കേരളം സംഘര്‍ഷത്തില്‍: പൊതുസമ്മതര്‍ മുന്‍കൈ എടുക്കട്ടെ

Glint staff
Mon, 20-11-2017 03:54:47 PM ;

Pinarayi vijayan,kummanam,

രാഷ്ട്രീയതലത്തില്‍ ഭരണമുന്നണിയ്ക്കകത്തും, ഭരണമുന്നണിയും ബി.ജെ.പിയും തമ്മിലും സംഘര്‍ഷം. കൊലപാതകവും സംഘട്ടനങ്ങളുമായി സി.പി.എമ്മും ബി.ജെ.പിയും വീണ്ടും കേരളാന്തരീക്ഷം രക്തഗന്ധ പൂരിതമാക്കുന്നു മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട് കത്തിനശിപ്പിക്കപ്പെടുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനം. കേരളം ഈ വിധം സംഘട്ടനങ്ങള്‍ കൊണ്ടും സംഘര്‍ഷങ്ങള്‍ കൊണ്ടും അസ്വസ്ഥമായിരിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടതിന്റെയും സമാധന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി സംഘര്‍ഷം ഒഴിവാക്കേണ്ടതിന്റെയും ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ് .

 

എന്നാല്‍ മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ അതീവ സംഘര്‍ഷത്തിലായിരിക്കുന്നു എന്നുള്ളതാണ് ചില ഉദാഹരങ്ങള്‍ പ്രകടമാക്കുന്നത്. ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കളുമായി സമാധാന ചര്‍ച്ച തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് "കടക്കൂ പുറത്ത്" എന്ന് മുഖ്യമന്ത്രി പറഞ്ഞത് സ്വാഭാവികമായിരുന്നു. കാരണം സംഘര്‍ഷമുള്ള മനസ്സില്‍ നിന്നേ രോക്ഷപ്രകടനം ഉണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ മനുഷ്യര്‍ പരസ്പരം കാണുമ്പോള്‍ ചരിക്കുകയും വന്ദിക്കുകയും പ്രതിവന്ദിക്കുകയും ചെയ്യുക എന്നതാണ് സ്വാഭാവികമായ പെരുമാറ്റരീതി. അപക്വമായ ഏതെങ്കിലും പ്രവൃത്തികള്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ പക്വതയുള്ളര്‍ ആ സന്ദര്‍ഭത്തെ പക്വതകൊണ്ട് തന്നെ  മാറ്റിയെടുക്കും. സമാധാന ചര്‍ച്ചയ്ക്ക് നേതൃത്വംകൊടുക്കുന്ന വ്യക്തി ചര്‍ച്ചക്കെത്തുമ്പോള്‍ സമാധാനമായിട്ടായിരിക്കണം എത്തേണ്ടത്. കൊച്ചിയില്‍ വച്ച് ഒരു മാധ്യമപ്രവര്‍ത്തകയുടെ മൈക്ക് ഉടുപ്പില്‍ ഉരസിയപ്പോള്‍ "മാറിനില്‍ക്കങ്ങോട്ട്" എന്ന് മുഖ്യമ്ര്രന്തി ആക്രോശിക്കുകയുണ്ടായി.

 

മാധ്യമപ്രവര്‍ത്തകര്‍  മുഖ്യമന്ത്രിയുടെ ദേഹത്ത് മൈക്ക് തട്ടുന്ന വിധം സമീപിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കപ്പെടാവുന്നതല്ല. അക്കാര്യം മുഖ്യമന്ത്രി ഒരുനിമിഷം അവിടെ നിന്ന് എങ്ങിനെയാണ് സാമൂഹികമായി പെരുമാറേണ്ടത് എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് ഒരു നല്ല മാറ്റത്തിനു തുടക്കമാകുമായിരുന്നു. തോമസ് ചാണ്ടി രാജി വച്ചതിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അക്ഷമയോടെ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് പറഞ്ഞത് ഇവിടെയും പ്രാവര്‍ത്തിക മാക്കാമായിരുന്നു.

 

അക്രമത്തിലൂടെ കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാമെന്നുള്ള മിഥ്യാധാരണയില്‍ അകപ്പെട്ടിരിക്കുകയാണ് ബി.ജെ.പി നേതൃത്വവും. സി.പി.എമ്മിനെ നേരിടാന്‍ പ്രതിപക്ഷമെന്ന നിലയില്‍ തങ്ങള്‍ മാത്രമേ ഒള്ളൂ എന്ന ധാരണ പരത്താന്‍ ബി.ജെ.പി സംഘട്ടനത്തെയും സഘര്‍ഷത്തെയും കൂട്ടുപിടിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി ഭരണകക്ഷി എന്നനിലയില്‍ പ്രവര്‍ത്തിക്കുന്നതിന്  സി.പി.എമ്മിനും ഭരണ നേതൃത്വത്തിനും കഴിയാതെ വരുന്നു ഈ സാഹചര്യമാണ് കേരളത്തെ അകാരണമായി സംഘര്‍ഷ പ്രദേശമാക്കിയിരിക്കുന്നത് .

 

ഈ സവിശേഷ സാഹചര്യത്തില്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് ഒരു സമാധാന പുനഃസ്ഥാപന ശ്രമം നടത്തിയാല്‍ അത് വിജയിക്കാന്‍ സാധ്യത കുറവാണ്. ഇത്തരുണത്തില്‍ കേരളത്തില്‍ പൊതുസമ്മതനായ ഒരു വ്യക്തിയെയോ വ്യക്തികളുടെ സംഘത്തെയോ സര്‍ക്കാരിന് സമാധാന ശ്രമത്തിനായി നിയോഗിക്കാവുന്നതാണ്. സഘര്‍ഷത്തില്‍പെട്ട എല്ലാവരുമായി തുറന്ന ചര്‍ച്ച നടത്തി പൊതുധാരണ സൃഷ്ടിച്ച് സമാധാനം കൈവരുത്താവുന്നതേ ഒള്ളൂ. ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ പറ്റാത്ത വിഷയങ്ങള്‍ ഒന്നും തന്നെ കേരളത്തില്‍ ഇപ്പോള്‍ ഇല്ല . ഒരു നഗരസഭയിലെ അംഗങ്ങള്‍ തമ്മിലടിച്ച് മേയറുള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍ക്കുന്ന അവസ്ഥ ജനായത്തത്തിന് ഏല്‍ക്കുന്ന പ്രഹരമാണ്. രാഷ്ട്രീയം കുറ്റവാസന യുള്ളവര്‍ക്ക് മാത്രം ചേക്കാറാനുള്ള ഇടമാണെന്ന് വളര്‍ന്നുവരുന്ന തലമുറ നിരീക്ഷിക്കും. അതിനാല്‍  ആ വാസന ഇല്ലാത്തവര്‍ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിഞ്ഞ്‌നില്‍ക്കും. ആ വിടവിലേയ്ക്ക് കുറ്റകൃത്യവാസന ഉള്ളവരുടെ തള്ളിക്കയറ്റമായിരിക്കും ഉണ്ടാവുക. ഇത് കേരളം പോലൊരു സംസ്ഥാനത്തെ എല്ലാവിധ പ്രതിലോമശക്തികളുടെയും ആകര്‍ഷണ കേന്ദ്രമാക്കി മാറ്റും. അടിയന്തരമായും ആത്മാര്‍ത്ഥമായും സമാധാനശ്രമം നടത്തപ്പെട്ടില്ലെങ്കില്‍ ഓരോ മലയാളിയ്ക്കും കൊടുക്കേണ്ടിവരുന്ന വില വലുതായിരിക്കും.

 

Tags: