രോഹിഗ്യകള്‍ക്ക് വേണ്ടത് മാനുഷിക ഐക്യദാര്‍ട്യം

Glint staff
Fri, 22-09-2017 10:26:07 AM ;

 rohingya

മനുഷ്യ മനസ്സുകളെ മരവിപ്പിക്കുന്ന കാഴ്ചകളാണ് മ്യാന്‍മറില്‍ നിന്ന്  കുറച്ച് നാളുകളായി പുറത്ത് വരുന്നത് . ജനിച്ച മണ്ണില്‍ നിന്ന് ജീവന്‍രക്ഷാര്‍ത്ഥം അന്യനാട്ടിലേക്ക് പലായനം ചെയ്യേണ്ടി വരുന്ന ഒരു കൂട്ടം ജനത, രോഹിഗ്യകള്‍.പറക്കമുറ്റാത്ത കുട്ടികളെയും പ്രായമായ മാതാപിതാക്കളെയും കൈയ്യിലേന്തി സ്വന്തം രാജ്യം വിടുകയാണവര്‍. തങ്ങളുടെ കൂട്ടത്തിലെ ഒരു വിഭാഗം പേര്‍ ചെയ്യുന്ന പ്രവര്‍ത്തികളടെ ഇരയായിത്തീരുന്നത് ആ വിഭാഗത്തിലെ മുഴുവന്‍ ജനതയുമാണ്.

 

മ്യാന്‍മാര്‍ സൈന്യം ആ ഒരു വിഭാഗത്തോടുള്ള പക തീര്‍ക്കാന്‍ പടനയിക്കുന്നത് അവിടുത്തെ മൊത്തം രോഹിഗ്യകള്‍ക്കെതിരെയാണ്. ഈ നടപടി ഇന്നും ഇന്നലെയും ആരംഭിച്ചതല്ല, കൂടുതല്‍ ശ്രദ്ധ നേടിയത് ഇപ്പോഴാണെന്ന് മാത്രം.രോഹിഗ്യന്‍ മുസ്ലീമുകള്‍ മനുഷ്യരാണ് ആ പരിഗണനയാണ് അവര്‍ക്ക് ലഭിക്കേണ്ടതും.  സ്വന്തം രാജ്യത്ത് അത് കിട്ടാതെ വന്നപ്പോഴാണ് അയല്‍ രാജ്യങ്ങളായ ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും അവര്‍ പലായനം തുടങ്ങിയത്. എന്നാല്‍ ഈ വിഷയത്തെ മാനുഷികമായി ഉയര്‍ത്തിക്കാട്ടേണ്ടതിനു പകരം മതപരമായി ഉയര്‍ത്തിക്കാട്ടാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ ശ്രമം നമ്മുടെ കേരളത്തിലും നടക്കുന്നു.

 

രോഹിഗ്യകള്‍ മുസ്ലിങ്ങളാണ് , മ്യാന്‍മാറിലെ ന്യൂന പക്ഷവുമാണ്. എന്നാല്‍ ഈ വിഷയത്തെ ന്യൂനപക്ഷ പ്രശ്‌നത്തിന്റെ കീഴില്‍ ഒതുക്കി നിര്‍ത്തിയാല്‍ എന്ത് ഫലമാണ് ഉണ്ടാകാന്‍ പോകുന്നത്? അല്ലെങ്കില്‍ അത്തരത്തില്‍ അവതരിപ്പിച്ചാല്‍ എന്താണ് നേട്ടം?

 

ഇത്തരം പ്രവര്‍ത്തികള്‍ കാരണം ന്യൂനപക്ഷ ഭൂരിപക്ഷ അകലം കൂടുകയാണ് നമ്മുടെ നാട്ടില്‍. പ്രത്യേകിച്ച് മുസ്ലീം വിഭാഗങ്ങളുടെ കാര്യത്തില്‍. രോഹിഗ്യന്‍ വിഷയത്തില്‍ ഐക്യദാര്‍ട്യം പ്രകടിപ്പിക്കേണ്ടത് മാനുഷിക കൂട്ടായ്മയിലൂടെയാണ്. സാമുദായിക കൂട്ടായ്മയിലൂടെയല്ല. ഇങ്ങനെയുള്ള നടപടികള്‍ ആ വിഭാഗത്തെ തീവ്രവത്ക്കരിക്കാനെ ഉപകരിക്കൂ.പ്രത്യേകിച്ചും അത്  ഉപയോഗപ്പെടുത്താന്‍ ചില തീവ്രസ്വാഭാവമുള്ള സംഘനകള്‍ കാത്തുനില്‍ക്കുന്ന സാഹചര്യത്തില്‍.
ആ തീവ്രവത്കരണം എതിരെ നില്‍ക്കുന്ന ഭൂരിപക്ഷവാദത്തിന് ആക്കം കൂട്ടുകയും ചെയ്യും.അത് വഴി നാട്ടില്‍ സമാധാനമല്ലല്ലോ ഉണ്ടാവുക.

 

രോഹിഗ്യകള്‍ക്ക് നീതി ലഭിക്കണം, അവരുടെ മക്കള്‍ക്ക് സാമാധാനത്തോടെ ഉറങ്ങാനാകണം , പ്രായമായവര്‍ക്ക് സ്വസ്ഥമായി യാത്രയാകാന്‍ കഴിയണം, അതവരുടെ മാതൃരാജ്യത്താണെങ്കില്‍ കൂടുതല്‍ നല്ലത്. അതിനു വേണ്ടിയുള്ള ശബ്ദം ഉയരണം ഫലം കാണുന്നതുവരെ. ആ ഉയരുന്ന ശബദത്തില്‍ മതത്തിന്റെ വേര്‍തിരിവുണ്ടാകരുത്, ഉണ്ടാക്കുകയുമരുത്.

 

Tags: