Skip to main content

Youth, Alcoholism

മദ്യ ഉപയോഗത്തിനുള്ള പ്രായപരിധി ഉയര്‍ത്തിക്കൊണ്ട് കേരള സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓര്‍ഡിന്‍സ് ഇറക്കാന്‍ പോകുന്നു. നിലവിലെ പ്രായപരിധിയായ ഇരുപത്തിയൊന്നില്‍ നിന്ന് ഇരുപത്തിമൂന്ന് ആക്കിക്കൊണ്ട്. പ്രത്യക്ഷത്തില്‍ ഈ നടപടികൊണ്ട് ലക്ഷ്യം വയ്ക്കുന്നത് യുവ തലമുറക്ക് മദ്യ ലഭ്യതയ്ക്കുള്ള അവസരം കുറയ്ക്കുക എന്നതായിരിക്കും. പക്ഷെ കൂടുതല്‍ നിയമ ലംഘകരെ സൃഷ്ടിക്കുന്നതിനു മാത്രമേ ഈ നിയമഭേദഗതി കാരണമാവുകയുളളൂ. സാമൂഹ്യശാസ്ത്ര വീക്ഷണമില്ലാത്ത ഏതോ വ്യക്തിയുടെ മസ്തിഷ്‌ക്കത്തിലുദിച്ചതാവണം ഈ തീരുമാനം.
      

 

പത്തു വയസ്സിന് താഴെയുള്ളവര്‍ പോലും മദ്യപാനം ശീലമാക്കിയിരിക്കുന്നു എന്നതാണ് കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലം. മദ്യപിക്കാത്ത രക്ഷകര്‍ത്താക്കളുള്ളതും മദ്യം സൂക്ഷിക്കാത്തതുമായ വീടുകളുടെ എണ്ണം കേരളത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. മദ്യത്തേക്കാളുപരി മയക്കുമരുന്നിലാണ് കൗമാരക്കാരും യുവത്വത്തിലേക്ക് പ്രവേശിക്കുന്നവരും ലഹരി കണ്ടെത്തുന്നത്. ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ ഒരു വശത്ത് മദ്യത്തിന്റെ ലഭ്യത കൂട്ടിക്കൊണ്ടാണ് മറുവശത്ത് ഈ ശ്രമത്തിന് മുതിരുന്നതെന്നത് വിരോധാഭാസമാണ്. മദ്യവുമായി ബന്ധപ്പെടുന്ന വ്യക്തികളും അത് ലഭ്യമാകുന്ന സ്ഥലങ്ങളിലെ വ്യക്തികളും പൊതുവെ സ്വയം ബഹുമാനം കുറഞ്ഞ് സാംസ്‌കാരികമായി പിന്നാക്കം നില്‍ക്കുന്നവരായിരിക്കും, അവര്‍ എത്ര തന്നെ വിദ്യാഭ്യാസപരമായും സ്ഥാനപരമായും ഉന്നതരായാലും.  അതുകൊണ്ട് തന്നെ അവരില്‍ സാമൂഹ്യബോധം  കുറവുമായിരിക്കും. മദ്യപിച്ച് വാഹനമോടിച്ച് പിടിയിലാവുന്നവരുടെ സ്ഥിതിവിവരപ്പട്ടികയിലേക്ക് കണ്ണോടിച്ചാല്‍ അതു വ്യക്തമാകാവുന്നതേ ഉള്ളൂ.

 

 

ഇന്നത്തെ സാഹചര്യത്തില്‍ മദ്യപിക്കുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുന്നതുകൊണ്ട് മദ്യലഭ്യത കുറയ്ക്കാമെന്നുള്ളത് വെറും വ്യാമോഹമാണ്. നിയമം ലംഘിക്കുന്ന സ്വഭാവം യുവാക്കളില്‍ ഉണ്ടാക്കാന്‍ മാത്രമേ അതു സഹായകമാവുകയുളളൂ. പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നോക്കി മദ്യം വില്‍ക്കപ്പെടുമെന്നും കരുതുക വയ്യ. പലപ്പോഴും യുവത്വത്തിന്റെ പ്രാരംഭ ദിശയിലുള്ളവര്‍ മദ്യപിക്കുക സുഹൃത്തുക്കളുമായി ചേര്‍ന്നായിരിക്കും. അഥവാ പ്രായം തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കര്‍ശനമാക്കിയാല്‍ പോലും ഇരുപത്തിമൂന്നു വയസ്സു തികഞ്ഞവരിലൂടെ മദ്യം വാങ്ങുന്നതിനും പ്രയാസമുണ്ടാകില്ല. ഏത് ഘടകമാണ് ഈ ഭേദഗതി ഓര്‍ഡിനന്‍സായി ഇറക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നും അറിയില്ല. എന്തായാലും ഈ നീക്കം ഒരു സര്‍ക്കാര്‍ ഫലിതമായി അവശേഷിക്കും.