ബി.ജെ.പി പണി തുടങ്ങി

Glint Staff
Mon, 11-06-2018 05:13:45 PM ;

Oommen Chandy, Ramesh Chennithala,VM Sudheeran, PS Sreedharan Pillai

രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് കൊടുത്തതിനെ തുടര്‍ന്നുണ്ടായ കോണ്‍ഗ്രസിലെ പൊട്ടിത്തെറി ബി.ജെ.പി സാകൂതം വീക്ഷിക്കുന്നു. സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും സംബന്ധിച്ച് ചെങ്ങന്നൂര്‍ മോഡല്‍ സംസ്ഥാനത്ത് പൊതുവില്‍ പ്രയോഗിക്കാമെന്ന കണക്ക് കൂട്ടലിലാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ മുഖ്യ എതിരാളിയായി ബി.ജെ.പി കാണുന്നത് സി.പിഎമ്മിനെയും ഇടതുപക്ഷത്തെയുമാണ്. അത്തരത്തിലുള്ള ഒരു നേര്‍ക്ക് നേര്‍ പോരാട്ടത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബി.ജെ.പി അണിയറ നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതിന്റെ ആദ്യപടിയായി പൊതു സ്വീകര്യതയുള്ള നേതാവായിരിക്കും ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി വരുക. മിക്കവാറും ചെങ്ങന്നൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് തന്നെയാണ് അതിന് സാധ്യത.

 

അതിനോടൊപ്പം കോണ്‍ഗ്രസിനുള്ളിലെ വിമത ശബ്ദം പുറപ്പെടുവിച്ചിട്ടുള്ള നേതാക്കളെ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനമാണ്  ബി.ജെ.പി ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരിലേക്കും സാധാരണ ജനങ്ങളിലേക്കും ചില ഊഹാപോഹ പരിവേഷമുള്ള സന്ദേശങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയാണ്, സാധ്യത ഉണ്ടോ ഇല്ലയോ എന്നുള്ളത് വിലയിരുത്താതെ പ്രത്യക്ഷത്തില്‍ യുക്തിഭദ്രമെന്ന് തോന്നുന്ന ചില
ഊഹാപോഹങ്ങള്‍. പ്രൊഫ.പി.ജെ കുര്യന്‍ ചെങ്ങന്നൂരിലെ പാസ്‌പോര്‍ട്ട് ഓഫീസിന്റെ ഉദ്ഘാടന വേളയില്‍ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനെ വാനോളം പ്രശംസിച്ചതും, പ്രൊഫ കെ.വി തോമസ് മോഡിയെ പുകഴ്ത്തിയതും വരാന്‍ പോകുന്ന മാറ്റത്തിന്റെ സൂചനകളായി ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് ബി.ജെ.പി സാമൂഹ്യമാധ്യമങ്ങളിലും പരസ്യ പ്രസ്താവനകളിലും നിശബ്ദത പാലിച്ചുകൊണ്ട് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വാര്‍ത്തകള്‍. ഇതിന് പുറമെ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്ക് കടന്ന് വരാന്‍ സാധ്യതയുള്ള ഒട്ടേറെ നേതാക്കളുടെ ലിസ്റ്റും ബി.ജെ.പി പുറത്ത് വിട്ടിട്ടുണ്ട്. വി.ടി ബല്‍റാം കെ.സുധാകരന്‍ തുടങ്ങിയ നേതാക്കളൊക്കെ ആ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

 

അതുപോലെ തന്നെ ജോസ് കെ മാണിക്ക് സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവച്ച ഇടത്തരം കോണ്‍ഗ്രസ് നേതാക്കളും ആ ലിസ്റ്റില്‍ പെടുന്നു. കൂട്ടത്തോടെ കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു കുത്തൊഴുക്ക് ബി.ജെ.പിയിലേക്കുണ്ടാകുന്നു എന്ന പ്രതീതിപരത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ ബി.ജെ.പി മെനഞ്ഞെടുത്തിരിക്കുന്നത്. പി.ജെ കുര്യന്‍ ബി.ജെ.പിയിലേക്ക് വന്നാല്‍  എന്‍.എസ്.എസിന്റെ പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും അവര്‍ അണികളിലൂടെ പ്രകടപ്പിക്കുന്നു. അഡ്വ പി.എസ് ശ്രീധരന്‍ പിള്ളയ്ക്കാണെങ്കില്‍ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേതൃത്വങ്ങളുമായി നല്ല ബന്ധമാണുള്ളത്.

 

ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ച സാമൂഹിക വേര്‍തിരിവ് ഉയര്‍ത്തിക്കാട്ടി അതിന്റെ ഒരു ഉദാഹരണം എന്നോണമാണ് ജോസ് കെ.മാണിയുടെ രാജ്യസാഭാ സീറ്റ് കൊടുത്തതിനെ താഴെക്കിടയില്‍ ബി.ജെ.പി അവതരിപ്പിക്കുന്നത്. ഇതേ ആശങ്കതന്നെയാണ് വി.എം സുധീരനുള്‍പ്പെടയുള്ള കോണ്‍ഗ്രസ്  നേതാക്കളും നിഷ്പക്ഷ നിരീക്ഷകരും ചാനല്‍ ചര്‍ച്ചകളിലും മാധ്യമങ്ങളിലൂടെയും പങ്കുവക്കുന്നത്. ഈ സാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്തുക എന്ന തന്ത്രമാണ് ബി.ജെ.പി പ്രയോഗിക്കുന്നത്. ഇതിന് തടയിടുന്നതില്‍ സി.പി.എമ്മും ഇടത് പക്ഷവും ഒരു ശുഷ്‌കാന്തിയും കാണിക്കുന്നില്ല. കാരണം അത്തരത്തിലൊരു ധ്രുവീകരണം ഉണ്ടാവുകയാണെങ്കില്‍ തങ്ങള്‍ക്കാണ് ഗുണം ചെയ്യുക എന്ന ചെങ്ങന്നൂര്‍ പാഠമാണ് അവരെ അതിന് പ്രേരിപ്പിക്കാത്തത്.

 

കോണ്‍ഗ്രസ് ദുര്‍ബലമായി മാറുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നിട്ട് കാര്യമില്ല എന്നുള്ള അരക്ഷിതത്വബോധം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതൃനിരയില്‍ നിന്ന് താഴെ കിടയിലുള്ളവരിലേക്ക് വരെ വ്യാപിപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ മറ്റൊരു തന്ത്രം. ഏതെങ്കിലും കാരണ വശാല്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം കെ.സുധാകരനോ, അദ്ദേഹത്തിന് സ്വീകാര്യതയുള്ള മറ്റൊരു വ്യക്തിക്കോ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ കെ.സുധാകരനും തങ്ങളുടെ ചേരിയിലേക്ക് വരുമെന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നു. മുല്ലപ്പിള്ളി രാമചന്ദ്രനാണ് അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതെങ്കില്‍ കോണ്‍ഗ്രിസിന്റെ കഥ അതോടുകൂടി കഴിഞ്ഞു എന്നും ബി.ജെ.പി പ്രചാരണ മാനേജര്‍മാര്‍ ആളുകളിലെത്തിക്കുന്നുണ്ട്.

 

ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ബി.ജെ.പിയുടെ ഊന്നല്‍. ആ ശബ്ദരഹിത നീക്കത്തെ കൂടുതല്‍ നിശബ്ദവും ശക്തവുമാക്കാന്‍ വേണ്ടി. മറ്റൊരു പരസ്യമുഖം കൂടി ബി.ജെ.പി തുറക്കുന്നു. പ്രമുഖരെ നേരിട്ട് കണ്ട് കഴിഞ്ഞ നാല് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി തിങ്കളാഴ്ച പ്രൊഫ. എം.കെ സാനുവിനെ സന്ദര്‍ശിച്ചത് അതിന്റെ ഭാഗമായിട്ടാണ്. ഇത് പൊതു അന്തരീക്ഷ സൃഷ്ടിയുടെ സ്വീകാര്യതക്ക് വേണ്ടി അനുവര്‍ത്തിക്കപ്പെടുന്ന നടപടിയാണ്. ഇത്തരത്തില്‍ വളരെ സൂക്ഷ്മതയോടെയാണ് കോണ്‍ഗ്രസിലെ അന്തഛിദ്രത്തെ ബി.ജെ.പി വീക്ഷിക്കുന്നതും അതനുസരിച്ച് കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുന്നതും.

 

Tags: