സോളാര്‍ പുനരന്വേഷണം: പക്വതയാര്‍ന്ന തീരുമാനം

Glint staff
Wed, 08-11-2017 06:12:51 PM ;

Pinarayi Vijayan, LDF Government, solar scam,saritha, oommen chandy

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടി എന്തായാലും ഔചിത്യമുള്ളതായി. വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിവസം ഈ റിപ്പോര്‍ട്ടിന്മേല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുക്കുമെന്ന മുഖ്യമന്ത്രിയുടെ തിരക്കിട്ട പ്രഖ്യാപനം ഉണ്ടായിരുന്നില്ലെങ്കില്‍ വളരെ ബഹുമാന്യമായ ഒരു നടപടിയായും ഈ തീരുമാനം മാറുമായിരുന്നു. അന്നത്തെ തിരക്കിട്ട പത്രസമ്മേളനവും പ്രഖ്യാപനവും അനൗചിത്യവും ഒഴിവാക്കേണ്ടതായിരുന്നു എന്നും വെളിപ്പെടുത്തുന്നു സോളാര്‍ക്കേസില്‍ മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരിജിത് പാസായത്തിന്റെ നിയമോപദേശം തേടിക്കൊണ്ടുള്ള പുനരന്വേഷണത്തിനുള്ള തീരുമാനം.
      

 

ഇത്തരം സമചിത്തതയോടുളള തീരുമാനങ്ങള്‍ കൊണ്ട് സര്‍ക്കാരിന്റെയും മുന്നണിയുടെയും അന്തസ്സും വിശ്വാസ്യതയും ജനസമ്മതിയും വര്‍ധിക്കുകയേ ഉളളു. തിരഞ്ഞെടുപ്പിലെ വിജയസാധ്യതയെപ്പോലും നിര്‍ണ്ണയിക്കുന്നത് ഇത്തരമുളള പക്വതയാര്‍ന്ന സമീപനങ്ങളുടെ ആകെത്തുകയാണ്.ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടതും ഇവ്വിധം അടിഞ്ഞുകൂടിയ മോശം സന്ദര്‍ഭങ്ങളുടെ ആകെത്തുകയായിട്ടാണ്. വേങ്ങര ഉപതിരഞ്ഞെടുപ്പു ദിവസം മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി സരിതയുടെ കത്തിന്റെ വെളിച്ചത്തിലും മറ്റും നടപടിയെടുക്കുമെന്ന് പ്രഖ്യാപനം നടത്താന്‍ ഉപദേശം നല്‍കിയ ഉപദേശകര്‍ അദ്ദേഹത്തിന്റെ ഓഫീസിലുണ്ടെങ്കില്‍ അവരെ അദ്ദേഹം വളരെ കരുതലോടെ കാണേണ്ടിയിരിക്കുന്നു. കാരണം വൈകാരിക നിമിഷങ്ങള്‍ ചൂഷണം ചെയ്തുകൊണ്ട് ഇത്തരം അപകടത്തിലേക്ക് വലിച്ചിഴയ്ക്കുന്ന ഉപദേശങ്ങള്‍ അത്തരം കേന്ദ്രങ്ങളില്‍ നിന്ന് ഇനിയുമുണ്ടായിക്കൊണ്ടിരിക്കും. അത് ജനായത്ത സംവിധാനത്തിനും ദോഷമാണ്. കാരണം  ഇത്തരം സംഭവങ്ങള്‍ ജനങ്ങള്‍ക്ക് ജനായത്ത സംവിധാനത്തിലുള്ള വിശ്വാസ്യതയെ ക്രമേണ ഇല്ലായ്മ ചെയ്യും. അതാണ് പിന്നീട് അരാജകത്വത്തിലേക്ക് വഴിവയ്ക്കുന്നത്.
      

 

ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിശദവിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും അറിഞ്ഞിടത്തോളം അദ്ദേഹത്തിന്റെ കണ്ടെത്തലില്‍ സരിത പീഡിപ്പിയ്ക്കപ്പെട്ടു എന്നല്ല. മറിച്ച് ലൈംഗികമായി ചൂഷണം ചെയ്തതിനെയും അഴിമതിയായി കാണണം എന്ന നിഗമനമാണുള്ളത്. അത് ശരിയുമാണ്.സ്വന്തം ശരീരത്തെ കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന ശീലമുള്ള ഒരു സ്ത്രീ ഒരു കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ചുരുളഴിഞ്ഞ സംഭവത്തില്‍ താന്‍ വഴങ്ങിക്കൊടുത്തതെല്ലാം പീഡനമാണെന്ന് ചിത്രീകരിച്ച് നിയമത്തിന്റെ സാധ്യതകളും പഴുതകളും ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അത്  ആ നിയമത്തിന്റെ പരാജയം കൂടിയാണ് കാണിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരോ തീരുമാനമെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരോ, ആര്‍ക്കെങ്കിലും വഴിവിട്ട ആനുകൂല്യം നല്‍കുന്നതിനോ അതിനുള്ള വാഗ്ദാനത്തിലോ അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെങ്കില്‍ അത് പ്രകടമായ അഴിമതിയാണ്. പിന്നീടുയരുന്ന വിഷയം ധാര്‍മ്മികതയുടെയും ജനായത്ത മര്യാദകളുടേതുമാണ്.
          

 

Tags: