ലിംഗഛേദം: മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം സ്ഥാനത്തിന് നിരക്കാത്തത്

Glint Staff
Sun, 21-05-2017 06:33:41 PM ;

 

അഹിംസയെ ഒരിക്കലും കൈവെടിയരുതെന്ന് ജീവിതത്തിലൂടെ കാണിച്ചു തന്ന മഹാത്മാഗാന്ധിയും സ്ത്രീകളോടുപദേശിച്ചു, മാനഭംഗശ്രമത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത് പരാജയപ്പെടുത്തണമെന്ന്. അതിനാൽ അത്തരമൊരു സന്ദർഭത്തിൽ ഒരു സ്ത്രീയെ മാനഭംഗത്താൻ ശ്രമിക്കുന്നയാൾ കൊല ചെയ്യപ്പെട്ടാലും അത് അപരാധമല്ല. നിയമത്തിന്റെ മുന്നിലും ആ സ്ത്രീക്ക് പരിരക്ഷ കിട്ടും. ആ പ്രവൃത്തിയിൽ സാംസ്‌കാരികമായ അംശവുമുണ്ട്. അതിനാൽ അത് അപരിഷ്‌കൃതമായ പ്രവൃത്തിയുമല്ല. മനുഷ്യന്റെ മാനം അവിടെ വർധിക്കപ്പെടുന്നു. കാരണം അവിടെ നടക്കുന്നത് കൊലപാതകമല്ല.

 

തിരുവനന്തപുരത്ത് യുവതി കപടസന്യാസിയുടെ ലിംഗം മുറിച്ചത് കൊടും കുറ്റകൃത്യമാണ്. മനുഷ്യനിലെ പ്രാകൃതവികാരങ്ങളെ സംതൃപ്തിപ്പെടുത്തുന്നതിനാലും അതൃപ്തവും അലങ്കോലവുമായ വൈകാരിക-ലൈംഗിക ജീവിതത്തിന്റെ തള്ളലിലുമാണ് കേരളം ഏതാണ്ട് ഒന്നടങ്കം ആ നടപടിയെ ആഘോഷത്തോടെ സ്വീകരിച്ചത്. ആ യുവതി ചെയ്ത കൊടും കുറ്റകൃത്യത്തെ നിസ്സാരമാക്കുന്നതായിപ്പോയി ഒരു സമൂഹത്തെ മുഴുവൻ ഇരുണ്ട കാലത്തിലേക്ക് തള്ളിവിടുന്ന വിധമുള്ള അപരിഷ്‌കൃതവും അപരാധവുമായ ആ നടപടിയെ ഉദാത്തമെന്ന് വിശേഷിപ്പിച്ച കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ആ പ്രതികരണമുണ്ടായപ്പോൾ പൊതുവേ ചിരി വരാത്ത മുഖമായ മുഖ്യമന്ത്രിയുടെ മുഖത്തു വിരിഞ്ഞ ചിരിയുടെ ഭാവത്തിലൂടെ കേരളത്തിന്റെ പൊതു മാനസികാവസ്ഥയും ഹിംസയുടെ ആസ്വാദ്യതയും ചരിത്രവും എല്ലാം വായിച്ചെടുക്കാം.

 

കേരളത്തിൽ തീവ്രവാദം ഇത്ര ശക്തമായി വേരോടുന്നതിന്റെ കാരണത്തിന് പുറത്തെങ്ങും അന്വേഷിക്കേണ്ട കാര്യവുമില്ല. ഇപ്പോൾ സൃഷ്ടിക്കപ്പെട്ട വൈകാരികവൈകൃതരതിയാസ്വാദനത്തിൽ ലിംഗം മുറിക്കപ്പെട്ട ഗംഗേശാനന്ദ തീർത്ഥപാദർക്കെതിരെ ചുമത്തേണ്ട പ്രധാന വകുപ്പ് പോലീസിന് ചേർക്കാൻ കഴിഞ്ഞില്ല. ഈ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ അടിസ്ഥാന ശിലയും മുഖമുദ്രയുമായ സന്യാസ വേഷം ധരിച്ച് ആൾക്കാരെ തെറ്റിദ്ധരിപ്പിച്ചതിന് വഞ്ചനാക്കുറ്റവും ചുമത്തേണ്ടതായിരുന്നു. അത് രാജ്യത്തെ ജനങ്ങൾക്ക് ദോഷമാകുമെന്നതിനാൽ രാജ്യദ്രോഹക്കുറ്റവും ചുമത്തേണ്ടതാണ്. യഥാർഥത്തിൽ ഇതിനെല്ലാം മൂല കാരണം ഇയാളുടെ കപടസന്യാസമാണ്, ഇതുവരെ വന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ. അതും കൂടി ചെയ്തിരുന്നുവെങ്കിൽ അനാചാരങ്ങളാണ് ഇത്തരം ദുരന്തങ്ങൾക്ക് വഴി വയ്ക്കുന്നതെന്ന ധാരണയും സമൂഹത്തിന്റെ മനസ്സിലേക്ക് അബോധമായും അല്ലാതെയും പ്രവേശിക്കുമായിരുന്നു.

 

എന്തുകൊണ്ട് യുവതിയുടെ പ്രവൃത്തി കുറ്റകൃത്യമാകുന്നു?

 

പെട്ടന്ന് ഒരു മുഹൂർത്തത്തിലുണ്ടായ മാനഭംഗശ്രമത്തിനിടെയല്ല യുവതി ഇയാളുടെ ലിംഗം ഛേദിച്ചത്. എട്ടു വർഷത്തോളമായി തുടർന്നു വരുന്ന പീഡനമാണിത്. ഈ കുട്ടിയുടെ അമ്മയുടെ അനുവാദമോ അറിവോ ഇല്ലാതെ ഇതു സംഭവിക്കാൻ ഇടയില്ല. കൗമാരപ്രായത്തിൽ ഇത്തരമൊരു സാഹചര്യത്തിൽ പെട്ടതിന് അവർ ഉത്തരവാദിയല്ല. മോശമായി നോക്കിയതിന്, ആട്ടോറിക്ഷയിൽ സഞ്ചരിച്ചപ്പോൾ ലൈംഗികചുവയുള്ള വാക്ക് പ്രയോഗിച്ചതിന്, ശരീരത്തിൽ അശ്ലീലമായി തൊട്ടതിന് എല്ലാം ബലാൽസംഗക്കുറ്റം വരെ ആരോപിക്കപ്പെട്ട് കേരളത്തിൽ അടുത്തിടെ തന്നെ ധാരാളം പേർ അറസ്റ്റ് ചെയ്യപ്പെടുകയും അവരിൽ പലരും ഇപ്പോൾ ജാമ്യം കിട്ടാതെ ജയിലില്‍ കഴിയുകയും ചെയ്യുന്നുണ്ട്. നിയമവിദ്യാർഥിനി കൂടിയായ 23കാരിയായ യുവതിക്ക് വെള്ളിയാഴ്ചത്തെ പീഡനത്തിനു മുൻപ് എന്നെങ്കിലും ഏതെങ്കിലുമൊരു പോലീസ് സ്‌റ്റേഷിനിൽ നേരിട്ടോ അല്ലാതെ പോലീസിന് ഓൺലൈൻ വഴിയോ അതുമല്ലെങ്കിൽ ഫോൺ ചെയ്ത് പറഞ്ഞിരുന്നെങ്കിലോ ഇയാൾ ഇതിനകം ജാമ്യമില്ലാ വകുപ്പുകൾ ചാർത്തപ്പെട്ട് ജയിലിനകത്താകുമായിരുന്നു.

 

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം വെള്ളിയാഴ്ചയും ഇവർ തമ്മിൽ ലൈംഗിക വേഴ്ചയുണ്ടായി. അതിനു ശേഷം നടന്ന വഴക്കിനെയും മർദ്ദനത്തെയും തുടർന്നുമാണ് യുവതി ലിംഗഛേദം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം വസ്തുതകളെ ശ്രദ്ധിക്കാതെ യുവതി ലിംഗം മുറിച്ചു എന്ന ഒറ്റ കാഴ്ച മാത്രം കണ്ടുകൊണ്ട് മാധ്യമങ്ങളും അവർ ഉതിർത്ത വൈകാരികതയിൽ കേരള സമൂഹവും ആഘോഷത്തിലേക്ക് വഴുതി വീഴുകയായിരുന്നു. ശനിയാഴ്ചത്തെ ചാനൽ ചർച്ചകൾ മാത്രം പരിശോധിച്ചാൽ മതി കേരളത്തിന്റെ വൈകാരികതയിൽ തകർന്നടിഞ്ഞുപോയ വിചാരശേഷി മനസ്സിലാകാൻ.

 

മുഖ്യമന്ത്രി വിധി പ്രസ്താവിച്ചിരിക്കുന്നു

 

മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി വിധി പ്രഖ്യാപിച്ചിരിക്കുന്ന കേസ്സിലാണ് ഇപ്പോൾ പോലീസ് അന്വേഷണം നടത്തുന്നത്. പോലീസിന് ഈ വിഷയത്തിലുളള സ്വതന്ത്രമായ അന്വേഷണമാണ് ഇതിലൂടെ ഒരു പരിധിവരെ തടസ്സപ്പെട്ടിരിക്കുന്നത്. എന്തൊരു ലാഘവത്തോടെയാണ് പിണറായി വിജയൻ എന്ന വ്യക്തിയുടെ  ദൗർബല്യത്തിന്റെ സ്വാഭാവിക പ്രതികരണം മുഖ്യമന്ത്രിയെന്ന സ്ഥാനത്തേയും സ്ഥാപനത്തേയും കീഴടക്കിയത്. ഈ പെൺകുട്ടിയുടെ നടപടിയെ ഉദാത്തമെന്നാണ് മുഖ്യമന്ത്രി പരസ്യമായി വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അതേ മാനസികാവസ്ഥ തന്നെയാണ് മാധ്യമ സമൂഹത്തിന്റെയും. കാരണം ഇക്കാര്യത്തിൽ ശക്തമായ നടപടിയുണ്ടാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് ഇത്രയധികം അവാർഡുകൾ വിതരണം ചെയ്യപ്പെട്ടിട്ടുളള വേറൊരു സംസ്ഥാനം ഇന്ത്യയിലും പ്രദേശം ലോകത്തുമുണ്ടാകാൻ വഴിയില്ല. ഈ ചോദ്യം വിശകലനം ചെയ്യപ്പെടുന്നതുപോലും സാധാരണ മനുഷ്യന്റെ സാമാന്യയുക്തിയെ ചോദ്യം ചെയ്യുന്നതാണ്. ആ ചോദ്യം കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് ഒന്നു ചിന്തിച്ചുനോക്കിയാൽ തെളിഞ്ഞുവരുന്ന അവസ്ഥ കാണുമ്പോൾ മനസ്സിലാക്കാം, കേരളത്തിൽ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരിടേണ്ടി വരുന്ന ബഹുമാനമില്ലായ്മയുടെയും ആക്രമങ്ങളുടെയും കാരണം.

 

ഒന്നുകൂടി ആവർത്തിക്കപ്പെടേണ്ടതാണ്, ഒരു സ്ത്രീക്കു നേരേ മാനഭംഗശ്രമമുണ്ടായാൽ മാനരക്ഷയ്ക്ക് വേണ്ടി ആ ആളെ കൊല്ലുക പോലും ചെയ്താൽ ന്യായീകരിക്കപ്പെടുമെന്നുള്ളത്. ഇവിടെ മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നു, നടപടി ആയല്ലോ ഇനി പിന്തുണയേ വേണ്ടതുള്ളുവെന്ന്. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് മറ്റാരുടേതിനേക്കാളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന ഒരാക്രമണത്തെ ചെറുക്കാൻ സ്ത്രീകൾക്ക് ധൈര്യം കൊടുക്കുകയല്ല, അക്രമം പ്രോത്സാഹിക്കപ്പെടുകയാണ് ഇവിടെ ചെയ്യപ്പെട്ടത്. ഹിംസയെ ആസ്വദിക്കുന്ന സംസ്‌കാരത്തിലേക്ക് നയിക്കലും.

 

ഇതിനെല്ലാമുപരി കേരളത്തിന് ഇന്ത്യയുടേതിൽ നിന്നും വിഭിന്നമായ ഭരണഘടനയും ക്രിമിനൽ നടപടിക്രമവുമുണ്ടോ. നടപടി ആയല്ലോ എന്നു പറയുമ്പോൾ മാനഭംഗത്തിന് കേരളത്തിലെ നടപടി ലിംഗഛേദമാണോ? മുഖ്യമന്ത്രി ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന വ്യക്തിയാണ്. ആ നിലയ്ക്ക് ഓരോ വാചകത്തിന്റെ പിന്നിലും സർക്കാർ തീരുമാനവും നിലപാടുമാണ് പ്രതിഫലിക്കേണ്ടതും പ്രതിഫലിക്കുന്നതും. ഇന്ത്യയിൽ ഇതുവരെ ലിംഗഛേദം ഒരു ശിക്ഷാ നടപടിയായി സ്വീകരിക്കപ്പെട്ടിട്ടില്ല എന്നും മുഖ്യമന്ത്രി ഓർക്കേണ്ടതായിരുന്നു. ഏതു കൊടിയ കുറ്റവാളിക്കും മനുഷ്യാവകാശവുമുണ്ടെന്നുള്ളതും മറക്കാൻ പാടില്ല.

 

ഇപ്പോൾ തന്നെ സ്ത്രീ സുരക്ഷയ്ക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ള പല നിയമങ്ങളും ദുരുപയോഗം ചെയ്യപ്പെടുകയും അത് സ്ത്രീകൾക്കു തന്നെ ദോഷമായി മാറുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ജോസ് തെറ്റയിൽ കേസ് അതിലെ പ്രധാനപ്പെട്ട ഒരു ഉദാഹരണം മാത്രം. ആ വാർത്ത സംപ്രേഷണം ചെയ്ത എല്ലാ മാധ്യമങ്ങൾക്കുമറിയാമായിരുന്നു, പരാതിക്കാരി തന്റെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി പ്രേരിപ്പിക്കുകയായിരുന്നുവെന്നത്. അതിനെ സാക്ഷ്യപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടുപോലും.

 

മുഖ്യധാരാമാധ്യമങ്ങൾ സൃഷ്ടിക്കുന്ന അതിവൈകാരികതകളിലാണ് പല കേസ്സുകളും കോടതിയിലെത്തുമ്പോൾ പരാജയപ്പെട്ടുപോകുന്നത്. ഈ കേസ്സിൽ ചിലപ്പോൾ കോടതിയിലെത്തിയാൽ വാദി പ്രതിയാകുന്ന രീതിയിലാകാനുമുളള സാധ്യതകളുണ്ട്. കാരണം മുഖ്യമന്ത്രി തന്നെ കുറ്റകൃത്യം ഉണ്ടായി ഏതാനും മണിക്കൂറുകൾക്കകം വിധി പ്രസ്താവിച്ച സ്ഥിതിക്ക് മാനഭംഗവുമായി ബന്ധപ്പെടുത്തിയായിരിക്കും പോലീസ് കുറ്റപത്രവും സമർപ്പിക്കാൻ സാധ്യത. മറിച്ച് ചെയ്യാൻ ഇന്നത്തെ ചിത്തഭ്രമാത്മകമായ കേരള സാമൂഹ്യാന്തരീക്ഷത്തിൽ സാധ്യത കുറവാണ്. മറിച്ചാണെങ്കിൽ പോലീസും കല്ലെറിയപ്പെടും. കൗമാരക്കാരിയായ പെൺകുട്ടി ചതിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതാണ് ഇവിടുത്തെ വിഷയം. മുറിക്കപ്പെട്ട ലിംഗവുമായിലെത്തിയ കപട സന്യാസി പറഞ്ഞത് താൻ സ്വയം മുറിച്ചതാണെന്നാണ്. ആ വേദനയിൽ പോലും അയാൾക്ക് ആൾക്കാരെ കബളിപ്പിക്കാനുള്ള കുറ്റവാസനയാണ് തെളിഞ്ഞുകാണുന്നത്. ഭാരതീയ സംസ്‌കൃതിയിൽ ആധ്യാത്മികതയുടെയോ സംന്യാസത്തിന്റെയോ ഭാഗമായി ഒരു ശാഖയിലും ഒരു മൊട്ടുസൂചികൊണ്ടുപോലും ശരീരത്തെ വേദനിപ്പിക്കണമെന്ന് പറയുന്നില്ല. മാത്രമല്ല, മൃദുവായി വേണം ഈ സത്യത്തിലേക്ക് അമരേണ്ടതെന്ന് കേരളത്തിന്റെ നവോത്ഥാനത്തിന് തുടക്കം കുറിച്ച ശ്രീനാരായണ ഗുരു പച്ച മലയാളത്തിൽ പറഞ്ഞു വച്ചിട്ടുമുണ്ട്. ഇയാൾ കപടനാണെന്നറിയാൻ വേറൊന്നും വേണ്ട.

 

കേരളത്തിലെ മുഖ്യമന്ത്രിയുൾപ്പടെയുള്ളവരുടെ വൈകാരിക ദൗർബല്യവും അതിൽ നിന്നുണ്ടാകുന്ന ഹിംസാ വാസനയും നിമിത്തം കോടതിയിൽ നിന്ന് ഈ കപട സന്യാസി നിഷ്പ്രയാസം ഊരിപ്പോകാനാണ് സാധ്യത. പുറത്തു വന്നാൽ ലിംഗം മുറിച്ചത് തന്റെ ആദ്ധ്യാത്മികതയുടെ മാറ്റ് കൂട്ടാൻ ഉപയോഗിച്ച് ജനങ്ങളെ വൻതോതിൽ വീണ്ടും കബളിപ്പിച്ചുകൊണ്ടിരിക്കും. കാരണം, കബളിപ്പിക്കൽ ആധ്യാത്മികതയ്ക്ക് നല്ല വളക്കൂറും കമ്പോളവുമുള്ള ഇടമാണ് കേരളം. കൂടാതെ രാസവളവും വെള്ളവും കീടനാശിനിയും വേണ്ടുവോളം മുഖ്യധാരാ മാധ്യമങ്ങൾ നൽകുകയും ചെയ്യും. മന്ത്രി സുധാകരന്റെ അവകാശവാദം തന്നെ തന്റെ കവിത വായിച്ചിട്ടാണ് യുവതി ലിംഗമറുത്തതെന്നാണ്.

 

ഇഷ്ടമില്ലാത്ത കാര്യങ്ങൾ എഴുതുന്നവരുടെ കൈ വെട്ടുക, ഇഷ്ടമില്ലാത്തതു സംസാരിക്കുന്നവരുടെ നാവറുക്കുക, രാഷ്ട്രീയമായി ഇഷ്ടമില്ലാത്തവരെ കൊല്ലുക തുടങ്ങിയ കലാപരിപാടികളുടെ തുടർച്ച അരങ്ങേറുവാനുള്ള നല്ല ഫലഭൂയിഷ്ടതയിലാണ് കേരളം. സ്ത്രീ ലിംഗം ഛേദിച്ചാൽ ഏതവസ്ഥയിലും ഉദാത്തമാകുന്ന സ്ഥിതിക്ക് താമസിയാതെ, പീഡനത്തിന്റെ പേരിൽ ഭർത്താക്കന്മാരുടെ ലിംഗവും ഛേദിച്ച് പോലീസ് സ്‌റ്റേഷനിലെത്തുന്ന വാർത്ത പതിവ് ആഘോഷവും ചാനൽ ചർച്ചാപൂരവും ആകാൻ  അധികം താമസമുണ്ടാകില്ല. പുതിയ മദ്യനയം കൂടി വരുമ്പോൾ ആ ആഘോഷം വൻപൂരത്തിന്റെ തലത്തിലേക്കും മാറിയേക്കും. ഏതു സാംസ്‌കാരികാധ:പതനവുമുണ്ടാകുമ്പോഴും അതിന്റെ തീവ്രമായ കെടുതികൾ ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്. അനാചാരമെന്ന സാംസ്‌കാരികാധ:പതനത്തിന്റെ ഇരകളാണ് ഇപ്പോൾ ലിംഗം ഛേദിച്ച യുവതിയും കുടുംബവും നേരിടുന്നത്. സ്ത്രീകളുടെ ദുരിതം കേരളത്തിൽ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തിൽ വർധിക്കുമെന്നുള്ളത് സാമാന്യയുക്തിയിൽ കാണാവുന്നതാണ്. കാരണം സംസ്‌കാരശൂന്യതയുടെ പ്രാഥമിക ലക്ഷണം വികാരം വിചാരത്തെ കീഴടക്കുന്നതാണ്. അത് കേരളത്തിൽ ഏതാണ്ട് പൂർണ്ണാവസ്ഥയിലെത്തിയിരിക്കുന്നു.

Tags: