ചൈനയുടേത് ഭീഷണി മുഴക്കം മാത്രം

Glint staff
Sat, 05-08-2017 04:30:23 PM ;

india china

ചൈന ഇന്ത്യയെ പ്രകോപിച്ചുകൊണ്ടിരിക്കുന്നു. ദിനം പ്രതി. ഇന്ത്യ അതേ തോതില്‍ തിരിച്ചു പ്രതികരിക്കുന്നില്ല. വൈകാരികത ഉണര്‍ത്തി ഒരു യുദ്ധത്തിലേക്കു നീങ്ങുമെന്ന പ്രതീതി ജനിപ്പിക്കുന്നതില്‍ ഇപ്പോഴത്തെ അവസ്ഥ എത്തിനില്‍ക്കുണ്ട്. ഇരു രാജ്യങ്ങളും ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത് തന്ത്രയുദ്ധത്തിലാണ്. ചൈന ഇന്ത്യയെ തുറന്ന പ്രസ്താവനകളിലൂടെ പ്രകോപിക്കുന്നതിനുപരി തന്ത്രപ്രധാനമായ നീക്കങ്ങളിലൂടെയും ഇന്ത്യയെ വൈകാരികമായി പ്രതികരിക്കാന്‍ ചൈന പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഒരു മാസം മുന്‍പ് ചൈനാ-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ഭൂട്ടാന്റെ കൈവശമുള്ള, എന്നാല്‍ ചൈനയുമായി തര്‍ക്കത്തിലിരിക്കുന്നഡോക്ലാമില്‍ ചൈന റോഡ് നിര്‍മ്മാണം തുടങ്ങിയത്. അതിനെത്തുടര്‍ന്നാണ് ഭൂട്ടാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഡോക്ലാമില്‍ നിലയുറപ്പിച്ചത്.

 

ചൈന ഭീഷണിയുടെ സ്വരവും പ്രകോപനത്തിനൊപ്പം മുഴക്കുന്നുണ്ട്. അതിനോടും ഇന്ത്യ വൈകാരികമായി പ്രതികരിക്കുന്നില്ല. ഇന്ത്യയുമായി ഒരു യുദ്ധത്തിലേക്ക് നീങ്ങിയാല്‍ യുദ്ധത്തിലെ ജയ പരാജയങ്ങളേക്കാള്‍  ചൈനയ്ക്ക് നേരിടേണ്ടി വരുന്ന ദുരന്തം ആഭ്യന്തര ഉത്പ്പാദന മേഖലയ്ക്കുണ്ടാകുന്ന തിരിച്ചടിയായിരിക്കും. അത് നന്നായി ചൈനയ്ക്ക് അറിയുകയും ചെയ്യാം. അതിനാല്‍ പരോക്ഷ യുദ്ധത്തിലാണ് ചൈന ഇന്ത്യയെ ഞെരുക്കാന്‍ ശ്രമിക്കുന്നത്. ചൈനാ പാകിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍(സിപെക്) ആ നിലയില്‍ ചൈന നേടിയ അനുകൂല സാഹചര്യമാണ്. ഇപ്പോള്‍ പാക് അധീനതയിലുള്ള കാശ്മീരില്‍ ആറ് വന്‍ ഡാമുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമം നടന്നു വരികയാണ്. എന്തായാലും ഇന്ത്യയുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് അതിന്റെ കരാറേറ്റെടുക്കാനായി മുമ്പോട്ടു വന്ന പല വിദേശ കമ്പനികളും പിന്‍മാറി.കരാറെടുക്കുകയാണെങ്കില്‍ ഇന്ത്യയിലുള്ള ആ കമ്പനികളുടെ കരാറുകള്‍ അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പിന്റെ മുന്നിലാണ് ആ കമ്പനികള്‍ പിന്‍മാറിയിരിക്കുന്നത്.
   

 

ഏറ്റവും ഒടുവിലത്തെ ചൈനയുടെ പാകിസ്ഥാന്‍ വഴിയുള്ള ഒളിയുദ്ധം അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തകനായി മുദ്രകുത്തപ്പെട്ട ഹഫീസ് സെയ്ദിനെ മുന്‍നിര്‍ത്തിക്കൊണ്ടാണ്. മുംബൈ ആക്രമണം, പാര്‍ലമെന്റ് ആക്രമണം, പത്താന്‍കോട്ട് ആക്രമണം എന്നിവയുടെ സൂത്രധാരനായ ഹഫീസ് സെയ്ദിനെ അന്താരാഷ്ട്രഭീകരനായി അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അമേരിക്ക ഐക്യരാഷ്ട്രസഭയില്‍ കൊണ്ടു വന്ന പ്രമേയത്തെ ചൈന മാത്രമാണ് വീറ്റോ ചെയ്തത്. അതിന്റെ പിറ്റേ ദിവസമാണ് ഹഫീസ് സെയിദ് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു എന്ന പ്രഖ്യാപനമുണ്ടായത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രതിനിധിയായിട്ടാണ് ഹഫീസ് സെയ്ദ് രംഗപ്രവേശം ചെയ്യുന്നതെന്നും അതിന്റെ പിന്നില്‍ ചൈനയുടെ പിന്തുണയാണെന്നുള്ളതും വ്യക്തം.
   

 

പാകിസ്ഥാനില്‍ അഴിമതിയേക്കാള്‍ ഭീകരമായ അന്താരാഷ്ട്ര കുറ്റകൃത്യങ്ങളിലാണ് പാക് സൈന്യം പരസ്യമായി തന്നെ ഏര്‍പ്പെടുന്നത്. ഒരു നേതാവു പോലും അഴിമതി മുക്തനുമല്ല. അതിലൊരാള്‍ മാത്രമാണ് നവാസ് ഷെരീഫ്. നവാസ് ഷെരീഫിനെ പ്രധാനമന്ത്രി പദത്തില്‍ നിന്നു മാറ്റിയതുപോലും ചൈനയുടെ താല്‍പ്പര്യവും പാക് സൈന്യത്തിന്റെ താല്‍പ്പര്യവും സമ്മേളിച്ചപ്പോഴാണ്.  ഇന്ത്യന്‍ വിപണി ചൈനയക്ക് നേര്‍ക്ക് ഭാഗികമായി അടഞ്ഞാല്‍ പോലും ചൈനയ്ക്ക് അത് ഇപ്പോഴത്തെ അവസ്ഥയില്‍ താങ്ങാന്‍ പറ്റാതെയാകും. എന്നാല്‍ ആ നിലയ്ക്കും ഇതുവരെ ഇന്ത്യ നീക്കങ്ങള്‍ ആരംഭിച്ചിട്ടില്ല. ചൈനയുടെ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ദോഷകരമായി സ്വാധീനിക്കുന്നത് ചെറിയ തോതിലല്ല. എന്തിന് കേരളത്തില്‍ അടുക്കളയില്‍ പാത്രം കഴുകാനുപയോഗിക്കുന്ന ചകിരി പോലും തദ്ദേശീയമായി ആ രൂപത്തില്‍ ഉണ്ടാക്കപ്പെടുന്ന ചകിരിയേക്കാള്‍ വിലക്കുറവിലാണ് ഇവിടെ നാട്ടിന്‍ പുറത്തെ കടകളില്‍ പോലും  വിറ്റഴിക്കപ്പെടുന്നത്. ചൈനാ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണി കൈയ്യടുക്കുന്നതോടൊപ്പം ഇന്ത്യന്‍ ഉത്പ്പാദനരംഗം എങ്ങനെ തകരുന്നു എന്നതിന്റെ തളിവാണ് ചൈനീസ് ചകിരി വ്യക്തമാക്കുന്നത്. കാരണം കേരളത്തിലെ ചകിരി സംഭരിക്കേണ്ടി വരുന്നതിനു വേണ്ട ചിലവിനേക്കാള്‍ കുറവിലാണ് ചകരി ഉത്പ്പന്നം ചൈന കേരള വിപണിയിലൂടെ വിറ്റഴിക്കുന്നത്. കാരണം കേരളത്തിലെ വേതന നിലവാരം അതാണ്.

 

 

ഇതിനേക്കാളുപരി ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യന്‍ ജനതയ്ക്ക് ഉയര്‍ത്തുന്ന ആരോഗ്യപരമായ വെല്ലുവിളികളും വളരെ വലുതാണ്. കാര്‍ഷിക ഉത്പ്പന്നങ്ങളെല്ലാം തന്നെ ക്രമാതീതമായി കീടനാശിനികളും വിഷകരമായ രാസവസ്തുക്കളും ഉപയോഗിച്ച് ഉത്പാദിക്കപ്പെടുന്നതാണ്. അതുപോലെ വില കുറഞ്ഞ അപകടകാരികളായ പ്ലാസ്റ്റിക് കൊണ്ടുള്ള ഉത്പ്പ്ന്നങ്ങളും. നിലവാരം കുറഞ്ഞ ചായങ്ങളുപയോഗിച്ചുള്ള തുണിത്തരങ്ങളും ആരോഗ്യത്തിന് വെല്ലുവിളികളുയര്‍ത്തുന്നുണ്ട്. വിശേഷിച്ചും കുഞ്ഞുങ്ങളില്‍. ഈ സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധമുണ്ടായാല്‍ പോലും ആ യുദ്ധത്തിന്റെ സമ്പദ് വ്യവസ്ഥയെ പോഷിപ്പിച്ചതില്‍ ഇന്ത്യയുടെ പങ്ക് വലുതാണ്. ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിയിലെ ഗുണ നിലവാരം ഉറപ്പു വരുത്താനുള്ള നടപടിയെങ്കിലും അടിയന്തിരമായി ഉണ്ടാവേണ്ടതാണ്. ചൈന ഭീഷണിയിലും പരോക്ഷയുദ്ധത്തിലുമായിരിക്കും മുന്നോട്ടു പോവുക. ഈ സാഹചര്യത്തില്‍ ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയിലുള്ള കുത്തക ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രത്യക്ഷ പരിപാടികളില്‍ ഇന്ത്യ ഏര്‍പ്പെടേണ്ടതാണ്.

 

 

Tags: