സാമൂഹ്യവിരുദ്ധരായ വിദ്യാർഥികൾ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായാൽ അവരെ സാമൂഹ്യവിരുദ്ധരാക്കി പുറം തള്ളുക എളുപ്പമാണ്. എന്നാൽ കലാലയത്തിന്റെ പശ്ചാത്തലമുപയോഗിച്ച് അവരിലെ ഊർജ്ജത്തെ ക്രിയാത്മകമായി തിരിച്ചുവിടുക എന്നതാണ് അവിടത്തെ അദ്ധ്യാപകരുടെയും പ്രിൻസിപ്പലിന്റെയുമൊക്കെ ഉത്തരവാദിത്വം. വീട്ടിലും സമൂഹത്തിലും പൊതുവെ വ്യക്തിത്വവികാസത്തിന് അനുയോജ്യമായ സാഹചര്യമല്ല വർത്തമാനകാലത്തിലുള്ളത്. അതിനാൽ കലാലയമുൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ഏറുകയും ചെയ്യുന്നു.
വൃത്തികേടുകളെയും അരുതായ്മകളെയും കാൽപ്പനികവൽക്കരിക്കുന്ന രീതിയിലുള്ള സാംസ്‌കാരിക സാന്നിദ്ധ്യമാണ് മാദ്ധ്യമങ്ങളിലൂടെ എപ്പോഴും സമൂഹത്തിലേക്ക് സന്നിവേശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതറിയാൻ മാദ്ധ്യമങ്ങൾ സിനിമയേയും സിനിമാ താരങ്ങളേയും ഉപയോഗിച്ചുകൊണ്ട് അവരുടെ പ്രവർത്തനം നടത്തുന്നതു നോക്കിയാൽ മതി. മാദ്ധ്യമങ്ങളിലൂടെ, വിശേഷിച്ചും സിനിമകളിലൂടെ, പ്രചരിക്കപ്പെട്ടിരിക്കുന്ന കാമ്പസ് ജീവിതമെന്നു വെച്ചാൽ തെമ്മാടിത്തരങ്ങളിൽ മാത്രം ഏർപ്പെടുന്ന നായകന്റെ വീരപരിവേഷങ്ങളാണ്. അതിന്റെ സ്വാധീനം സ്വാഭാവികമായും യുവതലമുറയിൽ പ്രതിഫലിക്കും.
വിദ്യാർഥികളുടെ ഭാഗത്ത് എത്ര തന്നെ കുറ്റം ഉണ്ടെങ്കിൽ തന്നെയും കോളേജിന്റെ ചുമരിൽ എഴുത്തു നടത്തിയതിന് അഞ്ച് വിദ്യാർഥികളെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ച് ജയിലിലടച്ച മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ നടപടി ഉചിതമായില്ല. പ്രിൻസിപ്പൽ എൻ.എൽ. ബീനയ്ക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ടായിരിക്കും. എന്നിരുന്നാലും പ്രാഥമികമായി പ്രിൻസിപ്പലിന് വിദ്യാർഥികളിൽ ഗുണപരമായ സ്വാധീനം ചെലുത്താൻ കഴിയാതെ വന്നതിന്റെ നല്ല ഉദാഹരണമാണിത്. മികവിന്റെ കേന്ദ്രമായി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ പാതയിലൂടെ നീങ്ങുമ്പോഴാണ് മഹാരാജാസിൽ ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയത്. ആർക്കും ആരെയും അനുകരിച്ച് അവരെപ്പോലെ ആകാൻ കഴിയില്ല. എന്നിരുന്നാലും ചില വ്യക്തിത്വങ്ങളെ വേറിട്ടതാക്കുന്നതിലെ ഘടകങ്ങൾ എന്തൊക്കെയാണെന്ന് പഠിക്കേണ്ടതു തന്നെയാണ്. അവിടെ പ്രിൻസിപ്പലായിരുന്ന കെ.എന്‍ ഭരതൻ സാർ ഒരുദാഹരണം. അദ്ദേഹത്തിനെ പലരും കണ്ടിട്ടില്ല. എന്നാൽ ഇപ്പോഴും അവിടുത്തെ പൂർവ്വവിദ്യാർഥികളിലൂടെ അദ്ദേഹം വളരെ സജീവമായി നിലനിൽക്കുന്നു. അതുപോലെ പ്രഗത്ഭമതികളായ ധാരാളം പ്രിൻസിപ്പൽമാർ കേരളത്തിലെ കലാലയങ്ങളിലുണ്ടായിട്ടുണ്ട്. കൊല്ലം എസ്.എൻ കോളേജിലെ പ്രിൻസിപ്പലായിരുന്ന ഡോ.എം.ശ്രീനിവാസൻ മറ്റൊരാള്‍. തന്റെ കുട്ടികളെ പോലീസ് മർദ്ദിക്കുന്നത് കണ്ട് പോലീസിനെ ആട്ടിയോടിച്ചുകൊണ്ട് കലാലയമുറ്റത്തേക്കിറങ്ങിയ അദ്ദേഹത്തിന് ലാത്തിയടിപോലും ഏറ്റ സംഭവമുണ്ടായിട്ടുണ്ട്. അദ്ദേഹം ചിലപ്പോൾ പരസ്യമായി തന്നെ വിദ്യാർഥികളെ തല്ലിയിട്ടുമുണ്ട്. എന്നാൽ തല്ലു കൊണ്ടവർക്കും കണ്ടവർക്കും ഒരിക്കലും പരിഭവമുണ്ടായിട്ടില്ല. അവരെ പിന്നീട് കൂടുതൽ സ്‌നേഹിച്ച് ജീവിതത്തിന്റെ വഴിയിലേക്ക് തെളിച്ചുവിടുകയായിരുന്നു.
ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരു കലാലയത്തിന്റെ മേധാവിക്ക് വിദ്യാർഥികളിൽ ചെലുത്താൻ കഴിയുന്ന സ്വാധീനമാണ്. ഇന്ന് അൽപ്പം സ്‌നേഹം കാട്ടിയാൽ മധുരത്തിൽ ഈച്ച പൊതിയുന്നതു പോലെ വിദ്യാർഥികൾ പൊതിയുന്ന കാലഘട്ടവുമാണ്. ഒരു വനിത കൂടിയായ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ അൽപ്പം കൂടി സ്‌നേഹവായ്പ് തന്റെ കുട്ടികളോട് കാണിക്കേണ്ടതായിരുന്നു. അവരെ ജയിലിലടയ്ക്കുന്നതിനു പകരം അവരെ കീഴടക്കുകയായിരുന്നു വേണ്ടത്. കായികമായിട്ടാണെങ്കിലും സ്‌നേഹം കൊണ്ടാണെങ്കിലും മറ്റുള്ളവരെ കീഴടക്കണമെങ്കിൽ ശക്തി വേണം.
സ്‌നേഹം നിറയുമ്പോൾ മാത്രമേ സർഗ്ഗാത്മകത അല്ലെങ്കിൽ സൃഷ്ടിപരത സംഭവിക്കുകയുളളു. അപ്പോഴാണ് ഒരു പ്രശ്‌നത്തിന് ഒരു പരിഹാരം മാത്രമേ ഉള്ളുവെന്ന ധാരണയിൽ മാറ്റം വരികയുള്ളു. കോളേജിലെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന കുട്ടികളുണ്ടെങ്കിൽ അവരെ മനസ്സിലാക്കി അവർ തിരിച്ചറിയാത്ത വിധത്തിൽ അവരുമായി സൗഹൃദം സ്ഥാപിച്ച് അവരെ ഒരുപക്ഷേ ആ കലാലയത്തിലെ ഏറ്റവും മികച്ച വിദ്യാർഥികളാക്കാൻ കഴിയും. ഊർജ്ജം കൂടുതലുള്ള വിദ്യാർഥികളായിരിക്കും ഈ പ്രായത്തിൽ അച്ചടക്കരാഹിത്യങ്ങൾ കാട്ടുന്നത്. ആ ഊർജ്ജത്തെ സർഗ്ഗാത്മകമാക്കി തിരിച്ചുവിടുമ്പോഴാണ് ഒരു പ്രിൻസിപ്പലിന് ആ സ്ഥാനത്തിന്റെ ഉത്തരവാദിത്വത്തിന് ഒത്ത് ഉയരാൻ കഴിയുക. അല്ലെങ്കിൽ വെറുമൊരു സാധാരണ സ്ഥാപനം നടത്തിപ്പുകാരായി അവർ ചുരുങ്ങിപ്പോകും. അത് സമൂഹത്തിന് വലിയ ദോഷം ചെയ്യുന്നതുമായിരിക്കും.