ചാണ്ടി കുറ്റക്കാരനല്ല

Glint staff
Tue, 14-11-2017 05:21:25 PM ;

Pinarayi vijayan,Thomas Chandy

ഒരോ പ്രദേശങ്ങളിലും കളവ് ചെയ്യുന്നത് കള്ളന്മാരായിരിക്കും. അവിടെ സത്യവും നീതിയും നടപ്പിലാക്കുന്നതിന്റെയും നിലനിര്‍ത്തുന്നതിന്റെയും ഉത്തരവാദിത്വം ആ രണ്ട് ഘടകങ്ങളോട്  കൂറുള്ളവരും അവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ട സമൂഹസംവിധാനവുമായിരിക്കും. തോമസ് ചാണ്ടി അധാര്‍മികതയിലൂടെ ധനസമ്പാദനം നടത്തുന്ന വ്യക്തിയാണ്. തിരഞ്ഞെടുപ്പ് വേളകളില്‍ വോട്ടവകാശമുള്ള കുട്ടികള്‍ക്ക് യഥേഷ്ടം കായിക ഉപകരണങ്ങള്‍ വാങ്ങാന്‍ ആലപ്പുഴയിലെ ഒരു കടയില്‍ ഏര്‍പ്പാടാക്കിയത് മുതല്‍ വോട്ടര്‍മാരിലേക്ക് പണം എത്തിച്ച് വരെയാണ് തിരഞ്ഞെടുപ്പില്‍ തോമസ് ചാണ്ടി വിജയിച്ചത്. അതേ പണത്തിന്റെ ശക്തിയിലാണ് അദ്ദേഹം മന്ത്രിയായതും. ധാര്‍മികതയും അധാര്‍മികതയും രണ്ട് വഴികളും രണ്ട് യുക്തികളുമാണ്. അധാര്‍മികത എങ്ങനെ ജനായത്തത്തെ കീഴടക്കുന്നു എന്നതിന്റെ  ഉദാഹരണമാണ് തോമസ് ചാണ്ടി മന്ത്രിയായത്. അധാര്‍മികതയുടെ യുക്തിയിലൂടെ നടക്കുന്നവരുടെ യുക്തി അധാര്‍മികത തന്നെയായിയിരിക്കും. അതേ യുക്തികൊണ്ട്  തന്നെയാണ് ജനജാനജാഗ്രതാ യാത്രയില്‍ ഇനിയും കായല്‍ നികത്തും എന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

 

അതിന് അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം അദ്ദേഹത്തിന്റെ ജീവിതം അദ്ദേഹത്തിന്റെ യുക്തിയില്‍ വിജയിച്ചതാണ്. ആ വിജയത്തിലേക്ക് നയിച്ച ഘടകങ്ങള്‍ തന്നെയാണ് അദ്ദേഹം ഇപ്പോള്‍ പിന്തുടരുന്നത്. അതില്‍ നിന്ന് വ്യതിചലിക്കുന്ന ചാണ്ടി സ്വയം അറിയുന്നതിന് താന്‍  പരാജയമാണെന്നായിരിക്കും. ആ യുക്തി ചാണ്ടിക്ക് സ്വീകാര്യമാവില്ല. അതുകൊണ്ടു തന്നെയാണ് കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചതും.

 

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്നുപറയുന്നത്  പ്രാഥമികമായി ഭരണഘടനാബാധ്യതയും പിന്നീട് ധാര്‍മികതയുമാണ്. ചാണ്ടിയുടെ വഴി അധാര്‍മികതയുടെയും ഭരണഘടനാ ലംഘനത്തിന്റേയുമാണ്. ചാണ്ടിയുടെ കാഴ്ചപ്പാടിലെ വിജയം സമ്മാനിച്ചിട്ടുള്ളത് ഇവ രണ്ടുമാണ്. ഇത് മനസ്സിലാക്കേണ്ടത് വര്‍ത്തമാന സാഹചര്യത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരളത്തിലെ ഭൂരിഭാഗം ജനങ്ങള്‍ അദ്ദേഹം നേതൃത്വം നല്‍കുന്ന മുന്നണിയില്‍ വിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍, പിണറായി വിജയനില്‍ നിന്നും ഈ ഭൂരിഭാഗം  ജനങ്ങളും ചുരുങ്ങിയ ധാര്‍മികതയെങ്കിലും ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം  തോമസ് ചാണ്ടിയില്‍ നിന്ന് കേരളത്തിലെ ഒരു വ്യക്തി പോലും ധാര്‍മികത പ്രതീക്ഷിക്കുന്നില്ല.

 

തേളില്‍ മുയലിന്റെ സ്വഭാവം പ്രതീക്ഷിക്കാത്തത് പോലെ ഇത്രയും നഗ്‌നമായ രീതിയില്‍ വസ്തുതകള്‍ തിരിച്ചറിവാകുന്ന പശ്ചാത്തലത്തില്‍ മുയലിന്റെ സ്വഭാവം കാണിക്കാത്തവന്‍ തേളിനെ പഴിചാരുന്നത് പോലെയാണ് മന്ത്രിപദത്തില്‍ എത്തിയതിനും മന്ത്രി പദത്തില്‍ നിന്ന് ഇറങ്ങാതിരിക്കുന്നതിനും ചാണ്ടിയെ പഴിചാരുന്നത്.മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടുവെന്ന് നീതിപീഠത്തെക്കൊണ്ട് തോമസ് ചാണ്ടി വിഷയത്തില്‍ പറയിപ്പിച്ചതിന്റെ ഉത്തരവാദിത്വവും  കേരളത്തിന്റെ മുഖ്യമന്ത്രിക്കാണ്  പ്രത്യക്ഷമായി, പരോക്ഷമായി കേരളത്തിലെ ജനങ്ങള്‍ക്കുമാണ്. കാരണം ഒരുജനതയ്ക്ക് അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരിയെ മാത്രമേ ലഭിക്കുകയുള്ളൂ. തോമസ്ചാണ്ടി മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയും. എന്നാലും അഴിമതിയുടെയും നിയമലംഘനങ്ങളുടെയും കാര്യത്തില്‍ നെല്ലിട കുറവുണ്ടാകാന്‍ പോകുന്നില്ല. അത് സൂചിപ്പിക്കുന്നത് കേരത്തിന്റെ ജനായത്തത്തിന്റെ ആരോഗ്യസ്ഥിതിയെയാണ്.

 

 

 

Tags: