Skip to main content

source

 

ഇന്ത്യന്‍ ഐ.ടി വ്യവസായ മേഖല നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിന്റെ വേളയിലാണ്. രാജ്യത്തിനകത്തും പുറത്തും ഒരേസമയം സംഭവിക്കുന്ന മാറ്റങ്ങള്‍ ഈ മേഖലയുടെ ദിശ ഇപ്പോഴുള്ളതില്‍ നിന്ന്‍ മാറി അകത്തേക്ക് തിരിക്കാന്‍ പര്യാപ്തമായതാണ്. 2016 നവംബര്‍ എട്ടിനെ ഈ വഴിത്തിരിവിന്റെ തുടക്കമായി കാണാം. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയതും യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതുമായ ദിവസം. പണരഹിത ഇടപാടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന നോട്ടസാധുവാക്കല്‍ നടപടി ഐ.ടി മേഖലയ്ക്ക് രാജ്യത്ത് തുറന്നുകൊടുക്കുന്ന അവസരങ്ങള്‍ ഇതിനകം തന്നെ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. ഇപ്പോള്‍ യു.സിലെ എച്ച്1ബി വിസ നിയന്ത്രണം ഈ അവസരങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധയര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഐ.ടി കമ്പനികളെ നിര്‍ബന്ധിതമാക്കും. ബജറ്റിന്‍റെ പത്ത് പ്രമേയങ്ങളില്‍ ഒന്നായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥ യാഥാര്‍ഥ്യമാകണമെങ്കിലും ഈ അകത്തേക്കുള്ള തിരിവ് അനിവാര്യമാണ്.

 

മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യത്തിന് മോദി നല്‍കുന്ന ഊന്നലിനേക്കാളും ഒരുപടി അധികമാണ് ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് യു.എസില്‍ ട്രംപ് നല്‍കുന്നത്. 2008-ലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന്‍ ഇനിയും പൂര്‍ണ്ണമായി കരകയറിയിട്ടില്ലാത്ത യു.എസില്‍ തൊഴില്‍ നഷ്ടം ഒരു പ്രധാന വിഷയവുമാണ്. വിസ നിയന്ത്രണത്തിലൂടെ സോഫ്റ്റ്‌വെയര്‍ സേവനമേഖലയിലെ പുറംകരാറിനെ ട്രംപ് ലക്ഷ്യം വെക്കുമ്പോള്‍ നഷ്ടം നേരിടേണ്ടി വരിക ടി.സി.എസും ഇന്‍ഫോസിസും വിപ്രോയും പോലുള്ള പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ക്ക് തന്നെയായിരിക്കും. എച്ച്1ബി തൊഴില്‍ വിസ അനുവദിക്കുന്നതിനുള്ള കുറഞ്ഞ ശമ്പളം 60,000 ഡോളര്‍ എന്നതില്‍ നിന്ന്‍ 1,30,00 ഡോളര്‍ ആയി വര്‍ധിപ്പിക്കാനാണ് യു.എസ് ഒരുങ്ങുന്നത്. എച്ച്1ബി വിസയിലൂടെ എത്തുന്നവരില്‍ 70 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. യു.എസ് തൊഴിലാളികള്‍ക്ക് പകരം കുറഞ്ഞ ശമ്പളത്തില്‍ വിദേശ തൊഴിലാളികളെ ഉപയോഗിക്കുന്നത് നഷ്ടകരമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം നല്‍കുന്ന 65000 വിസയില്‍ 20 ശതമാനം അന്‍പതോ അതില്‍ കുറവോ ജീവനക്കാരുള്ള കമ്പനികള്‍ക്ക് സംവരണം ചെയ്യാനും ആലോചനയുണ്ട്.

 

നാസ്കോമിന്റെ കണക്കനുസരിച്ച് ഐ.ടി-ബി.പി.ഒ വ്യവസായ മേഖലയുടെ 2015-ലെ ആകെ വരുമാനമായ 146 ബില്ല്യണ്‍ ഡോളറില്‍ 98 ബില്ല്യണും അഥവാ മൂന്നില്‍ രണ്ടും കയറ്റുമതി വരുമാനമാണ്. ഇന്ത്യയുടെ ജി.ഡി.പിയില്‍ ഐ.ടി-ബി.പി.ഒ വ്യവസായ മേഖലയുടെ സംഭാവനയാകട്ടെ 9.5 ശതമാനവുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഐ.ടി കമ്പനികളുടെ പ്രധാന വിപണിയായ യു.എസിന്റെ ഈ നീക്കം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ബാധിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ നോട്ടസാധുവാക്കല്‍ നടപടിയിലൂടെ രൂപപ്പെട്ട ഡിജിറ്റല്‍ അവസരങ്ങളിലേക്ക് ഇന്ത്യന്‍ കമ്പനികള്‍ ശ്രദ്ധ തിരിക്കേണ്ടത്‌ അനിവാര്യമാകുന്നു. നോട്ടസാധുവാക്കല്‍ നടപടിയുടെ ഒരു അനന്തര ഫലം പണരഹിത ഇടപാടുകളെ സംബന്ധിച്ച വര്‍ധിച്ച അവബോധമാണ്. പണം ബാങ്ക് അക്കൌണ്ടുകളിലേക്ക് വരികയും ധനകാര്യ ഇടപാടുകള്‍ ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങളിലേക്ക് മാറുകയും ചെയ്യുമ്പോള്‍ അഴിമതിയുടേയും കള്ളപ്പണത്തിന്റേയും സാധ്യതകള്‍ വളരെയധികം കുറയുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് ഇനിയും സജ്ജമാകേണ്ടിയിരിക്കുന്നു. ബജറ്റില്‍ അരുണ്‍ ജെയ്റ്റ്ലി ഈ ദിശയിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. വ്യാപാരികള്‍ക്കായുള്ള ആധാര്‍ പേ, ഭീം ആപ്പിനുള്ള പ്രോത്സാഹന നടപടികള്‍, 2017-18-ല്‍ ലക്ഷ്യമിടുന്ന 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍, 2017 മാര്‍ച്ചിനകം പത്ത് ലക്ഷം പോയന്‍റ് ഓഫ് സെയില്‍ ടെര്‍മിനലുകളുടെ വില്‍പ്പന തുടങ്ങിയവ.

 

ലോക ഐ.ടി-ബി.പി.ഒ വ്യവസായ മേഖലയുടെ 55 ശതമാനം വിപണി പങ്കാളിത്തവുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലെ ഐ.ടി അധിഷ്ടിത സേവന വ്യവസായ മേഖലയ്ക്ക് സര്‍ക്കാറിന്റെ ശ്രമങ്ങളെ പൂര്‍ണ്ണതയിലെത്തിക്കാനുള്ള കരുത്തുണ്ട്. ഇതിനകം തന്നെ വരുമാനത്തിലും ലാഭത്തിലും ഇടിവ് നേരിടുന്ന ഇന്ത്യന്‍ ഐ.ടി കമ്പനികള്‍ക്ക് ആഭ്യന്തര വിപണിയിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് എല്ലാ അര്‍ഥത്തിലും അനിവാര്യമാകുകയാണ്. ജീവിതത്തിന്റെ സമസ്ത മേഖലകളും സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്‍റെ പതാകാവാഹകരായും ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയില്‍ അതിന്റെ ആധാരവുമായി നില്‍ക്കേണ്ട മേഖലയാണ് ഐ.ടി അധിഷ്ടിത സേവന വ്യവസായ മേഖല. അതിലെ സാമൂഹ്യ ഉത്തരവാദിത്വത്തേക്കാളും വലിയ ഒന്നും ഒരു സി.എസ്.ആര്‍ പദ്ധതിയിലും ഇല്ല താനും.