ഇത് മലയാളിയുടെ മഹാരോഗം

Glint Staff
Fri, 04-05-2018 03:01:51 PM ;

national-film-award-protest

മലയാളി  സ്വയം കരുതുന്നത് തങ്ങള്‍ മഹാബുദ്ധിമാന്‍/ബുദ്ധിമതി ആണെന്നാണ്. നിഷേധവും എതിര്‍പ്പുമാണ് ആ രോഗ ലക്ഷണം. അതിന് ആധാരമാക്കുന്നത് ജനായത്ത സംസ്‌കാരത്തെയും. അതിനാല്‍ ഒരേ സമയം ജനായത്തത്തെ ഉയര്‍ത്തിപ്പിടിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. സിനിമാ ലോകത്തെ കലാകാരന്മാര്‍ക്ക് രാഷ്ട്രമാണ് അംഗീകാരം നല്‍കുന്നത്. അതിന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്‌ രാഷ്ട്രം തന്നെ. ജനായത്ത സംവിധാനത്തില്‍ അതിന് സ്ഥാപന സംവിധാനങ്ങളുണ്ട്. ദേശീയ ചലച്ചിത്ര പുരസ്‌കാരം രാഷ്ട്രപതി നല്‍കുന്നത് 11 പേരിലൊതുക്കാന്‍ തീരുമാനിക്കപ്പെട്ടു. ശേഷിച്ചത് വിതരണം ചെയ്യാന്‍ മന്ത്രി സ്മൃതി ഇറാനിയും.

 

എന്ത് തന്നെയാണെങ്കിലും ഈ പുതിയ പരിഷ്‌ക്കാരം ഒരിക്കലും അംഗീകരിക്കാന്‍ പറ്റുന്നതല്ല. കാരണം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ ആ ബഹുമാന്യതയും, പവിത്രയും, വിശ്വാസ്യതയും ഒക്കെയാണ് രാഷ്ട്രപതി അത് നല്‍കാതെ വരുന്നതിലൂടെ നശിച്ചു പോകുന്നത്. അത് പ്രതിഷേധാര്‍ഹം തന്നെയാണ്. എന്നാല്‍ ജനായത്ത സംവിധാനത്തില്‍ ഈ പ്രതിഷേധത്തിന് ചില മര്യാദകളും ഔചിത്യങ്ങളും പാലിക്കേണ്ടതുണ്ട്. ഈ ദേശീയ പുരസ്‌കാരത്തിനെ പവിത്രതയും ബഹുമാന്യതയും, നിലനിര്‍ത്തേണ്ടത് ജനായത്ത സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്‍പ്പെടെ.

 

ജനായത്ത സംവിധാനത്തില്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുക എന്നുള്ളത് തന്നെയാണ് ഏത് പ്രതിഷേധത്തിന്റെയും അടിസ്ഥാന പ്രമാണമായി വര്‍ത്തിക്കേണ്ടത്. ആ മര്യാദയും ആ ബഹുമാന്യതയും അവാര്‍ഡ് ഏറ്റുവാങ്ങാന്‍ തയ്യാറാകാതെ ചടങ്ങ് ബഹിഷ്‌കരിച്ച കലാകാരന്മാരിലൂടെയും കലാകാരികളിലൂടെയും ലംഘിക്കപ്പെട്ടു. പ്രത്യക്ഷത്തില്‍ മാധ്യമങ്ങളുടെയും പൊതുജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ കൈയടിയും സമൂഹമാധ്യമങ്ങളില്‍ പ്രോത്സാഹനവും ലഭിക്കുമെങ്കിലും, ഇത് ദൂരവ്യാപകമായി ദോഷകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുറപ്പാണ്. കാരണം ഈ വൈകാരിക പ്രതിഷേധം ഇഷ്ടപ്പെട്ട കറിയില്ലെങ്കില്‍ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റ് പോകുന്ന ഒരു വൈകാരിക ജീവിയുടെ മാനസിക നിലയ്ക്ക് സമാനമായിപ്പോയി.

 

 

ജനായത്ത സംവിധാനത്തില്‍ രാഷ്ട്രം നല്‍കിയ ബഹുമതി മന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും ഏറ്റുവാങ്ങിയിട്ട്, ശക്തമായ പ്രതിഷേധവുമായി ഈ കലാകാരന്മാരും കലാകാരികളും മുന്നോട്ട് വന്നിരുന്നു എങ്കില്‍ അത് ജനായത്ത സംസ്‌കാരത്തെയും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന്റെ പവിത്രതയെയും സംരക്ഷിക്കുമായിരുന്നു. അനേകം വഴികളിലൂടെ രാഷ്ട്രത്തിന്റെയും എന്തിന് ലോകശ്രദ്ധതന്നെ നേടാവുന്ന വിധത്തിലും പ്രതിഷേധിക്കാന്‍ ഇന്നത്തെ ഈ ഡിജിറ്റല്‍ യുഗത്തില്‍ സാധ്യതകളുണ്ട്. അതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ പുരസ്‌കാര വിതരണത്തില്‍  പ്രകടമാക്കിയ അനൗചിത്യവും ജനായത്ത സംസ്‌കാരത്തെ താഴ്ത്തിക്കെട്ടിയ നടപടിയും ജനങ്ങളില്‍ സന്നിവേശിപ്പിക്കുവാന്‍ കഴിയുമായിരുന്നു. ഈ തീരുമാനമെടുത്ത കേന്ദ്രങ്ങളുടെ പിന്നിലെ ബുദ്ധിയെ പരിവര്‍ത്തിപ്പിക്കുവാനും അത്തരം ബുദ്ധിയുടെ സാന്നിധ്യത്തെ വിളിച്ചറിയിക്കുവാനും ആ പ്രതിഷേധ രീതികള്‍ കാരണമാകുമായിരുന്നു.

 

കേന്ദ്ര സര്‍ക്കാര്‍ ദേശീയ ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലൂടെ കാട്ടിയ അനാദരവിനും അനൗചിത്യത്തിനും സമാനമായിപ്പോയി കലാകാരന്മാരുടെയും കലാകാരികളുടെയും ബഹിഷ്‌കരണ നടപടി. ജനായത്ത സംവിധാനത്തില്‍ ജനങളുടെ തീരുമാനമാണ് പ്രധാനം അത് അംഗീകരിക്കുക എന്നത് ഏറ്റവും കുറഞ്ഞ ജനായത്ത മര്യാദയാണ്. ആ മര്യാദ ഈ ബഹിഷ്‌കരണത്തിലൂടെ ലംഘിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയും പുരസ്‌കാര ജേതാക്കളുടെ ബഹിഷ്‌കരണവും ജനായത്ത മര്യാദകളെ ആക്ഷേപിക്കലായിപ്പോയി.

 

Tags: