Skip to main content

T P Senkumar

വ്യക്തി, പ്രസ്ഥാനം, രാഷ്ട്രം എന്തിനേറെയായാലും അതിന്റെ ഗതി നിശ്ചയിക്കപ്പെടുന്നത് ദൃഷ്ടികേന്ദ്രം അഥവാ ശ്രദ്ധ എന്തിലാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഉപയോഗിച്ചു തേഞ്ഞു പോയെങ്കിലും അതിനെയാണ് ഉദ്ദേശ്യശുദ്ധി എന്നു പറയുന്നത്. ജനായത്ത സംവിധാനം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതാണ്. ശ്രദ്ധ ജനം അല്ലാതായി മാറി. എന്നാല്‍ ജനം ശ്രദ്ധാകേന്ദ്രം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ജനായത്തം നില നില്‍ക്കുന്നതും പ്രസക്തമാകുന്നതും.ജനായത്തത്തില്‍ ഏതു തീരുമാനവും കൈക്കൊള്ളുന്നതും ജനങ്ങളുടെ പേരിലായിരിക്കും. എന്നാല്‍ ജനത്തെ മറന്ന് തീരുമാനമെടുക്കുന്നവരുടെ താല്‍പ്പര്യം ശ്രദ്ധാകേന്ദ്രമാകുമ്പോള്‍ ജനത്തിന് ദ്രോഹങ്ങള്‍ സഹിക്കേണ്ടി വരുന്നു.
         
ഏതു കാര്യത്തിലും ഈ ശ്രദ്ധ അനിവാര്യമാണ്. ജാമ്യമില്ലാ വകുപ്പായ ഇന്ത്യന്‍ ശിക്ഷാ നിയമം 153 ( എ ) അനുസരിച്ച് മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ കേസ്സെടുത്തത് മതസ്പര്‍ദ്ധ കേരളത്തില്‍ ഉണ്ടാകുന്ന പ്രവൃത്തികള്‍ തടയാനാണോ അതോ ലക്ഷ്യം മറ്റു പലതാണോ? സര്‍ക്കാരിനും ഇപ്പോഴത്തെ ഡി.ജി.പി. ലോക് നാഥ് ബഹ്‌റയ്ക്കും ഒരു വിഭാഗം ഉയര്‍ന്ന പോലീസുദ്യേഗസ്ഥര്‍ക്കും സെന്‍കുമാറിനോടുള്ള സമീപനം കേരളത്തിലും രാജ്യത്തുള്ളവര്‍ക്കും അറിവുള്ളതാണ്. ഒപ്പം ന്യൂനപക്ഷത്തിന്റെ പിന്തുണ ലഭിക്കുമെന്ന രാഷട്രീയ കാഴ്ചപ്പാടും ഉണ്ടാകാം.
        
വളരെ നീതിമാനായ ഉദ്യോഗസ്ഥന്‍ എന്ന പൊതു ധാരണയാണ് വിരമിക്കുന്നതു വരെ സെന്‍കുമാറിനെ കുറിച്ച് ഉണ്ടായിരുന്നത്. എന്നാല്‍ വിരമിച്ചതിനു ശേഷം ആ ധാരണയുമായി ചേര്‍ന്നു പോകാത്ത വിധത്തിലുള്ള അഭിപ്രായങ്ങളും വിലയിരുത്തലുകളും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടുണ്ട്. വിശേഷിച്ചും തന്റെ പഴയ സഹപ്രവര്‍ത്തകരെ പരാമര്‍ശിക്കുമ്പോള്‍ . അദ്ദേഹത്തിനെതിരെ ഇപ്പോള്‍ കേസ്സ് ചുമത്തിയിരിക്കുന്നത് മതസ്പര്‍ദ്ധ ഉണ്ടാകും വിധം ഒരു വാരികയ്ക്ക് അഭിമുഖം നല്‍കിയതിനാണ്.
                
ഭൂരിപക്ഷ സമുദായത്തിലെ ഉറപ്പുള്ള വോട്ടും ന്യൂനപക്ഷങ്ങളുടെ അകമഴിഞ്ഞ പിന്തുണയുമുറപ്പാക്കിയാല്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തേയും ജാതിയേയും പ്രയോഗിച്ചു രാഷ്ട്രീയം കളിക്കുന്നത്. ചിലപ്പോള്‍ ബുദ്ധിയേക്കാള്‍ പ്രസക്തി സാമാന്യ ബുദ്ധിക്ക് ഉണ്ടാകും. ബി.ജെ.പി കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നിയമസഭയില്‍ അക്കൗണ്ടും തുറന്നു. അതിനാല്‍ സി.പി.എം ഓര്‍ക്കേണ്ട ഒന്നുണ്ട്. എതിര്‍ക്കപ്പെടുന്നതിന്റെ ശക്തി വര്‍ധിക്കുമെന്ന് . കമ്മൂണിസത്തിന്റെ വളര്‍ച്ചയെ പോലെ അതിനുള്ള ഉദാഹരണം വേറെയില്ല. കേരളത്തിലിപ്പോള്‍ ബി.ജെ.പിയുടെ വളര്‍ച്ചയുടെ ആക്കം കൂട്ടുന്നത് ബി.ജെ.പിയുടെ പ്രവര്‍ത്തനത്തേക്കാള്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികളാണ്. തങ്ങളുടെ അണികളിലെ കൊഴിഞ്ഞുപോക്കിനെക്കുറിച്ചും സി.പി.എമ്മിന് ബോധ്യമുണ്ട്. ബി.ജെ.പിക്ക് മേലനങ്ങാതെ പിന്തുണ നേടിക്കൊടുക്കുന്നതാണ് ഇപ്പോള്‍ സെന്‍കുമാറിനെതിരെ യെടുത്തിരിക്കുന്നേകേസ്സ്.
         
ബി.ജെ.പി.ക്ക് പിന്തുണ നേടിക്കൊടുക്കുന്നതിനു പുറമേ സെന്‍കുമാറിലൂടെ ബി.ജെ.പിക്ക് ഒരു നേതാവിനെയും സി.പി.എം തയ്യാറാക്കിക്കൊടുക്കുന്ന കാഴ്ചയാണിപ്പോള്‍ നാം കാണുന്നത്.  സെന്‍കുമാറിന്റെ അഭിമുഖത്തിലെ പരാമര്‍ശത്തെ കുറിച്ച് രോഷത്തോടും അതേ സമയം അദ്ദേഹം വസ്തുതകള്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞുകൊണ്ടുള്ള ചര്‍ച്ചകള്‍ പൊതു ഇടങ്ങളില്‍ ഇപ്പോള്‍ സജീവമാണ്. രോഷം കൊണ്ട് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് സന്തോഷവും എന്നാല്‍ മറിച്ചുള്ള ചര്‍ച്ചയിലേര്‍പ്പെടുന്നവര്‍ക്ക് രോഷവും വരുത്തുന്നതായി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പിട്ട് കേസ്സെടുത്തത്.
                
മന്ത്രി എം.എം.മണി മന്ത്രിയായി തുടരുകയും അദ്ദേഹത്തിന്റെ പരസ്യ പ്രഭാഷണങ്ങള്‍ പലതും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പല വകുപ്പുകളും ആകര്‍ഷിക്കുന്നതായിട്ടും കേസ്സെടുക്കയുണ്ടായില്ല. അതിനേക്കാള്‍ ഗുരുതരമായ വീഴ്ചയാണ് വളരെ പ്രാകൃതമായ രീതിയില്‍ വര്‍ണ്ണാധിക്ഷേപം നടത്തിയ മന്ത്രി ജി.സുധാകരന്റെ പ്രസംഗം സര്‍ക്കാര്‍ അറിഞ്ഞ ലക്ഷണം പോലുമില്ലാത്ത വിധം പെരുമാറിയത്. ഇതെല്ലാം സര്‍ക്കാര്‍ നടപടികളിലെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നു.
           
സെന്‍കുമാറിനെതിരെ ഇവ്വിധം കേസ്സെടുത്തത് കേരളത്തിലെ മതസ്പര്‍ദ്ധ വര്‍ധിക്കാനും ഭൂരിപക്ഷ വര്‍ഗ്ഗീയതയെ വളര്‍ത്താനും മാത്രമേ സഹായിക്കുകയുള്ളു. അത്തരം സാഹചര്യം ബി.ജെ.പി പ്രയോജനപ്പെടുത്തുകയും ചെയ്യും. ഫലമോ? ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും ശക്തി പ്രാപിക്കും.സംശയമില്ല. വര്‍ഗ്ഗീയത ഏതായാലും അത് ദുരന്തങ്ങളെ സമ്മാനിക്കും.