പുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പ്രതിപക്ഷത്തുള്ള നേതൃരാഹിത്യം ബി.ജെ.പിക്ക് വീണ്ടും പ്രതീക്ഷനല്‍കുന്ന ഒന്നായി മാറുന്നു. ആസൂത്രണവും നേതൃപാടവവും ഒന്നിക്കുന്ന ഒരു നേതാവുണ്ടെങ്കില്‍ മാത്രമേ ഇന്നത്തെ സാഹചര്യത്തില്‍ നരേന്ദ്ര മോഡിയെ നേരിടാന്‍ കഴിയുകയുള്ളൂ.
നരേന്ദ്ര മോഡിയുടെ നിലപാടുകളും രാഷ്ട്രീയവും ചരിത്രവുമൊക്കെ എതിര്‍ക്കപ്പെടുന്നു എന്നുള്ളത് വസ്തുതയാണ്. അതുപോലെ തന്നെ എതിര്‍ക്കുന്നവര്‍ അംഗീകരിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ പൊതുവേദിയിലെ പ്രസംഗപാടവം. അത് ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത് രാഹുല്‍ ഗാന്ധിയെ തന്നെയാണ്. മോഡിയുടെ പ്രസംഗ പാടവം ഭാഷാ-സാഹിത്യ മികവുകൊണ്ട് സമ്പാദ്യമായതല്ല. മറിച്ച് അത് മോഡിയെന്ന വ്യക്തിയുടെ അസാമാന്യമായ സംഘടനാ പാടവത്വവും നേതൃത്വ ശേഷിയും കൊണ്ട് സ്വായക്തമായതാണ്. സ്വന്തം പാര്‍ട്ടിയുടെ ആചാര്യ സ്ഥാനത്തുണ്ടായിരുന്ന എല്‍.കെ അഡ്വാനി ഉള്‍പ്പെടെയുള്ളവരെ അതിസമര്‍ത്ഥമായി ഓരത്തേക്ക് മാറ്റി ഒരു വേലിയേറ്റ തരംഗംപോലെയാണ് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം മോഡി 2014 ല്‍ അധികാരത്തിലേറിയത്. ദേശീയ രാഷ്ട്രീയത്തിലെ പ്രതിപക്ഷത്തുള്ള നേതാക്കളെക്കാള്‍, സംഘാടക ശേഷിയിലും അംഗീകാരത്തിലും മുന്നിലുള്ള വ്യക്തി തന്നെയായിരുന്നു എല്‍.കെ അഡ്വാനി. അദ്ദേഹത്തെപ്പോലും അപ്രസക്തമാക്കിക്കൊണ്ടുള്ള മോഡിയുടെ അധികാരത്തിലേക്കുള്ള വരവ് സൂചിപ്പിക്കുന്നത് ആ വ്യക്തിയുടെ ശേഷിയെ തന്നെയാണ്. അതുകൊണ്ട് ഇന്നിപ്പോള്‍ രാജ്യത്ത് ബി.ജെ.പി എന്നാല്‍ മോഡി എന്ന സമവാക്യത്തിലേക്ക് എത്തിയിട്ടുമുണ്ട്.
പ്രസ്ഥാനങ്ങള്‍ വ്യക്തിയുമായി താതാത്മ്യം പ്രാപിക്കുമ്പോള്‍ അവ ആരോഗ്യം നഷ്ടപ്പെട്ട് ശോഷിക്കുക സ്വാഭാവികമാണ്. ആ ശോഷണ പ്രക്രിയ ബി.ജെ.പിയിലും പ്രകടമായിട്ടുണ്ട്. എന്നാല്‍ അത് തീവ്ര ഭാവത്തിലേക്ക് പ്രവേശിച്ചിട്ടുമില്ല. വേണമെങ്കില്‍ തിരിച്ചുവരവിനുള്ള അവസരവും അവശേഷിക്കുന്നുണ്ട്. കാരണം ബി.ജെ.പിയില്‍ പാര്‍ട്ടിയും വ്യക്തിയും ഒന്നെന്നുള്ള സമവാക്യം ആവിര്‍ഭവിച്ചിട്ട് അധികനാള്‍ ആകാത്തതുകൊണ്ട്. പാര്‍ട്ടിയും വ്യക്തിയും ഒന്നാകുമ്പോള്‍ പ്രസ്ഥാനം ശോഷിക്കും എന്നുള്ളതിന്റെ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഉദാഹരണമാണ് കോണ്‍ഗ്രസ് പാര്‍ട്ടി. ആ രോഗാവസ്ഥയില്‍ രാഹുലിലൂടെ കോണ്‍ഗ്രസ് ഇന്നും അനാരോഗ്യത്തെ നേരിടുന്നു. ഈ ഘട്ടത്തില്‍ രാഹുലിലൂടെ കോണ്‍ഗ്രസിനെ ഉയര്‍ത്തി മോഡിയെ നേരിടാനാണ് പാര്‍ട്ടിയുടെ മാനേജര്‍മാര്‍ മുന്നില്‍ നിന്നുകൊണ്ട് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് പരിചയമില്ലാത്ത രാഹുലിനെ ഗുജറാത്ത് തിരഞ്ഞെടുപ്പ് മുതല്‍ പരിചയപ്പെട്ട് തുടങ്ങിയത്.
ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയെന്ന എന്ന നിലയിലും കൂറ്റന്‍ പ്രതീക്ഷകള്‍ നിറവേറപ്പെടാതെ വന്നതിന്റെ പേരിലും രാഹുലിന്റെ ആ മാറ്റം കുറച്ചൊക്കെ വിജയിച്ചതായിട്ടും കാണാം. അതാണ് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രകടമായത്. എന്നാല്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പും കര്‍ണാടക തിരഞ്ഞെടുപ്പും വ്യക്തമാക്കുന്നത് മോഡി പ്രഭാവം അവസാനിച്ചിട്ടില്ലെന്ന് തന്നെയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാന്‍ ശേഷിയുള്ള നേതാവിന്റെ അഭാവം ഏറ്റവും മുഖ്യമായ പ്രശ്‌നമായി അവശേഷിക്കുന്നു. രണ്ടാമത്, ബി.ജെ.പി വിരുദ്ധതയ്ക്ക് പുറമെ പ്രതിപക്ഷത്തിന് മൊത്തമായോ, അതല്ല കോണ്‍ഗ്രസിനോ മറ്റ് രാഷ്ട്രീയ കക്ഷികള്‍ക്കോ ഇന്ത്യയ്ക്ക് ഒരു ബദല്‍ സ്വപ്‌നം സമ്മാനിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേ സമയം പ്രധാനമന്ത്രി കസേരയിലേക്ക് ലക്ഷ്യമിട്ടിരിക്കുന്ന അനേകം മത്സരിക്കുന്ന മുഖങ്ങള്‍ തെളിഞ്ഞുവരികയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് താന്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണെന്നും, വേണമെങ്കില്‍ മാറിക്കൊടുക്കേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്നും രാഹുല്‍ ഗാന്ധി പറയുന്നത്. ഇതു തന്നെ നേതൃപരമായ പാപ്പരത്വമാണ് പ്രകടമാക്കുന്നത്.
പ്രധാന മന്ത്രിക്കസേരയിലേക്ക് ലക്ഷ്യമിട്ടിരിക്കുന്ന നേതാക്കളെ യാഥാര്‍ത്ഥ്യബോധത്തോടെ കണ്ട് വ്യക്തമായ ഒരു പദ്ധതിക്ക് രൂപം നല്‍കാന്‍ രാഹുലിനോ കോണ്‍ഗ്രസിനോ കഴിയുന്നില്ല. എന്നാല്‍ വ്യക്തി പ്രഭാവം സൃഷ്ടിച്ച് ശക്തി കേന്ദ്രങ്ങളില്‍ അത് പ്രകടമാക്കി മറ്റുള്ളവരില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്ന തരത്തിലേക്ക് വളരാനും രാഹുലിന് കഴിയുന്നില്ല. രാജാവാകാനും രാജാവിനെ നിര്‍മ്മിക്കാനും രാഹുലിന് പറ്റുന്നില്ല എന്ന് ചുരുക്കം. ഇന്ത്യന്‍ ജനത ഇന്നും ഒരു ബദല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് കോണ്‍ഗ്രസിലാണെന്നുള്ളത് തിരിച്ചറിയാനും രാഹുലിന് കഴിയുന്നില്ല. ഇന്ത്യന്‍ യുവത്വത്തെ ഇപ്പോഴും ചലനാത്മകമാക്കുന്ന നേതൃത്വപാടവത്തിന്റെ കാര്യത്തില്‍ മോഡി മുന്നില്‍ തന്നെയാണ്. കോണ്‍ഗ്രസിലാണെങ്കില്‍ രാഹുല്‍ ഉത്തേജിതമാക്കുന്നത് വൃദ്ധനിരയെയാണ്. എന്നാല്‍ കോണ്‍ഗ്രസിലെ തന്നെ ശശി തരൂര്‍ ഇന്ത്യന്‍ യുവത്വത്തെ മോഡിയെക്കാള്‍ ശക്തമായി ഊര്‍ജ്ജസ്വലമാക്കുന്നു. അത് മനസ്സിലാക്കി ശശി തരൂരിനെപ്പോലുള്ള നേതക്കളെ മുന്നിട്ടിറക്കി ഇന്ത്യന്‍ യുവത്വത്തിന്റെ മുന്നില്‍, മാറുന്ന ലോകത്ത് പുത്തന്‍ സ്വപ്നത്തെ അവതരിപ്പിച്ച് ബി.ജെ.പിക്ക് ബദല്‍ സൃഷ്ടിക്കുന്നതിന് രാഹുലിനോ കോണ്‍ഗ്രസ് നേതൃത്വത്തിനോ സാധിക്കുന്നില്ല. ഈ അവസ്ഥകളാണ് ബി.ജെ.പിക്ക് വീണ്ടും പ്രതീക്ഷ നല്‍കുന്നത്. വളരെ സുസംഘടിതവും വ്യക്തവും ദിശാബോധത്തിലുമുള്ള നീക്കങ്ങളാണ് ബി.ജെ.പി നടത്തുന്നതും.