ഇത് മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രദ്ധ കാട്ടേണ്ട സമയം

Glint staff
Sat, 02-12-2017 05:52:18 PM ;

okhi cyclone, media

ഓഖി ചുഴലിക്കാറ്റ് കേരളതീരം വിട്ട് ലക്ഷദ്വീപിലേക്ക് നീങ്ങി. അവിടെയും കനത്ത നാശം വിതച്ച് ഗുജറാത്ത് തീരത്തേക്ക് പോകുമെന്നാണ് അറിവ്. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണ് ഓഖി. അവസാനത്തെ കണക്കുകള്‍ പ്രകാരം പത്തു മരണമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. കടലില്‍ അകപ്പെട്ട 417 മത്സ്യത്തൊഴിലാളികളെ  ഇതുവരെ രക്ഷിക്കാനായി. ഇനിയും  106 പേരെ കൂടി കണ്ടെത്താനുണ്ട്. അവരെ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. പതിവുപോലെ ഈ ദുരന്തവും മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. ചര്‍ച്ചകള്‍ കൊണ്ടും റിപ്പോര്‍ട്ടുകള്‍ കൊണ്ടും വിദഗ്ദഅഭിപ്രായം കൊണ്ടും ഭാവി പ്രവചനം കൊണ്ടും മുഖ്യധാരാ മാധ്യമങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.

 

ദുരന്ത വാര്‍ത്ത ജനങ്ങളിലേക്ക് എത്തിക്കണം അത് തീര്‍ച്ചയാണ്. അപകട സാദ്ധ്യതകള്‍ എന്തൊക്കെ ആണെന്നും മുന്‍കരുതലുകള്‍ ഏതൊക്കെ വിധത്തില്‍ വേണമെന്നും പൊതുജനത്തെ അറിയിക്കാന്‍ ബാധ്യതപ്പെട്ടവരാണ് മാധ്യമങ്ങള്‍. ഓഖിയെപ്പോലെ ഒരു വലിയ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ സര്‍ക്കാര്‍സംവിധാനങ്ങള്‍ക്കും  ജനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഒപ്പം നിന്ന്  പ്രവര്‍ത്തിക്കേണ്ടവരാണ് അവര്‍. എന്നാല്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഓഖി വിഷയത്തെ സര്‍ക്കാരിന്റെ വീഴ്ചയായി അവതരിപ്പിക്കുന്നതിലാണ് ശ്രദ്ധചെലുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ ആ വീഴ്ചകള്‍ ചര്‍ച്ച ചെയ്യേണ്ട സമയം ഇതല്ല. കടലില്‍ കുടുങ്ങിക്കിടക്കുന്ന വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കുന്നതിലും കരയിലുള്ളവരെ സുരക്ഷിതരാക്കുന്നതിലുമാണ് ശ്രദ്ധ ഊന്നേണ്ടത്. ഒമ്പത് മണി ചര്‍ച്ചകളില്‍ സര്‍ക്കാര്‍ വീഴ്ചയെക്കുറിച്ച് പിന്നീട് സംസാരിക്കാം ഇപ്പോഴത്ത വിഷയം അതല്ലല്ലോ എന്ന് പറയുന്ന പ്രതിപക്ഷ പ്രതിനിധികളെ പ്രകോപിപ്പിച്ച് ആ വിഷയത്തിലേക്ക് കൊണ്ടു വരുന്ന തരത്തിലേക്ക് കേരളത്തിലെ മാധ്യമങ്ങള്‍ എത്തിയിരിക്കുന്നു.

 

സര്‍ക്കാരിന്റെ വീഴ്ചകള്‍ അവതരിപ്പിക്കുമ്പോള്‍ ദുരന്ത ബാധിതരും ജനവും പ്രകോപിതാരാകും അവര്‍ റോഡ് ഉപരോധിച്ചും ഉദ്യോഗസ്ഥരെ തടഞ്ഞും പ്രതിഷേധിക്കും. അത് വാര്‍ത്തയാക്കാന്‍ പറ്റുമായിരിക്കും. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പ്രതിഷേധം ശമിപ്പിക്കുന്നതിലേക്ക് വേണ്ടപ്പെട്ടവരുടെ ശ്രദ്ധ മാറും. അത് ആരെയാണ് ബാധിക്കുക? മാധ്യമങ്ങള്‍ സ്വയം ചിന്തിക്കേണ്ടതാണ്.

 

നാവികസേനയും തീരദേശ സംരക്ഷണസേനയും വ്യോമസേനയും ദുരന്ത നിവാരണ സേനയും എല്ലാ പ്രതികൂല കാലാവസ്ഥയെയും മറികടന്ന് സേവനം അനുഷ്ഠിക്കുകയാണ്. അവരെ അതിന് അനുവദിക്കുകയാണ് വേണ്ടത്. അവരുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന നടപടികള്‍ ഒരു ഭാഗത്തു നിന്നും അനുവദിച്ചുകൂടാ. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ മന്ത്രിമാരുടെ ഭാഗത്തു നിന്ന് പോലും  അത്തരത്തിലുള്ള നടപടികള്‍ ഉണ്ടാകുന്നു. രക്ഷാപ്രവര്‍ത്തന മേഖലയില്‍ മന്ത്രിമാര്‍ ആകാശ മാര്‍ഗ്ഗം സഞ്ചരിച്ചിട്ടോ ദുരന്ത ബാധിത പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്തിട്ടോ പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. മന്ത്രിമാര്‍ അവിടെ ഉള്ളപ്പോള്‍ അത് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ബാധ്യതയാണ് ഉണ്ടാക്കുക. അത് അവരുടെ ലക്ഷ്യബോധത്തെ ബാധിക്കുകയും ചെയ്യും.

 

 

ഇത്തരം സാഹചരങ്ങളില്‍ പക്വതയാര്‍ന്ന സമീപനമാണ് ജനായത്തത്തിന്റെ നാല് തൂണുകളില്‍ നിന്നും ഉണ്ടാകേണ്ടത്. പ്രത്യേകിച്ചും നാലാം തൂണില്‍ നിന്ന് . കാരണം മാധ്യമങ്ങളെ ആണ് പൊതുജനം കൂടുതല്‍ വിശ്വാസത്തില്‍ എടുക്കാന്‍ സാധ്യത . ആ വിശ്വാസത്തെ കാത്തുസൂക്ഷിക്കുകയാണ്  വേണ്ടത്, അല്ലാതെ വിഷയത്തില്‍ നിന്ന് വഴിമാറിപ്പോകുക അല്ല.

 

 

Tags: