ബി.ജെ.പിക്ക് ബദലായിട്ടുള്ള പ്രതിപക്ഷ ഐക്യം. അത് അസാധ്യമായൊരു നീക്കമാണെന്ന് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ പോളിറ്റ് ബ്യുറോയും കേന്ദ്ര കമ്മിറ്റിയും നിഷ്കരുണം തള്ളിക്കളഞ്ഞ കോണ്‍ഗ്രസുമായി ധാരണ വേണമെന്ന യെച്ചൂരിയുടെ പ്രമേയത്തിന് പാര്‍ട്ടികോണ്‍ഗ്രസില്‍ അംഗീകാരം ലഭിക്കുമെന്നുള്ളത് അസാധ്യമായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ആ തീരുമാനം എടുക്കുന്നതിന് കാരണമായി പ്രവര്‍ത്തിച്ചത് കേരള ഘടകത്തിന്റെ പാര്‍ട്ടി കോണ്‍ഗ്രസിലെ ഭൂരിപക്ഷമായിരുന്നു.
കേരള ഘടകത്തിന്റെ ആ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് പ്രകാശ് കാരാട്ട് ഒരു ഘട്ടത്തില്‍ ആധിപത്യസ്വഭാവത്തോട് കൂടി പരസ്യമായി തന്നെ യെച്ചൂരിയുടെ നിലപാടിനെ എതിര്‍ത്ത് രംഗത്ത് വന്നത്. അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിലൂടെ തന്റെ നിലപാടിന് അംഗീകാരം നേടുക എന്നത് പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിനേക്കാള്‍ പ്രയാസമായിരുന്നു യെച്ചൂരിക്ക്. ആ പ്രതിബന്ധത്തെ വളരെ വിദഗ്ദമായി അതിജീവിച്ച് തന്റെ നിലപാടിലേക്ക് പാര്‍ട്ടിയെ കൊണ്ടുവന്നാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
യെച്ചൂരിയുടെ ഈ രാഷ്ട്രീയ തന്ത്രവും തന്ത്രജ്ഞതയുമാണ് ദേശീയ രാഷ്ട്രീയത്തില്‍ അദ്ദേഹത്തിന്റെ പ്രാധാന്യം പ്രസക്തമാക്കുന്നത്. മാര്‍ഗം ഏതായിരുന്നുവെങ്കിലും സി.പി.എമ്മിലെ നേതാക്കളെ തന്റെ നിലപാടിലേക്ക് കൊണ്ടുവന്ന യെച്ചൂരി, തനിക്ക് പ്രതിപക്ഷത്തെ കൂട്ടിയിണക്കി ഒരു വേദിയില്‍ കൊണ്ടുവരാനാകുമെന്നും ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്. അപ്രതീക്ഷിതമായ പല സൗഹൃദങ്ങളും യെച്ചൂരിയുടെ കാര്‍മികത്വത്തില്‍ വരും നാളില്‍ കാണാന്‍ കഴിയും.
2019ലെ പൊതു തിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്തെ് ബി.ജെ.പി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി യെച്ചൂരി തന്നെയായിരിക്കും. കാരണം വാക്ചാതുര്യം കൊണ്ടും സംവേദന പാഠവം കൊണ്ടും വര്‍ത്തമാനകാല ഇന്ത്യയില്‍ മോഡിയെ അല്‍പ്പമെങ്കിലും പ്രതിരോധിക്കാന്‍ കഴിയുന്ന നേതാവ് യെച്ചൂരി തന്നെയാണ്. പാര്‍ട്ടി കോണ്‍ഗ്രസിലെ യെച്ചൂരിയുടെ ഈ വിജയം ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ഉണര്‍വിനും കടുത്ത പോരാട്ടങ്ങള്‍ക്കും വഴിതെളിക്കും. പാര്‍ട്ടി എന്ന നിലയില്‍ സി.പി.എം ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ യെച്ചൂരിയുടെ വിജയം പാര്‍ട്ടിക്കും ഗുണകരമാകാനാണ് സാധ്യത.