സി.പി.എമ്മും ബി.ജെ.പിയും പ്രവര്‍ത്തിക്കുന്നത് ഒരുപോലെ

Glint staff
Fri, 26-01-2018 05:25:56 PM ;

Mohan-Bhagawat-pinarayi

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി  ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് കല്ലേക്കാട് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തി. മോഹന്‍ ഭാഗവതിനെ തടയാന്‍, അതാത് സ്ഥാപനങ്ങളിലെ മേധാവിമാര്‍ മാത്രമേ പതാക ഉയര്‍ത്താന്‍ പാടുള്ളൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ സി.ബി.എസ്.സി സ്‌കൂളായതിനാല്‍ സര്‍ക്കുലര്‍ ബാധകമല്ല എന്ന് പറഞ്ഞാണ് ആര്‍.എസ്.എസ് പരിപാടി സംഘടിപ്പിച്ചത്. ആര്‍.എസ്.എസ് മേധാവിയുടെ പതാക ഉയര്‍ത്തലിനെ സി.പി.എമ്മിന് മേലുള്ള വിജയമായിട്ടാണ് ബി.ജെ.പിയും സംഘപരിവാറും ഉയര്‍ത്തിക്കാട്ടുന്നത്.
 

ജനായത്ത സംവിധാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. ഭരണപക്ഷത്തുള്ള പാര്‍ട്ടിയായാലും പ്രതിപക്ഷത്തുള്ള പാര്‍ട്ടിയായാലും പക്ഷത്തില്ലാത്ത പാര്‍ട്ടി ആയാലും ചില ഉത്തരവാദിത്വങ്ങള്‍ അവരില്‍ ഉണ്ട്. അല്ലെങ്കില്‍ അവരില്‍ നിന്ന് ചില മാന്യത പ്രതീക്ഷിക്കുന്നുണ്ട്. സമൂഹത്തിന്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ടായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. സമാധാനം ഉറപ്പ് വരുത്തുന്നതില്‍ പ്രതിപക്ഷത്തിരിക്കുന്ന കക്ഷികളേക്കാള്‍  ഉത്തരവാദിത്വം ഭരണപക്ഷത്തിരിക്കുന്നവര്‍ക്കാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ കേരളത്തില്‍ കൂടുതല്‍ ഉത്തരവാദിത്വം ബി.ജെ.പിയേക്കാള്‍ സി.പി.എമ്മിനാണ്.

 

സി.പി.എം എടുക്കുന്ന പല നിലപാടുകളും ബി.ജെ.പിക്കും ആര്‍.എസ്.എസിനും കേരളത്തില്‍ വേരൂന്നാന്‍ സഹായകമാകുന്നുണ്ട്, അത് അവര്‍ പ്രതിപക്ഷത്തിരുന്നപ്പോഴായിക്കോട്ടെ, ഇപ്പോള്‍ ഭരണ പക്ഷത്തിരിക്കുമ്പോഴായിക്കോട്ടെ. മോഹന്‍ ഭാഗവതിന്റെ പതാക ഉയര്‍ത്തല്‍ അതിന്റെ അവസാനത്തെ ഉദാഹരണമാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പാലക്കാട്ടെ തന്നെ മറ്റൊരു സ്‌കൂളില്‍ പതാക ഉയര്‍ത്തിയതാണ് തുടക്കം. ആ സംഭവത്തിന് അര്‍ഹിക്കുന്ന പ്രാധാന്യത്തെക്കാള്‍ കൂടുതല്‍ നല്‍കി, റിപ്പബ്ലിക്ക് ദിനത്തില്‍ വീണ്ടും മോഹന്‍ ഭാഗവതിനെ പതാക ദേശീയ പതാക ഉയര്‍ത്തുന്നതിലേക്ക് എത്തിച്ചത് സി.പി.എമ്മിന്റെ പിടിവാശിയാണ്.

 

ആര്‍.എസ്.എസും ബി.ജെ.പിയും എടുക്കുന്ന നിലപാടുകള്‍ ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഭാരതീയ സംസ്‌കാരത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവരാണ് തങ്ങള്‍ എന്ന് അവകാശപ്പെടുന്നരാണ് ആര്‍.എസ്എസുകാര്‍. എന്നാല്‍ പാലക്കാട്ടെ പതാക ഉയര്‍ത്തലിനെ എങ്ങനെയാണ് വിലയിരുത്തുക. അടിക്ക് അടി എന്നുള്ളത് ഭാരതീയ സംസ്‌കാരം ആണോ?

 

 
സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമാകാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് ബി.ജെ.പി. അതിന് അവര്‍ പലപ്പോഴും സ്വീകരിക്കുന്നത്  പ്രകോപനത്തിന്റെ വഴിയാണ്. അതേ വഴിക്ക് തന്നെയാണ് സി.പി.എമ്മും നീങ്ങുന്നത്. പാലക്കാട്ടെ സംഭവം തന്നെ നോക്കിയാല്‍, സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്  അത് നയതന്ത്രജ്ഞതയിലൂടെ കൈകാര്യം ചെയ്യാമായിരുന്നു. ഒരു പക്ഷേ അങ്ങനെ ചെയ്തിരുന്നു എങ്കില്‍ മോഹന്‍ ഭാഗവതിന്റെ വരവിനും പതാക ഉയര്‍ത്തലിനും ഇത്രയധികം പ്രചാരം കിട്ടില്ലായിരുന്നു. മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രാദേശിക വാര്‍ത്തയായി കൈകാര്യം ചെയ്യുമായിരുന്നു. ബി.ജെ.പിയെ അവരുടെ അതേ ശൈലിയില്‍ നേരിടുന്നതിലൂടെ സി.പി.എം ലക്ഷ്യമാക്കുന്നത് ന്യൂനപക്ഷ പിന്തുണയാണ്. എന്നാല്‍ മറുവശത്ത്, ഇത് ഉയര്‍ത്തിക്കാട്ടി ഭൂരിപക്ഷത്തിന്റെ പിന്തുണ നേടി എടുക്കനാണ് ബി.ജെ.പി ശ്രമിക്കുന്നത് എന്ന് അവര്‍ മറക്കുന്നു. ഈ മറവിയാണ് ബി.ജെ.പിയെ കേരളത്തില്‍ വളര്‍ത്തുന്നതിന് പ്രധാന പങ്ക് വഹിക്കുന്നത്. അത് മനസ്സിലാക്കി കരുതലോടെ പ്രവര്‍ത്തിക്കാന്‍ സി.പി.എം തയ്യാറാവണം. അല്ലാത്ത പക്ഷം കേരളം മുഴുവന്‍ കണ്ണൂരാകും.

 

Tags: