സരിത യഥാര്‍ഥ എഡിറ്റര്‍; മാധ്യമങ്ങള്‍ക്ക് നോക്കി പഠിക്കാം

Glint staff
Thu, 09-11-2017 06:13:24 PM ;

saritha-s-nair, media

അറിയപ്പെടാത്ത പാപങ്ങള്‍ കുറ്റകരമാകില്ല. ആ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ തെളിയുന്ന പാപികളും മറഞ്ഞിരിക്കുന്ന പാപരഹിതരുമാണ് ഇന്നത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലെന്ന് കാണാന്‍ പ്രയാസമില്ല. അവിടെയാണ് അറിഞ്ഞുകൊണ്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട സരിതാ നായരുടെ വാക്കുകള്‍ക്ക് വിശ്വാസ്യത കല്‍പ്പിക്കേണ്ടതില്ലെങ്കിലും അവരുടെ വാക്കുകള്‍ കേരളത്തെ ഉണര്‍ത്തുന്ന കുലുക്കുവാക്കുകളാകുന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുത്തുകൊണ്ട് നിയമസഭയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വയ്ക്കപ്പെട്ടതിനു ശേഷം സരിത നായര്‍ മാധ്യമങ്ങളോട് സംസാരിച്ചത് ചരിത്രപരവും വര്‍ത്തമാനകേരളത്തിന്റെ ശ്രദ്ധക്ഷണിക്കലുമാണ്. പത്രാധിപന്മാര്‍ നഷ്ടമായ വര്‍ത്തമാനകാല മാധ്യമലോകത്തില്‍ ഒരു പത്രാധിപരുടെ ധര്‍മ്മം കൂടി സരിത വഹിക്കുകയായിരുന്നു.
       

 

അവര്‍ സ്വയം കുറ്റവാളിയാണെന്ന് സമ്മതിച്ചുകൊണ്ട് മാധ്യമങ്ങളെ ഉപദേശിക്കുന്നു, ഈ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ വെറും ലൈംഗിക വിഷയത്തില്‍ മാത്രം ഒതുക്കി നിര്‍ത്തി ചര്‍ച്ചചെയ്യരുത്. മറിച്ച് കേരളത്തെ ഇപ്പോഴും പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന ഒരു അഴിമതിയേയും അതിന്റെ സ്വഭാവത്തേയും കേന്ദ്രീകരിച്ചായിരിക്കണം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്ന്. എങ്ങനെ ഇതു സംഭവിച്ചു. ഇത് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, സാംസ്‌കാരിക നായകര്‍, എല്ലാറ്റിനുമുപരി സാധാരണ പ്രേക്ഷകരും വായനക്കാരും പ്രത്യേക ശ്രദ്ധയോടെ കേള്‍ക്കേണ്ട വാക്കുകളാണ്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ രാഷ്ട്രീയത്തിന്റെയും അതിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ട മലയാളിയുടെ ജീവിതത്തിന്റെയും വൈകാരികതയുടെയും പരിണാമം ഈ റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാണിക്കുന്നു.സരിതയുടെ ഈ ഉപദേശത്തില്‍ തലയില്‍ മുണ്ടിടേണ്ടത് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരും അതിന്റെ നേതാക്കളുമാണ്.
      

 

എന്തും ഏതും പൈങ്കിളിയാക്കി പ്രേക്ഷകവര്‍ധനയ്ക്കും വരിക്കാരുടെ വര്‍ധനയ്ക്കും വേണ്ടി ശ്രമിക്കുന്ന മാധ്യമങ്ങളോട് തന്റെ ശരീരം പലര്‍ക്കും കാഴ്ചവച്ചിട്ടുണ്ടെന്നും കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും പറയുന്ന സരിത ഉപദേശിക്കുന്നു, പൈങ്കിളിയിലേക്ക് ഒതുക്കി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അപ്രസക്തമാക്കാതെ അതിന്റെ കേന്ദ്രബിന്ദുവായ അഴിമതിയും രാഷ്ട്രീയവും അധികാരവും കെട്ടിപ്പിണഞ്ഞു കിടക്കുന്നതിലേക്കു ശ്രദ്ധ ചെലുത്താന്‍. പൈങ്കിളിയില്‍ മുങ്ങിക്കുളിച്ചു തോര്‍ത്താന്‍ പറ്റാതെ ഈറനൊലിപ്പിച്ചു നില്‍ക്കുന്ന കേരളത്തിലെ മാധ്യമങ്ങള്‍ക്ക് സരിതയില്‍ നിന്ന് ഈ ഉപദേശം കേള്‍ക്കേണ്ടി വന്നത് സ്വദേശാഭിമാനി അവാര്‍ഡ് ജേതാക്കളെങ്കിലും ഒരുനിമിഷം ആലോചിക്കേണ്ടതാണ്. മാധ്യമവും കേരള സമൂഹത്തിന്റെ ജീവിതവും വൈകാരികതയും എത്രമാത്രം ബന്ധപ്പെട്ടുകിടക്കുന്നു എന്നും, സരിത ഏര്‍പ്പെട്ട വൈകൃതങ്ങളേക്കാള്‍ എത്ര ഹീനവും ജുഗുപ്‌സാവഹവുമായ കൃത്യങ്ങളിലാണ് രാജ്യത്തെ നയിക്കുന്നവര്‍ ഏര്‍പ്പെടുന്നതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൈങ്കിളിയും അഴിമതിയുടെ മറ്റൊരു മുഖം മാത്രമാണ്.
           

 

പഠിക്കാന്‍ സമര്‍ഥയായിരുന്നു സരിത എസ് നായര്‍. ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കേസ്സുകളില്‍ പെട്ടിട്ടുള്ളവരെല്ലാം മുന്തിയ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഇന്ത്യയിലെ വിദ്യാഭ്യാസവും വ്യക്തിയുടെ സാംസ്‌കാരികമായ പരിവര്‍ത്തനവും തമ്മിലുള്ള ബന്ധവും സരിതയിലൂടെ വ്യക്തമാകുന്നു. കുറ്റകൃത്യവാസന ഇല്ലാതെ ഒരു വ്യക്തിയും ജനിക്കുന്നുമില്ല ജീവിക്കുന്നുമില്ല. എന്നാല്‍ ആ കുറ്റകൃത്യവാസനയെ പരിവര്‍ത്തിച്ച് അതിനെ അതിജീവിക്കാന്‍ പര്യാപ്തമാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.നന്മതിന്മകള്‍ വേര്‍തിരിയുന്നതും അതിലേത് തെരഞ്ഞെടുക്കണം എന്ന തിരിച്ചറിവും അപ്പോഴാണ് സംഭവിക്കുന്നത്. അതിലൂടെയാണ് വ്യക്തിയുടെ സര്‍ഗ്ഗവൈഭവം പ്രകടമാവുക. അതുണ്ടായില്ലെങ്കില്‍ ആ വൈഭവം വിനാശകരമായ സര്‍ഗ്ഗാത്മകതയിലേക്കു നീങ്ങും.
       

 

സരിത പറയുന്നു താന്‍ ഒരു പൈസപോലും വ്യഭിചരിച്ച് നേടിയിട്ടില്ലെന്ന്. ആള്‍ക്കാര്‍ക്ക് താന്‍ കൊടുത്തിട്ടേ ഉളളുവെന്നും തന്നെ തേടിയെത്തുകയായിരുന്നുവെന്നും. ഇതാണ് അറിയപ്പെടാത്ത പാപികളേക്കാള്‍ അറിയപ്പെടുന്ന പാപിയായ സരിതയെ വിശുദ്ധയാക്കുന്നത്. സരിതയില്‍ നിന്ന് മാധ്യമങ്ങള്‍ വിശേഷിച്ചും അവതാരകര്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. 2017 നവമ്പര്‍ 9ലെ സരിതയുടെ മാധ്യമപ്രവര്‍ത്തകരുമായുള്ള സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ അവതാരകര്‍ക്ക് പാഠപുസ്തകമാക്കാവുന്നതാണ്. നാവില്‍ തേളുകടികൊണ്ടപോലെ ചര്‍ച്ചാവേളയില്‍ പെരുമാറേണ്ടതില്ല. വ്യക്തതയുള്ള ആശയങ്ങള്‍ കൃത്യമായി വൈകാരികതയുടെ മേമ്പൊടിയും അകമ്പടിയുമില്ലാതെ എങ്ങനെ വാക്കുകള്‍കൊണ്ടും അതിനു ചേര്‍ന്ന മുഖ-ശരീരഭാഷകൊണ്ടും പ്രകടമാക്കാമെന്നും സരിത മാധ്യമങ്ങള്‍ക്ക് കാണിച്ചുകൊടുക്കുന്നു. ആവര്‍ത്തനം ഒഴിവാക്കാനും കേന്ദ്രബിന്ദുവില്‍ നിന്നു തന്റെ സംഭാഷണം വ്യതിചലിക്കാതെ അതിലേക്ക് മറ്റുള്ളവരെ പിടിച്ചു നിര്‍ത്താനും അവര്‍ കാണിക്കുന്ന വൈദഗ്ധ്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് കണ്ടു പഠിക്കാം.
      

 

മാധ്യമപ്രവര്‍ത്തകര്‍ സരിതയുടെ മുമ്പില്‍ ഇപ്പോഴും മറക്കുന്ന ചില കാര്യങ്ങളുണ്ട്. കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നു ,സര്‍ക്കാരിലേക്കു സംഭാവന നല്‍കിയ രണ്ടു ലക്ഷം രൂപയുടെ ചെക്ക് വണ്ടിച്ചെക്കായെന്നും അങ്ങിനെയുള്ള സരിത രണ്ടു കോടി കോഴകൊടുത്തുവെന്ന് പറഞ്ഞാല്‍ ആരു വിശ്വസിക്കുമെന്നും. സരിത ജയിലിനുള്ളില്‍ കിടക്കുമ്പോള്‍ തന്നെ സരിത ഉള്‍പ്പെട്ട പല സാമ്പത്തിക കേസ്സുകളില്‍ ഭൂരിഭാഗവും കാശു കൊടുത്ത് ഒത്തുതീര്‍ക്കപ്പെട്ടു. നാലു വര്‍ഷത്തോളമായി സരിത ജയിലില്‍ നിന്ന് പുറത്തിറിങ്ങിയിട്ട്. ഇപ്പോള്‍ അവര്‍ തക്കലയില്‍ ബിസിനസ്സ് നടത്തുന്നു. ഒക്കെ ശരിയാണ്. എങ്കിലും ഇതുവരെ ജീവിക്കാനും ഈ വ്യവസായം തുടങ്ങാനും എല്ലാറ്റിനുമുപരി ശാരീരികമായി അതി ശക്തന്മാരായവരുടെ സുരക്ഷാവലയത്തില്‍ നടക്കുവാനുമുള്ള ധനം എങ്ങനെ സരിതയിലേക്കു വന്നു, വരുന്നു. ഇതിന് ഇപ്പോഴത്തെ ഇടതുപക്ഷമുന്നണി സര്‍ക്കാരും ഉത്തരം പറയേണ്ടതാണ്. അതുകൂടി പുറത്തറിയുമ്പോഴാണ് കേരളത്തിന്റെ രാഷ്ട്രീയത്തിന്റെ മുഴുവന്‍ ചിത്രവും വ്യക്തമാകൂ.അതിലേക്കാണ് സരിത കേരളത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്.
          

 

സരിതയുടെ വാക്കുകള്‍ വീണ്ടും മുഴങ്ങുന്നു' താന്‍ ശരീരം കാഴ്ചവച്ച് ഒരു രൂപ പോലും സമ്പാദിച്ചിട്ടില്ല. മറിച്ച് ഞാന്‍ അങ്ങോട്ടു കൊടുത്തിട്ടേ ഉള്ളു.അവര്‍ എന്റെയടുത്തേക്കു വരികയായിരുന്നു' സോളാര്‍ അഴിമിതിക്കേസ്സില്‍ കുറ്റവാളിയാണ് സരിത. എന്നാല്‍ സരിത ആ കുറ്റകൃത്യത്തിലെ കേന്ദ്രബിന്ദുവെങ്കിലും ഏറ്റവും ചെറിയ കുറ്റവാളിയാണ്. അവര്‍ക്ക് ഒറ്റയ്ക്ക് സോളാര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ സാധ്യമല്ല. അതിനാല്‍ സരിതമാത്രമേ കുറ്റവാളിയായി ഉള്ളു എന്നായാല്‍ സോളാര്‍ അഴിമിതിക്കേസ്സ് കേസ്സല്ലാതാകുകയാണ്. പൈങ്കിളിയില്‍ നിന്ന് മാറി അതിലേക്കു നോക്കാന്‍ മാധ്യമങ്ങളോട് സരിത ഉപദേശിക്കുന്നത് അതുകൊണ്ടാണ്. അറുപതു കൊല്ലത്തെ കേരളത്തിന്റെ കണക്കു പുസ്തകമാണ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.
       

 

1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് അനുസരിച്ച്  തെളിവു കണ്ടെത്തല്‍ മാത്രമായിരുന്നു കമ്മീഷന്റെ ദൗത്യം. അതിന് നടപടിക്രമങ്ങളുമുണ്ട്. അതനുസരിച്ച് രൂപീകരിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ജനായത്ത സംവിധാനത്തില്‍ അവശേഷിക്കുന്ന അത്തരം അപൂര്‍വ്വം സ്ഥാപനങ്ങളെക്കൂടി ഇല്ലായ്മ ചെയ്യാനേ സഹായിക്കുകയുള്ളു. ജനായത്ത സംവിധാനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കിയാലേ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നേതാക്കള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാനും അവരുടെ പിന്തുണ നേടാനും കഴിയുകയുള്ളു. അതുതന്നെയാണ് 2017 നവമ്പര്‍ 8ലെ കേരളഹൈക്കോടതിയുടെ ചരിത്രപ്രസിദ്ധമായ ഒരു നിരീക്ഷണവും. ഗതാഗതമന്ത്രി തോമസ്സ് ചാണ്ടിയുടെ കായല്‍ നികത്തല്‍ കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ കോടതി ചോദിച്ചു സാധാരണക്കാര്‍ക്കും തോമസ് ചാണ്ടിക്കും രണ്ടു നിയമവും പരിഗണനയുമാണോ എന്ന്. ഇതിനെയും ചേര്‍ത്തുവെച്ചുകൊണ്ടു വേണം കേരളം ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യേണ്ടതെന്നുകൂടി സരിതയുടെ ഉപദേശത്തില്‍ അടങ്ങിയിട്ടുണ്ട്. വര്‍ത്തമാനകാല കേരളത്തില്‍ സ്വീകാര്യമായ ഉപദേശം സരിത എസ് നായര്‍ എന്ന വ്യക്തിയുടേതാണെന്നതും കേരളം എവിടെ നില്‍ക്കുന്നു എന്ന് കാണിച്ചു തരുന്നു.
      

 

Tags: