Skip to main content

students concession

സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസങ്ങളായി തുടര്‍ന്ന് വന്ന സ്വകാര്യ ബസ് സമരം ഇന്ന് രാവിലെ അവസാനിപ്പിക്കുകയുണ്ടായി. ബസ് ഉടമകളള്‍ തമ്മിലുള്ള ഭിന്നിപ്പാണ് മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലും സമരം അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചത്. കേരളത്തിലെ ഒരു പ്രബല വ്യവസായം തന്നെയാണ് സ്വകാര്യ ബസ് മേഖല. ഏകദേശം 13000 സ്വകാര്യ ബസുകളാണ് സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തി വരുന്നത്. പ്രധാന നഗരങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു പരിധിവരെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്.

 

വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാ നിരക്ക് രണ്ട് രൂപയാക്കുക എന്നതായിരുന്നു ബസ്സുടമകളുടെ പ്രധാന ആവശ്യം. അവര്‍ പറയുന്നത് ബസ് യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ത്ഥികളാണ് എന്നാണ്.  ഈ വ്യവസായത്തില്‍ വന്‍കിട മുതലാളിമാരേക്കാള്‍ ഏറെ ചെറുകിടക്കാരാണ് കൂടുതല്‍. അതായത് ഒന്നോ രണ്ടോ ബസുകള്‍ മാത്രമുള്ളവര്‍. വന്‍കിട മുതലാളിമാരെ സംബന്ധിച്ചിടത്തോളം ഒരു സേവനം എന്നതിലുപരി ലാഭത്തിനാണ് പ്രധാന പരിഗണന. ഇന്നത്തെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു രൂപ എന്ന ഇളവ് ബസ് നിരക്ക് വളരെ പരിമിതമാണ്. അവര്‍ക്ക് ലഭ്യമാകുന്ന സേവനവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ നിരക്ക് വളരെ നിസ്സാരമാണ്. ബസ് യാത്രക്കിടയില്‍ അവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെ താരിഫ് നിരക്ക് ബസ് കൂലിയെക്കാള്‍ കൂടാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ നിരക്ക് രണ്ട് രൂപ ആക്കാവുന്നതായിരുന്നു. അത് ഇടത്തരം ചെറുകിട ബസ് ഉടമകള്‍കളുടെ നിലനില്‍പിനെ സഹായിക്കുന്നതായി മാറുമായിരുന്നു. അവരുടെ നിലനില്‍പിന്റെ ഉറപ്പിലുമാണ് വിദ്യാര്‍ത്ഥികള്‍ ഈ ഇളവിലൂടെ സഞ്ചാര സ്വാതന്ത്ര്യം അനുഭവിക്കുന്നത്.

 

ബസ് വ്യവസായം നഷ്ടമാണ് എന്ന് വന്‍കിട മുതലാളിമാര്‍ പലപ്പോഴും പറയുന്നത് കേള്‍ക്കാം, എന്നാല്‍ അവരാരും ഇത് ഉപേക്ഷിക്കുന്നില്ല, പുതിയ ബസുകള്‍ ഇറക്കിക്കൊണ്ടേ ഇരിക്കുന്നു. ലാഭമില്ല എന്ന വാദം അവിടെ പൊളിയുകയാണ്.

 

ബസുകളുടെ എണ്ണം വച്ച് നോക്കുകയാണെങ്കില്‍ കേരളത്തിലെ ഏറ്റവും വലിയ ബസ് മുതലാളി സംസ്ഥാന സര്‍ക്കാരാണ്. എന്നാല്‍ കെ.എസ്.ആര്‍.ടിസി എന്നും നഷ്ടത്തിലാണ് ഓടുന്നത്. സാധാരണക്കാരന്റെ നികുതിപണം സംസ്ഥാന സര്‍ക്കാരിന്റെയും അതിന്റെ മാനേജ്‌മെന്റിന്റെയും ബലമായി കെ.എസ്.ആര്‍.ടി.സി കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന ചോദ്യത്തിന് കെടുകാര്യസ്ഥതയും ജീവനക്കാരുടെ ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത സേവന മനഃസ്ഥിതി കൊണ്ടുമാണ്.

 

ഈ അടുത്ത കാലം വരെ യാത്രക്കാര്‍ കൈകാണിച്ചാല്‍ സ്റ്റോപ്പില്‍ നിന്നും അകലെ നിര്‍ത്തി, യാത്രക്കാരെ ഓടിച്ചും ബസില്‍ കയറ്റാതെയും ഒക്കെയുള്ള ക്രൂര വിനോദങ്ങള്‍ നിത്യ സംഭവമായിരുന്നു. ഈ അവസ്ഥയിലും എത്ര തന്നെ പോരായ്മകള്‍ ആരോപിക്കപ്പെടാമെങ്കിലും യാത്രക്കാര്‍ക്ക് ആശ്വാസവമായി വര്‍ത്തിച്ചത് സ്വകാര്യ ബസുകള്‍ ആയിരുന്നു. ആ കാലഘട്ടത്തില്‍ ഉള്ള ജീവനക്കാരാണ് ഇന്ന് പെന്‍ഷന്‍ കിട്ടാതെ ദുരിതം അനുഭവിക്കുന്നത്, അവരുടെ ദുരിതം അകറ്റേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണ്, സംശയം ഇല്ല. എന്നാല്‍ അതേ സമയത്ത് ഇവര്‍ യാത്രക്കാരെ ബുദ്ധിമുട്ടിച്ചപ്പോള്‍, അവര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിച്ച സ്വകാര്യ ബസ് ജീവനക്കാരും ഇതേ പ്രായത്തില്‍ തന്നെ എത്തിയിട്ടുണ്ടാകും . അവരുടെ ജീവിതം എങ്ങനെ നീങ്ങുന്നു എന്ന് സമൂഹത്തിനും അറിയില്ല സര്‍ക്കാരിനും അറിയില്ല. സ്വകാര്യമേഖല ആയാലും പൊതുമേഖല ആയാലും അതില്‍ പണിയെടുക്കുന്നത് ഈ രാജ്യത്തെ ജനങ്ങള്‍ തന്നെയാണ്. എല്ലാവരും ഒരേ നികുതിയുമാണ് ഖജനാവിലേക്ക് നല്‍കുന്നതും.

 

ഐ.എ.എസുകാരോ ഐ.പി.എസുകാരോ മാനേജ്മന്റ് വിദഗ്ധരോ ഒന്നും ഇല്ലാതെയാണ് സ്വകാര്യ ബസ് മേഖല ഇവിടെ നിലനില്‍ക്കുന്നതും. ചെറിയൊരു വിഭാഗം വന്‍കിട മുതലാളിമാരായി വികസിക്കുന്നതും. ഇതില്‍ സ്വകാര്യ ബസ് മേഖലയിലും ഒട്ടേറെ അനാശ്വാസ്യമായ നടപടികള്‍ തുടര്‍ന്ന് വരുന്നുണ്ട്. ദീര്‍ഘദൂര ബസുകള്‍ ഈടാക്കുന്ന അമിത ചാര്‍ജുകള്‍, കൊച്ചി പോലുള്ള നഗരങ്ങളില്‍ വഴിയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ബസിനുള്ളിലുളളവര്‍ക്കും അപകടം വരുത്തുന്ന വിധമുള്ള ബസ് ഓടിപ്പ്, മത്സര ഓട്ടം, ഗുണ്ടകളാല്‍ നിയ്രന്തിക്കപ്പെടുന്ന ബസുകള്‍ ഇങ്ങനെ പോകുന്നു ആ പട്ടിക.

 

കെ.എസ്.ആര്‍.ടി.സിയുടേതാണെങ്കിലും സ്വകാര്യ ബസുകളുടേതാണെങ്കിലും ജനങ്ങളെ  സംബന്ധിച്ചിടത്തോളം ഒരേ സേവനമാണ് ലഭിക്കുന്നത്. ഈ സേവനം സുഗമമാക്കുക ഭദ്രമാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണ്. ഇവിടെ ഇപ്പോള്‍ പ്രകടമായി കാണുന്നത് കൈയടി നേടാനുള്ള രാഷ്ട്രീയ ചെപ്പടി വിദ്യ മാത്രമാണ്. വിദ്യാര്‍ത്ഥികളുടെ മിനിമം ബസ് കൂലി രണ്ട് രൂപ ആക്കിയിരുന്നു എങ്കില്‍ ഒന്നും സംഭവിക്കുമായിരുന്നില്ല. ചെറുകിട ഇടത്തരം ബസ് ഉടമകള്‍ക്ക് അത് ആശ്വാസവും ആകുമായിരുന്നു. വിശേഷിച്ചും കേരളത്തിന്റെ ഗ്രാമ പ്രദേശങ്ങളിലൂടെയും മറ്റും സര്‍വീസ് നടത്തുന്ന ബസുകളെ സംബന്ധിച്ചിടത്തോളം. ആ സര്‍വീസുകളിലൂടെ ലഭ്യമാകുന്ന സേവനം വളരെ വിലപ്പെട്ടതാണ്. അത്തരം ബസ് സര്‍വീസ് നടത്തുന്ന ഉടമകളുടെ നിലനില്‍പിനെ ബാധിക്കുന്നത് തന്നെയാണ് വിദ്യാര്‍ത്ഥികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിക്കാതിരിക്കാനുള്ള സര്‍ക്കാരിന്റെ പിടിവാശി.

 

പ്രത്യക്ഷത്തില്‍ അല്ലെങ്കിലും പരോക്ഷമായി ഇത് സ്വകാര്യ ബസ് മേഖലയെ തളര്‍ത്തും, ആ തളര്‍ച്ചയുടെ പ്രത്യാഘാതം പേറേണ്ടി വരുന്നത് ജനങ്ങളുമാണ്. ഈ കൈയടിക്ക് വേണ്ടിയുള്ള പ്രീണന രാഷ്ട്രീയ സമീപനം തന്നെയാണ് കെ.എസ.ആര്‍.ടി.സിയെ ഈ അവസ്ഥയില്‍ എത്തിച്ചത്.

 

Tags