Skip to main content

 ns madhavan, saritha s nair,justice sivarajan commission

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നവംബര്‍ 9ന് നിയമസഭയില്‍ വച്ചതിനു ശേഷം പ്രസിദ്ധ സാഹിത്യകാരനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടെഴുതിയ കുറിപ്പിന്റെ അവസാനം പറഞ്ഞിരിക്കുന്നു, ' ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപ്പത്രപ്രവര്‍ത്തനം പരിശീലിക്കുകയാണോ' എന്ന്. ലോകജ്ഞാനവും ജ്ഞാനസമൃദ്ധിയും സര്‍ഗ്ഗശേഷിയുമുള്ള എന്‍ എസ് മാധവന്‍ മൂന്നു പതിറ്റാണ്ട് പിന്നില്‍ ജീവിക്കുകയാണെന്നു വെളിപ്പെടുത്തുന്നതാണ് ആ പ്രസ്താവന.
കാരണങ്ങള്‍:

1)ഇന്ന് കേരളത്തില്‍ മഞ്ഞപ്പത്രങ്ങളില്ല. അഥവാ തുടങ്ങണമെന്നു വിചാരിച്ചാലും സാധ്യമല്ല,വിജയിക്കില്ല.അതിനേക്കാള്‍ കടും മഞ്ഞയാണ് ഇന്ന് മുഖ്യധാരാ പത്രങ്ങളിലും ചാനലുകളിലും.  മഞ്ഞപ്പത്രങ്ങളുടെ കേസരിയായിരുന്നു തനിനിറം. ആ തനിനിറത്തില്‍ തന്നെ വന്നിരുന്ന വലിയ മഞ്ഞക്കാര്യങ്ങള്‍ അവിശുദ്ധ ഗര്‍ഭം, കാമകേളി, ഉദ്യോഗസ്ഥര്‍ തമ്മിലുള്ള രഹസ്യപ്രണയം എന്നിവയൊക്കെയായിരുന്നു. ഏതാണ്ട് ഇവ്വിധം വാക്കുകള്‍ മാത്രമേ അന്ന് തനിനിറവും മറ്റ് മഞ്ഞപ്പത്രങ്ങളും ഉപയോഗിച്ചിരുന്നുള്ളു.

 

2)ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ അച്ചടിയാണ്. അവയുടെ ഗോപ്യതയുടെയും ഗുഹ്യതയുടെയും ഭാവഹാവാദികള്‍ നിലനിര്‍ത്തിക്കൊണ്ട് മലയാളിയുടെ സ്വീകരണമുറിയിലേക്ക് കേരളത്തിന്റെ പ്രമുഖരിലൂടെ മഞ്ഞഭാവം സ്വര്‍ണ്ണപ്രഭയോടെ വന്നു തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സൂര്യനെല്ലി കേസ്സുണ്ടായപ്പോള്‍ പീഡനം എന്ന വാക്കു പോലും തുടക്കത്തില്‍ മുഖ്യധാരാപത്രങ്ങള്‍ ഇമ്മിണി ചമ്മലോടെയാണുപയോഗിച്ചത്. ഇപ്പോഴത് ശരാശരി മലയാളി മണിക്കൂറില്‍ കുറഞ്ഞത് പത്തുപതിനഞ്ചു തവണയെങ്കിലും കേള്‍ക്കുകയോ പറയുകയോ ചെയ്യുന്ന വാക്കായി പരിണമിച്ചു.

 

3)കഴിഞ്ഞ ഇരുപതു വര്‍ഷത്തെ പത്രങ്ങളും കേരളത്തിലെ ആദ്യത്തെ മഞ്ഞപ്പത്രം മുതല്‍ അവസാനത്തേതു വരെയുള്ള മഞ്ഞപ്പത്രങ്ങളും പഠനം നടത്തിയാല്‍ അറിയാന്‍ കഴിയും മഞ്ഞപ്പത്രങ്ങള്‍ എത്ര വസ്ത്രമുടുപ്പിച്ചാണ് നഗ്നസത്യങ്ങള്‍ പറഞ്ഞിരുന്നതെന്ന്. മഞ്ഞയുടെ മാനദണ്ഡമെന്താണെന്ന് കണ്ടെത്തി, അതുകൊണ്ട് മുഖ്യധാരാ പത്രങ്ങളെയും മഞ്ഞപ്പത്രങ്ങളെയും അളന്നാല്‍ അറിയാന്‍ കഴിയും മഞ്ഞപ്പത്രങ്ങള്‍ എന്തുകൊണ്ടു വംശനാശത്തിന് ഇരയായെന്ന്.

 

4)മഞ്ഞപ്പത്രങ്ങള്‍ സാമ്പത്തികമായി പാവങ്ങളായിരുന്നു. അതില്‍ മുറിമൂക്കന്‍ രാജാവായി തനിനിറം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതും ഒരംശം മാത്രമേ മഞ്ഞയായിരുന്നുള്ളൂ. മറ്റ് ഭാഗങ്ങളില്‍ ഇന്നത്തെ ഇന്‍വെസ്റ്റിഗേറ്റീവ് മാധ്യമങ്ങള്‍ കാണിക്കാത്ത ധൈര്യം അവര്‍ കാണിച്ചിരുന്നു. തനിനിറം കൃഷ്ണന്‍ നായര്‍ കേരള ചരിത്രത്തില്‍ ഇടം നേടിയ പത്രാധിപരുമാണ്. അത് മഞ്ഞപ്പത്രപ്രവര്‍ത്തനത്തിന്റെ പേരിലായിരുന്നില്ല. നിയമസഭയുടെ അവകാശലംഘനത്തിന്റെ പേരില്‍. അതിനദ്ദേഹത്തെ ശിക്ഷിച്ചു. ഒരുദിവസം മുഴുവന്‍ നിയമസഭയില്‍ നിര്‍ത്തിക്കൊണ്ട്. പിറ്റേ ദിവസത്തെ തനിനിറം ആ ശിക്ഷാ റിപ്പോര്‍ട്ടിനൊപ്പം എന്തിനാണ് തന്നെ ശിക്ഷിച്ചതെന്ന് കാണിക്കുന്ന ശിക്ഷ ക്ഷണിച്ചു വരുത്തിയ റിപ്പോര്‍ട്ടോടുമൊപ്പം കൊടുത്തു. അതുപോലുള്ള ധീര പരമ്പരകളുടെ പേരിലാണ് അദ്ദേഹം ചരിത്രത്തില്‍ ഇടം നേടുന്നത്.

 

4)മഞ്ഞ നിറം സ്വര്‍ണ്ണത്തിന്റേതാണ്. മുഖ്യധാരാ പത്രങ്ങളും പിന്നീട് ചാനലുകളും മഞ്ഞ കൊടിയ മഞ്ഞയായി ഏറ്റെടുത്തപ്പോള്‍ അത് സ്വര്‍ണ്ണമാധ്യമപ്രവര്‍ത്തനമായി. സരിത നടത്തിയതായി പറയപ്പെടുന്ന കാമകേളികളെ കുറിച്ച് പറയുമ്പോള്‍ അവതാരകരുടെ മുഖത്തും പാനലുകാരുടെ മുഖത്തും പ്രകടമാകുന്ന ഭാവം അങ്ങനെ മഞ്ഞയ്ക്കു പകരം സ്വര്‍ണ്ണഭാവമായി.

 

5)എന്‍ എസ് മാധവന്‍ ശ്രദ്ധിക്കേണ്ട ഒരു സുപ്രധാന കാര്യം കൂടിയുണ്ട്. ആഗോളീകൃത ഇന്ത്യയില്‍ മഞ്ഞപ്പത്രത്തിനോടൊപ്പം അന്യം നിന്ന ഒരു വര്‍ഗ്ഗമുണ്ട്. അവരാണ് സിനിമയിലെ ക്യാബറേ നര്‍ത്തകികള്‍. അനുരാധയോടു കൂടി മലയാളത്തില്‍ ആ വര്‍ഗ്ഗം അന്യം നിന്നു. അവിടെയും മഞ്ഞപ്പത്രത്തിനു സംഭവിച്ചതു തന്നെയാണ് നടന്നത്. ആ നടികളേക്കാള്‍ സ്വര്‍ണ്ണ രീതിയില്‍ നായികമാര്‍ ആ ദൗത്യം ഏറ്റെടുത്ത് പകര്‍ന്നാടിത്തുടങ്ങി. അപ്പോഴത് സ്വര്‍ണ്ണ മാധ്യമപ്രവര്‍ത്തനം പോലെ സ്വര്‍ണ്ണത്താരപ്രഭയായി .ട്രെന്‍ഡി എന്ന ഓമനപ്പേരും അതിനു കൈവന്നു.

 

6)എന്‍ എസ് മാധവന്‍ വീണ്ടും ശ്രദ്ധിക്കാതെ പോയ ഒന്നുണ്ട്. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനിടെ വന്നുകൊണ്ടിരിക്കുന്ന ഷോര്‍ട്ട് ബ്രേക്കിലെ 'അവസാനത്തേതിലാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നതെങ്കില്‍ പകുതി രസം പോയി' എന്നു തുടങ്ങുന്ന പ്ലേഗാര്‍ഡ് കോണ്ടത്തിന്റെ പരസ്യം സ്വീകരണമുറിയില്‍ ഹസ്‌കി സ്വരത്തില്‍ സാന്ദ്രദൃശ്യങ്ങളോടെ പടരുന്നത്.

 

7)മേല്‍ വിവരിച്ച സാഹചര്യത്തില്‍ പഴയകാല മഞ്ഞപ്പത്രങ്ങളുടെ പത്രാധിപന്മാര്‍ക്കു പോലും വര്‍ത്തമാനകാലത്തെ മുഖ്യധാരാ പത്രങ്ങളിലോ ചാനലുകളിലോ ട്രെയിനിയായി പോലും നില്‍ക്കാനുള്ള യോഗ്യത ഇല്ല. അതിനാല്‍ ജസ്റ്റിസ് ശിവരാജന്‍ വിചാരിച്ചാല്‍ പോലും മഞ്ഞപ്പത്രങ്ങളുടെയോ മുഖ്യധാരാപ്പത്രങ്ങളുടെയോ പത്രാധിപ സമിതിയില്‍ ട്രെയിനിയായി ചേരാന്‍ പറ്റില്ല.

 

8)ജസ്റ്റിസ് ശിവരാജന്‍ തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. അതില്‍ അദ്ദേഹം സരിതയും മറ്റുള്ളവരുമായി നടത്തപ്പെട്ട ലൈംഗിക ബന്ധത്തിന്റെ വിശദ വിവരങ്ങള്‍ ഉണ്ടായേ തീരൂ. കാരണം അത് അഴിമതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. അത് തെളിയിക്കപ്പെടണമെങ്കില്‍ അതിന് വിശ്വാസ്യത വേണം. ആരോപണം നേരിടുന്നവരുടെ പ്രായവും മറ്റുമായി ബന്ധപ്പെട്ടു വരുമ്പോള്‍ അതിന്റെ വിശദ വിവരങ്ങള്‍ ഉണ്ടായേ തീരൂ.അല്ലെങ്കില്‍ അവ നിഷ്പ്രയാസം തള്ളപ്പെട്ടു പോകും. ശിവരാജന്റെ റിപ്പോര്‍ട്ടിന്റെ കേന്ദ്രബിന്ദു ലൈംഗികതയുമല്ല. അഴിമതിയാണ്.

 

9)എന്‍ എസ് മാധവന്‍ ഒട്ടേറെ സര്‍ക്കാര്‍ രേഖകള്‍ നേരിട്ടു പരിചയമുള്ള വ്യക്തിയാണ്. കേരള നിയമസഭയുടെ മൂന്നു പതിറ്റാണ്ടിനു മുന്‍പുള്ള പല കമ്മീഷന്‍ റിപ്പോര്‍ട്ടുകളും പരിശോധിക്കാവുന്നതാണ്.അതില്‍ ചിലതിലൊക്കെ ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലേക്കാള്‍ മഞ്ഞക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളതു കാണാം.

 

10)ഒരു ഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍ എന്‍ എസ് മാധവന്റെ പ്രസ്താവനയെ കാണുകയാണെങ്കില്‍ അത് ഒരു പുരുഷാധിപത്യവീക്ഷണത്തില്‍ നിന്നുണ്ടായതാണ്. സ്ത്രീവിരുദ്ധമാണ്. മഞ്ഞയും മഞ്ഞപ്പത്രപ്രവര്‍ത്തനവും പുരുഷാധിപത്യസമൂഹനിര്‍മ്മിതിയില്‍ നിന്നുണ്ടായതാണ്.

വാല്‍ക്കഷ്ണം: ഒരു ചോദ്യം. മഞ്ഞ സ്വര്‍ണ്ണമായത് ഫെമിനിസ്റ്റ് കാഴ്ചപ്പാടിന്റെ ഫലമോ? ഉത്തരം ചരിത്രത്തിനെ ഏല്‍പ്പിക്കുന്നു.

 

 

 

 

Tags